ADVERTISEMENT

ഇംഗ്ലണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് സട്ടണ്‍ ഹൂ. മധ്യകാല സംസ്‌കാര കേന്ദ്രമായിരുന്ന സട്ടണ്‍ ഹൂവിനെ അധികരിച്ച് നെറ്റ്ഫ്‌ളിക്‌സില്‍ ദ ഡിഗ് എന്ന പേരില്‍ ഒരു പരമ്പരയും വന്നിട്ടുണ്ട്. ഒരു കപ്പലടക്കം നിരവധി വിചിത്രവസ്തുക്കള്‍ ഈ സംസ്‌കാര കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് പ്രധാനമായി അടക്കം ചെയ്തത് ആരെയാണെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഇത് നിഗൂഢതകളുടെ ശവകുടീരമാണെന്ന് വാദിക്കുന്നവരുമുണ്ട്.

 

1939ല്‍ പുരാവസ്തു ഗവേഷകനായ ബാസില്‍ ബ്രൗണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സട്ടണ്‍ ഹൂ സംസ്‌ക്കാര കേന്ദ്രത്തെ കണ്ടെത്തുന്നത്. കിഴക്കന്‍ ഇംഗ്ലിഷ് സാമ്രാജ്യത്തിലെ പ്രധാന രാജാക്കൻമാരില്‍ ഒരാളായിരുന്ന റേഡ്‌വാള്‍ഡിന്റേതാണ് സട്ടണ്‍ ഹൂവിലെ ഈ കപ്പല്‍ സംസ്‌ക്കാരകേന്ദ്രമെന്ന വാദം ശക്തമാണ്. എഡി 627ലാണ് റേഡ്‌വാള്‍ഡ് മരിച്ചതെന്ന് കരുതപ്പെടുന്നു. ഈ കാലഘട്ടത്തിലെ ചരിത്രരേഖകള്‍ ചുരുക്കമാണെന്നതുകൊണ്ടുതന്നെ ലഭ്യമായ ഊഹങ്ങളില്‍ പ്രധാനം റേഡ്‌വാള്‍ഡ് രാജാവിന്റേതാണെന്നേ കരുതാനാവൂ. കപ്പലിനകത്തെ സംസ്‌ക്കാര കേന്ദ്രത്തില്‍ നിന്നും ആരുടേയും ഭൗതികാവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നതാണ് ഗവേഷകരെ ഇക്കാര്യത്തില്‍ കൂടുതല്‍ ഇരുട്ടിലാക്കുന്നത്.

 

ബ്രിട്ടനിലെ ഏറ്റവും പ്രധാനമായ പൂരാവസ്തു കണ്ടെത്തലായി സട്ടണ്‍ ഹൂവിനെ വിശേഷിപ്പിക്കുന്നവര്‍ നിരവധിയാണ്. ഈ ശവസംസ്‌ക്കാര കേന്ദ്രത്തില്‍ നിരവധി അറകളുണ്ട്. ഇതിലെ പ്രധാന അറയിലെ അവശിഷ്ടങ്ങള്‍ കൂടുതലും മോഷണം പോയതായാണ് കരുതപ്പെടുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാന സംസ്‌കാര കേന്ദ്രമായി കരുതപ്പെടുന്നത് ഏതാണ്ട് 88.6 അടി നീളം വരുന്ന കപ്പലാണ്. ഇതിലാണ് റേഡ്‌വാള്‍ഡ് രാജാവിനെ സംസ്‌ക്കരിച്ചതായി കരുതപ്പെടുന്നത്. ഈ കപ്പലില്‍ നിന്നു മാത്രം 263 പുരാവസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്.

 

സട്ടണ്‍ ഹൂവില്‍ നിന്നും കണ്ടെത്തിയ പുരാവസ്തുക്കളില്‍ പാമ്പുകളുടെ രൂപങ്ങള്‍ കൊത്തിയ സ്വര്‍ണ ബെല്‍റ്റ്, വേട്ടമൃഗങ്ങളും പക്ഷികളും, വെള്ളി നാണയങ്ങള്‍, രത്‌നം പതിപ്പിച്ച വാളുകള്‍, സ്വര്‍ണ ഉടുപ്പിലെ അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുമുണ്ട്. റേഡ്‌വാള്‍ഡിന്റെ കാലത്തെ നാണയങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ ശവകുടീരമാണിതെന്ന് വാദിക്കുന്നവരുടെ പ്രധാന വാദം. അതേസമയം, റേഡ്‌വാള്‍ഡിന്റെ മകന്‍ ഓര്‍പ്‌വാള്‍ഡിന്റെ അന്തിമ വിശ്രമകേന്ദ്രമായിരുന്നു ഇതെന്ന വാദവും ഉണ്ട്. എന്നാൽ, രാജാക്കന്മാരല്ലാതെ അന്നത്തെ കാലത്ത് സമൂഹത്തിന്റെ ഉന്നതസ്ഥാനത്തുണ്ടായിരുന്ന മറ്റേതെങ്കിലും വ്യക്തികളുടെ സംസ്‌ക്കാരകേന്ദ്രമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 

സട്ടണ്‍ ഹൂവിന്റെ വിശധമായ ഭൂപടം തയാറാക്കുന്നതിന് ലേസറുകള്‍ ഉപയോഗിച്ചുള്ള ലിഡാര്‍ പരിശോധനകള്‍ക്ക് അടുത്തിടെ പുരാവസ്തു ഗവേഷകര്‍ തുടക്കം കുറിച്ചിരുന്നു. എങ്ങനെയാണ് സട്ടന്‍ ഹൂവിന്റെ നിര്‍മാണം തുടങ്ങി പല വിവരങ്ങളും ഇതുവഴി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. സട്ടണ്‍ഹൂവിലെ കപ്പലില്‍ ആരെയാണ് സംസ്‌കരിച്ചതെന്ന് ഒരുപക്ഷേ ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. എങ്കില്‍ പോലും ഇംഗ്ലണ്ടിലെ ഈ സുപ്രധാന പുരാവസ്തു കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ഓരോ വിവരങ്ങളും അമൂല്യമാണെന്നാണ് പുരാവസ്തുഗവേഷകര്‍ കരുതുന്നത്.

 

English Summary: Who was buried at Sutton Hoo?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com