sections
MORE

ചൊവ്വ തൊട്ട് പെഴ്സിവീയറൻസ്; ഇനി ശ്രദ്ധമുഴുവൻ ആ കുഞ്ഞു ഹെലികോപ്റ്ററിലേക്ക്

mars-nasa
SHARE

നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസിന് വിജയകരമായ ലാൻഡിങ്. ഇന്ത്യൻ സമയം, ഇന്നു പുലർച്ചെ 2.28നാണു റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള ‘നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ’ എന്നറിയപ്പെടുന്ന ദുഷ്കരയാത്ര നവീന  സാങ്കേതികവിദ്യയാലാണ് 270 കോടി യുഎസ് ഡോളർ ചെലവുള്ള ദൗത്യം തരണം ചെയ്തത്.ജെസീറോയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.

അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തി‍ൽ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു.അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിർത്തി.വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു.തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.

ഇറങ്ങുന്നതിനു 12 സെക്കൻഡ് മുൻപായി ‘സ്കൈ ക്രെയ്ൻ മനൂവർ’ ഘട്ടം തുടങ്ങി. റോവറിനെ വഹിച്ച്, റോക്കറ്റ് എൻജിനുകൾ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തിൽ നിന്നു വേർപെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താൽ റോവറിനെ താഴേക്കിറക്കി. തുടർന്ന് കേബിളുകൾ വേർപെട്ടു. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. അനുയോജ്യമായ സമയത്ത് ഇതു പറത്തും.

2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറൻസ്.സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.

∙ ചൊവ്വയുടെ ആകാശത്ത് പറക്കാൻ ഇൻജെന്യൂയിറ്റി

ഇതുവരെ നാസയിൽ പോയ ദൗത്യങ്ങൾ പലതാണ്. നമ്മുടെ മംഗൾയാനെപ്പോലുള്ള ഉപഗ്രഹദൗത്യങ്ങൾ ചൊവ്വയെ ഭ്രമണം ചെയ്തു നിരീക്ഷണങ്ങൾ നടത്തി. യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളയച്ച ലാൻഡർ ദൗത്യങ്ങൾ ചൊവ്വയുടെ മണ്ണിലിറങ്ങി അവിടെ ഒരു സ്ഥാനത്ത് ഉറച്ചിരുന്നു കൊണ്ട് പരിശോധന നടത്തിയിട്ടുണ്ട്. സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി തുടങ്ങിയ റോവറുകൾ ചൊവ്വാഗ്രഹത്തിൽ അങ്ങിങ് ഓടി നടന്നു വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഇപ്പോൾ ചൊവ്വയിലിറങ്ങിയ പെഴ്സിവിറൻസ്. റോവർ എന്ന അടിസ്ഥാനദൗത്യം അല്ലാതെ വലിയൊരു മാജിക്ക് കൂടി പെഴ്സിവിറൻസ് കാണിക്കാനിരിക്കുകയാണ്. തന്നോടൊപ്പമുള്ള ഒരു ഹെലികോപ്റ്ററിനെ ചൊവ്വയുടെ ആകാശത്തേക്കു പറത്തിവിടുക എന്നൊരു ദൗത്യം കൂടി നിറവേറ്റാനുണ്ട്. ഇത് വൈകാതെ തന്നെ നടക്കുമെന്നാണ് കരുതുന്നത്.

ചൊവ്വയുടെ ആകാശത്ത് പറക്കാൻ പോകുന്ന ആദ്യ മനുഷ്യനിർമിത വസ്തുകൂടിയായ ആ ഹെലികോപ്റ്ററിന്റെ പേരാണ് ഇൻജെന്യൂയിറ്റി. ഹെലികോപ്റ്റർ എന്നൊക്കെ കേട്ട് വലിയ എന്തോ സംഭവമാണെന്നു കരുതേണ്ട. വെറും 1.8 കിലോ മാത്രമാണ് ഈ ഇത്തിരിക്കുഞ്ഞന്റെ ഭാരം. വലിയ ഒരു ലക്ഷ്യവുമായാണ് ഇൻജെന്യൂയിറ്റി ചൊവ്വയിലെത്തിയത്. ചൊവ്വയിൽ പറക്കൽ സാധ്യമാണോയെന്ന് അറിയുക. പണ്ട് കാലത്ത് ഭൂമിയിൽ വിമാനം പറത്താ‍ൻ സാധ്യമാണോയെന്ന് റൈറ്റ് സഹോദരൻമാർ പരിശോധിച്ചത് ഒരു ചെറുവിമാനം പറത്തിക്കൊണ്ടാണ്. ഇതേ ദൗത്യമാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ചെയ്യാൻ പോകുന്നത്. മറ്റൊരു ഗ്രഹത്തിൽ ഇതാദ്യമായാകും ഊർജം ഉപയോഗിച്ചുള്ള ഒരു പറക്കൽ നടക്കുന്നത്.

∙ റോവറിന്റെ സംരക്ഷണയിൽ

മിനിറ്റിൽ 2400 തവണ കറങ്ങുന്ന രണ്ട് റോട്ടറുകളാണ് ഇൻജെന്യൂയിറ്റിക്കുള്ളത്. ഭൂമിയിലെ ഹെലികോപ്റ്ററുകളേക്കാൾ റോട്ടർ സ്പീഡ് കൂടുതലാണ് ഇതിന്. ഇൻജെന്യൂയിറ്റിയുടെ ഓരോ റോട്ടറിലും കാർബൺ ഫൈബറിൽ തീർത്ത നാലു ബ്ലേഡുകൾ. റോവറിൽ നിന്നു ഊർജം ശേഖരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻജെന്യൂയിറ്റിയിൽ പക്ഷേ മറ്റു ശാസ്ത്ര ഉപകരണങ്ങളൊന്നുമില്ല. ചൊവ്വയിൽ പറക്കൽ സാധ്യമാണോയെന്നു മാത്രം പരിശോധിക്കാനാണ് ഇതെന്നുള്ളതു കൊണ്ടാണിത്. എന്നാൽ ഹെലികോപ്റ്ററിൽ രണ്ടു ക്യാമറകളുണ്ട്. ചൊവ്വയുടെ കുറച്ച് കിടിലൻ ഏരിയൽ ഷോട്ടുകൾ ഇൻജെന്യൂയിറ്റി നമുക്കെടുത്തു തരും.

പെഴ്സിവിറൻസ് റോവറിനൊപ്പമാണ് ഇൻജെന്യൂയിറ്റിയും ചൊവ്വയിൽ ലാൻഡ് ചെയ്തത്. അന്നേരമുണ്ടായ വിവിധ ആഘാതങ്ങളിൽ നിന്നു റോവർ ഹെലികോപ്റ്ററിനെ സംരക്ഷിച്ചു. ഒരു കംഗാരു തന്റെ കുട്ടിയെ സംരക്ഷിക്കുന്നതു പോലെ എന്നാണ് അറിയുന്നത്. രണ്ടുമാസത്തോളം ഇൻജെന്യൂയിറ്റിയെ പെഴ്സിവിറൻസ് തന്റെ ശരീരത്തോടു ചേർത്തു കൊണ്ടു നടക്കും. ഏപ്രിൽ മധ്യത്തോടെ പറ്റിയ സ്ഥലം കണ്ടെത്തിയ ശേഷം ഹെലികോപ്റ്ററിനെ പറക്കാൻ വിടും.

∙ പറക്കുമോ ഇല്ലയോ

ഇൻജെന്യൂയിറ്റിയുടെ ചൊവ്വയിലെ പറക്കൽ ദൗത്യം വിചാരിക്കുന്നതു പോലെ അത്ര എളുപ്പമാകില്ല. ഭൂമിയെ അപേക്ഷിച്ച് വളരെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയിൽ. കൃത്യമായി പറഞ്ഞാൽ ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം സാന്ദ്രത മാത്രം. ഇത്തരമൊരു സാഹചര്യത്തിൽ പറക്കൽ വളരെ ദുഷ്കരമാകും. 2400 ആർപിഎം എന്ന വളരെയുയർന്ന റോട്ടർ വേഗമൊക്കെ ഇൻജെന്യൂയിറ്റിക്കു നൽകിയിരിക്കുന്നത് ഇതിനെ തരണം ചെയ്യാനാണ്.

പെഴ്സിവറൻസ് ഇറങ്ങുന്ന ചൊവ്വയിലെ ജെസീറോ ക്രേറ്റർ എന്ന മേഖലയിൽ കൊടുംതണുപ്പാണ് ഇപ്പോൾ.മൈനസ് 90 ഡിഗ്രിയാണ് ഇവിടെ ഇപ്പോഴുള്ള താപനില. ഇതും ഇൻജെന്യൂയിറ്റിയുടെ പറക്കലിനെ ബാധിക്കുക. പെഴ്സിവിറൻസാകും ഇൻജെന്യൂയിറ്റിയുടെ പറക്കൽ നിയന്ത്രിക്കുകയെങ്കിലും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്.

മൊത്തം അഞ്ചുതവണ ചൊവ്വയിൽ വച്ച് ഇൻജെന്യൂയിറ്റിയെ പറത്താനാണ് നാസയുടെ പദ്ധതി. ഓരോ പറക്കലും 90 സെക്കൻഡ് നീണ്ടു നിൽക്കും. ആകെ 330 അടി ദൂരം ഹെലികോപ്റ്റർ പറക്കുമെന്നാണു വിലയിരുത്തൽ. ഇതു വിജയകരമായാൽ ഭാവിയിലെ ദൗത്യങ്ങളിൽ റോവറുകൾക്കൊപ്പം ഇത്തരം ഹെലികോപ്റ്ററുകളും വിമാനങ്ങളുമൊക്കെ സ്ഥാനം പിടിക്കും. നിലവിൽ ചൊവ്വയിലേക്ക് ഒരു വലിയ ഹെലിക്കോപ്റ്റർ ദൗത്യത്തിനു നാസ പദ്ധതിയിടുന്നുണ്ട്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്കു നാസ 2029ൽ വിക്ഷേപിക്കുന്ന ഡ്രാഗൺ ഫ്ലൈ ദൗത്യവും പറക്കുംദൗത്യമാണ്.

∙ വനീസ നൽകിയ പേര്

അമേരിക്കയിലെ അലബാമയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥിയായ വനീസ രൂപാണിയാണ് ഹെലികോപ്റ്ററിന് ഇൻജെന്യൂയിറ്റിയെന്നു പേരു നൽകിയത്.ഇന്ത്യൻ വംശജയാണ് 17 വയസ്സുകാരിയായ വനീസ. പെഴ്സിവിറൻസ് റോവറിനു പേരു ക്ഷണിച്ചു കൊണ്ട് നാസ ഒരു വലിയ ക്യാംപെയ്ൻ നടത്തിയിരുന്നു. അതിലേക്കാണ് വനീസ പേരു നൽകിയത്. എന്നാൽ ഈ പേര് റോവറിനേക്കാൾ ചേരുക ഹെലികോപ്റ്ററിനാണെന്നു തിരിച്ചറിഞ്ഞാണു നാസ അധികൃതർ ഈ പേരു നൽകാൻ തീരുമാനമെടുത്തത്.

English Summary: NASA Wants to Fly Ingenuity Helicopter on Mars for the First Time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA