ചൊവ്വാ ദൗത്യത്തിന്റെ പേരില്‍ കോടികള്‍ പൊടിക്കുന്ന നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യുൻബെർഗ്. നാസയുടെ പേടകമായ പെഴ്‌സിവീയറൻസ് ചൊവ്വയില്‍ വിജയകരമായി ഇറങ്ങിയ സന്ദര്‍ഭത്തിലാണ് ഗ്രേറ്റയുടെ കുറിക്കുകൊള്ളുന്ന വിമര്‍ശനം. ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ച് 18 കാരിയായ ഗ്രേറ്റ പുറത്തിറക്കിയ ചെറു പരസ്യവിഡിയോയാണ് ശ്രദ്ധ നേടുന്നത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഭൂമിയിലെ 99 ശതമാനത്തിന് വിട്ട് അതിസമ്പന്നരായ ഒരുശതമാനം പേര്‍ ചൊവ്വയിലേക്ക് രക്ഷപ്പെടുമെന്നാണ് ഈ ആക്ഷേപഹാസ്യ പരസ്യത്തില്‍ പറയുന്നത്.
മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ശ്വാസം നിലച്ചുപോകുന്നത്രയും സൗന്ദര്യമുള്ള നിരവധി കാഴ്ച്ചകളുള്ള പ്രദേശമായാണ് ചൊവ്വയെ പരസ്യത്തില്‍ വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സമ്മര്‍ദമില്ലാതെ പുതു ജീവിതം ആരംഭിക്കാന്‍ പറ്റിയ സ്ഥലമാണ് ചൊവ്വ. ഇത്തരം അന്യഗ്രഹ ദൗത്യങ്ങളിലെ വിഡ്ഢിത്തത്തെ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു വിഡിയോ പുറത്തിറക്കിയതെന്നാണ് ഗ്രേറ്റയുടെ ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ (എഫ്എഫ്എഫ്) സംഘടനയുടെ വക്താവ് പറയുന്നത്. നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യത്തിനായി ഏതാണ്ട് 2.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 19,600 കോടി രൂപ) ചെലവ് വന്നുവെന്നാണ് കരുതപ്പെടുന്നത്.
മലിനീകരണമോ യുദ്ധങ്ങളോ പകര്‍ച്ചവ്യാധികളോ ഇല്ലാത്ത ലോകമെന്നാണ് പരസ്യത്തില്‍ ചൊവ്വയെ വിശേഷിപ്പിക്കുന്നത്. 50 ലക്ഷം വര്‍ഷങ്ങള്‍ നീണ്ട ഭൂമിയിലെ വാസത്തിന് മനുഷ്യനു മാറ്റം വരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും 5.6 കോടി ചതുരശ്രമൈല്‍ നീണ്ടു പരന്നുകിടക്കുന്ന ചൊവ്വയാണ് പുതിയ ലോകമെന്നും വിഡിയോ പറയുന്നു. പരമമായ സ്വാതന്ത്ര്യമാണ് ചൊവ്വ വാഗ്ദാനം ചെയ്യുന്നതെന്നും വിഡിയോയില്‍ വിവരിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതിന് കൗമാരക്കാരിയായ ഗ്രെറ്റ ട്യൂണ്‍ബെര്‍ഗ് 2018ലാണ് എഫ്എഫ്എഫ് എന്ന സംഘടന ആരംഭിക്കുന്നത്. പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ ഗ്രേറ്റ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സന്ദേശം ഉയര്‍ത്തിക്കൊണ്ട് നിരവധി ലോകരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. നാസയുടെ പുതിയ ചൊവ്വാ ദൗത്യത്തെ തന്നെ തന്റെ ആശയ പ്രചാരണത്തിനുള്ള അവസരമായാണ് ഗ്രേറ്റ കാണുന്നത്. ഭൂമിയിലുള്ള 99 ശതമാനം പേരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിട്ടിട്ടാണ് ഒരു ശതമാനം അതിസമ്പന്നര്‍ ചൊവ്വയിലേക്ക് പോകാന്‍ ഒരുങ്ങുന്നതെന്നാണ് വിഡിയോയില്‍ അവസാനമായി പറയുന്നത്.
2026 ആകുമ്പോഴേക്കും മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്നാണ് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു ശതകോടീശ്വരനായ ജെഫ് ബെസോസും തന്റെ കമ്പനിയായ ബ്ലൂ ഒറിജിന്‍ വഴി ചൊവ്വാ യാത്ര സ്വപ്‌നം കാണുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബഹിരാകാശ ടൂറിസത്തിനും വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് ഏതാനും മിനിറ്റുകള്‍ കൊണ്ടുപോയി സഞ്ചാരികളെ കൊണ്ടുവരുന്ന പദ്ധതി റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗാലക്ടിക് അവതരിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 2.50 ലക്ഷം ഡോളറാണ് ഒരു ബഹിരാകാശ വിനോദസഞ്ചാരിയില്‍ നിന്നും യാത്രക്കായി ഈടാക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ വ്യക്തികളെ കൊണ്ടുപൊകുന്ന പദ്ധതി സ്‌പേസ് എക്‌സും ആക്‌സിയോമും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 400 കോടി രൂപയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പോയി വരാന്‍ സ്വകാര്യ കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ടിക്കറ്റ് വില.
English Summary: Greta Thunberg's 'Fridays for Future' Releases Video Mocking Govt's Spend on Mars Exploration