sections
MORE

അറിഞ്ഞിരിക്കണം... വാക്‌സീനെടുക്കാന്‍ റജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ? വാക്സീനേഷൻ എവിടെ ലഭിക്കും?

sinofarm-vaccine
SHARE

രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും വാക്‌സീന്‍ നല്‍കിക്കഴിഞ്ഞതോടെ പൊതുജനത്തിനും കുത്തിവയ്പ് തുടങ്ങി. ഇപ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും (60 വയസിനു മുകളില്‍ പ്രായമുള്ളവര്‍), 45 വയസിനു മുകളില്‍ പ്രായമുള്ള മറ്റ് അസുഖങ്ങള്‍ (comorbidiites) ഉള്ളവര്‍ക്കുമാണ് അവസരം നൽകിയിരിക്കുന്നത്. ഇതിനു പാലിക്കേണ്ട നടപടിക്രമങ്ങള്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും എന്‍എച്എയുടെയും വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലെ മുതിര്‍ന്നവര്‍ക്കോ വാക്‌സീനെടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കാം. വാക്‌സീന്‍ വിതരണത്തിന്റെ അടുത്ത ഘട്ടത്തിലും ഇതു തന്നെ ആയിരിക്കാം നടപടിക്രമങ്ങള്‍ എന്നതിനാല്‍ ഇത് അറിഞ്ഞുവയ്ക്കുന്നത് ഉപകാരപ്രദമായിരിക്കും.

∙ കോവിന്‍ ആപ് ഇല്ലല്ലോ?

കോവിന്‍ ആപ്പിലൂടെയാണ് റജിസ്‌ട്രേഷന്‍ എന്നൊരു പ്രചാരണം ഉണ്ട്. പലരും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ സേര്‍ച്ചു ചെയ്യുന്നുണ്ട്. പക്ഷേ, ആപ് കണ്ടെത്താനാകുന്നില്ല. കാരണം അങ്ങനെ ഒരു ആപ്പ് ഈ നിമിഷം വരെ പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടില്ല. അത് ഉദ്യോഗസ്ഥര്‍ക്കുള്ളതാണ്. എന്നാല്‍, കോവിന്‍ സംവിധാനം മറ്റൊരു ആപ്പിലുണ്ട്.

∙ പിന്നെ എങ്ങനെ റജിസ്റ്റര്‍ ചെയ്യും?

ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ http://www.cowin.gov.in എന്ന വെബ്‌സൈറ്റിലെത്തി റജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതിനുള്ളിലെ കോവിന്‍ വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്യുക. മാര്‍ച്ച് 1 മുതല്‍ ഇത് പ്രവർത്തിക്കുന്നുണ്ട്. ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 3 മണി വരെയായിരിക്കും റജിസ്‌ട്രേഷന്‍. നിങ്ങളുടെ അടുത്തുള്ള സെന്ററുകളില്‍ ഒഴിവുണ്ടോ എന്നതു കണക്കിലെടുത്തായിരിക്കും വാക്‌സീന്‍ നൽകുന്നതിന് സമയം നൽകുക.

∙ നടപടി ക്രമങ്ങള്‍

– ആരോഗ്യ സേതു ആപ്പ് തുറക്കുക, അല്ലെങ്കില്‍ മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ പ്രവേശിക്കുക.

– നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി വണ്‍ ടൈം പാസ്‌വേഡ് അഥവാ ഒടിപി ജനറേറ്റു ചെയ്യുക. – ഫോണിലേക്ക് എത്തുന്ന ഒടിപി ആപ്പിലോ സൈറ്റിലോ എന്റര്‍ ചെയ്യുക.

– ആരോഗ്യ സേതു ആപ്പില്‍ കോവിന്‍ ടാബിലെ വാക്‌സീനേഷന്‍ ടാബിലെത്തി പ്രൊസീഡ് (Proceed) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

– ഇപ്പോള്‍ തുറന്നുവരുന്ന റജിസ്‌ട്രേഷന്‍ ടാബില്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആളുടെ ഏതു തരം ഫോട്ടോ ഐഡി രേഖയാണ് നല്‍കുന്നതെന്നു പറയുക. പിന്നെ അതിന്റെ നമ്പറും, മുഴുവന്‍ പേരും നല്‍കുക. ആളുടെ ലിംഗവും പ്രായവും നല്‍കണം. ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ ഫോട്ടോ ഐഡി പ്രൂഫുകളാണ് സ്വീകരിക്കുക.

– അറുപതു വയസിനു മുകളില്‍ പ്രായമുള്ള ആളിനുള്ള റജിസ്‌ട്രേഷന്‍ ആണെങ്കില്‍ റജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്കു ചെയ്യുക. – അതേസമയം, 45 വയസു മുതല്‍ 60 വയസുവരെയുള്ള മറ്റ് അസുഖങ്ങള്‍ അഥവാ കോമോര്‍ബിഡിറ്റീസ് ഉള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മറ്റ് അസുഖങ്ങളുണ്ടോ ('Do you have any comorbidities (pre-existing medical conditions)' എന്ന ചോദ്യത്തിന് 'യെസ്' എന്ന സ്ഥലത്തു ക്ലിക്കു ചെയ്യുക. ഇത്തരം ആളുകള്‍ രോഗം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കുത്തിവയ്ക്കാന്‍ പോകുമ്പോള്‍ കൈയ്യില്‍ കരുതേണ്ടതാണ്. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ കണ്‍ഫര്‍മേഷന്‍ സന്ദേശം ആദ്യം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കു വരും. അങ്ങനെ സന്ദേശം ലഭിച്ചില്ലെങ്കില്‍ എവിടെയാണ് പ്രശ്നം സംഭവിച്ചതെന്ന് പരിശോധിക്കുക.

∙ ഒരു മൊബൈൽ നമ്പറിൽ 5 പേര്‍ക്കു റജിസ്റ്റര്‍ ചെയ്യാം

റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ സിസ്റ്റത്തില്‍ അക്കൗണ്ട് വിശദാംശങ്ങള്‍ കാണാനാകും. നല്‍കിയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റു നാലു പേര്‍ക്കു കൂടി വാക്‌സീന്‍ എടുക്കാന്‍ റജിസ്റ്റര്‍ ചെയ്യാം. അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്ന പേജില്‍ തന്നെ ആഡ് (Add) ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച കൂടുതല്‍ പേര്‍ക്കു വേണ്ടി റജിസ്റ്റര്‍ ചെയ്യാം.

അക്കൗണ്ട് ഡീറ്റെയില്‍സ് ലഭിക്കുന്ന പേജില്‍ ആക്ഷന്‍ കോളം ലഭിക്കുന്നു. അതിനു താഴെയായി കലണ്ടര്‍ ഐക്കണ്‍ ഉണ്ട്. അതില്‍ ക്ലിക്കു ചെയ്ത് അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ ശ്രമിക്കാം.  

ഈ പേജില്‍ നിന്ന് ബുക്ക് അപ്പോയിന്റ്‌മെന്റ് ഫോര്‍ വാക്‌സീനേഷന്‍ (Book Appointment for Vaccination) എന്ന പേജിലെത്താം. ഇവിടെ സംസ്ഥാനം, അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശം, ജില്ല, ബ്ലോക്ക്, പിന്‍കോഡ് തുടങ്ങിയവ രേഖപ്പെടുത്തിയ ശേഷം 'സേര്‍ച്ച്' ബട്ടണില്‍ ക്ലിക്കു ചെയ്യുക.

താമസ സ്ഥലത്തിനടുത്തുള്ള വാക്‌സീനേഷന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ ലഭിക്കും. അവയില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത് ഒഴിവുണ്ടോ, ഏതു തിയതിയിലാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലവും തിയതിയും തിരഞ്ഞെടുക്കാം. അതേസമയം, അടുത്തയാഴ്ച മതിയെങ്കില്‍ Book ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക.

അപ്പോയിന്റ്‌മെന്റ് കണ്‍ഫര്‍മേഷന്‍ പേജ് തുറന്നു വരുമ്പോള്‍ ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ഇവിടെ കണ്‍ഫേം ബട്ടണില്‍ ക്ലിക്കു ചെയ്ത് ഉറപ്പിക്കുകയോ, എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കില്‍ ബാക്കില്‍ (Back) ക്ലിക്കു ചെയ്ത് മുൻപത്തെ പേജിലെത്തി മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം.

അവസാനം അപ്പോയിന്റ്‌മെന്റ് സക്‌സസ്ഫുള്‍ എന്ന സന്ദേശം നിങ്ങള്‍ നല്‍കിയ വിശദാംശങ്ങള്‍ ഉള്‍പ്പടെ പ്രദര്‍ശിപ്പിക്കും. ഈ രേഖ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുത്തു സൂക്ഷിക്കാം.

ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്ത ദിവസം വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ലെങ്കില്‍ വീണ്ടും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്ത് ഒടിപി വരുത്തി 'Edit' ല്‍ ക്ലിക്കു ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്താം. Action കോളത്തിലായിരിക്കും എഡിറ്റ് ലഭിക്കുക. ഏതെങ്കിലും കാരണവശാല്‍ നിങ്ങള്‍ മറ്റൊരു സ്ഥലത്തേക്കു മാറുകയാണെങ്കില്‍ അവിടെയുള്ള വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തി മുകളില്‍ പറഞ്ഞ രീതിയില്‍ റജിസ്റ്റര്‍ ചെയ്യുക.

English Summary: How to register for Covid vaccination -A guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA