sections
MORE

ചന്ദ്രനിൽ പോകാൻ താൽപര്യമുണ്ടോ? യൂസാക്കു മീസാവ വിളിക്കുന്നു

starship
SHARE

ചന്ദ്രനിൽ പോകാൻ ഇഷ്ടമുള്ളവർ ശ്രദ്ധിക്കുക, ഫ്രീയായി പോകാൻ ഒരവസരം വന്നിട്ടുണ്ട്.ജാപ്പനീസ് ശതകോടീശ്വരനും ഇലോൺ മസ്കിന്റെ കൂട്ടുകാരനുമായ യൂസാക്കൂ മീസാവയാണ് ലോകത്തെ 8 പേർക്ക് സൗജന്യ ചന്ദ്രയാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ഇതു സംബന്ധിച്ച വാർത്തകൾ ഇറങ്ങിയിരുന്നു. എന്നാൽ ഇന്നലെ ഇതിന്റെ വിഡിയോ അനൗൺസ്മെന്റ് പുറത്തിറങ്ങി. ‘ഡിയർമൂൺ’ എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ് റോക്കറ്റിലാണ് യാത്ര. ചന്ദ്രോപരിതലത്തിൽ ഇറങ്ങാതെ ചന്ദ്രനെ ചുറ്റി പറന്നു വരാനാണ് പദ്ധതിയിടുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്രയിൽ ചന്ദ്രനെ അതിന്റെ അന്തരീക്ഷത്തിനരികെ ചെന്നു കാണാനുള്ള അവസരമുണ്ട്. റോക്കറ്റിൽ ലഭ്യമായ 9 സീറ്റുകൾ മീസാവ വാങ്ങിയിരുന്നു. ഒരെണ്ണം അദ്ദേഹം ഉപയോഗിക്കും. ബാക്കിയുള്ളവ ഡിയർമൂൺ പ്രോജക്ടിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കായി നൽകും.

ഡിയർമൂൺ പദ്ധതിയുടെ ഔദ്യോഗിക സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാൻ അവസരമുണ്ട്. മാർച്ച് 14 വരെ അപേക്ഷിക്കാം. ആദ്യഘട്ട സ്ക്രീനിങ്ങിനു ശേഷം മാർച്ച് 21ന് ഒരു ഓൺലൈൻ ഇന്റർവ്യൂ ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് ഒരു അസൈൻമെന്റ് നൽകും. തുടർന്നും വിജയിക്കുന്നവർക്ക് ഈ വർഷം മേയിൽ തന്നെ അവസാനഘട്ട ഇന്റർവ്യൂവും വൈദ്യ പരിശോധനയും.

എല്ലാത്തരം പശ്ചാത്തലമുള്ളവർക്കും ചന്ദ്രയാത്രയ്ക്ക് അപേക്ഷിക്കാമെന്നു മീസാവ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടേ രണ്ടു കാര്യങ്ങളാണ് യാത്രക്കാരിൽ നിന്നു തിരിച്ച് ആവശ്യപ്പെടുന്നത്. യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ സമൂഹത്തെയും ജനങ്ങളെയും ഏതെങ്കിലും രീതിയിൽ സഹായിക്കാൻ സന്മനസ്സുള്ളവരായിരിക്കണം. കൂടെ യാത്ര ചെയ്യുന്നവരെ പിന്തുണയ്ക്കാനും മടി കാട്ടരുത്.

ജപ്പാൻകാരനായ മീസാവയ്ക്ക് 45 വയസ്സാണ് പ്രായം. ശതകോടീശ്വരനാണെങ്കിലും സംരംഭകൻ. കലാസ്വാദകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ജപ്പാനിലെ ഹൈസ്കൂൾ പഠനത്തിനു ശേഷം യുഎസിലെത്തിയ മീസാവ സിഡി ബിസിനസ്സിലായിരുന്നു ആദ്യം കൈവച്ചത്. തുടർന്ന് ഒരു റോക്ക് ബാൻഡും രൂപീകരിച്ചു. പിന്നീട് അദ്ദേഹം സ്റ്റാർട്ട് ടുഡെ എന്നൊരു കമ്പനി തുടങ്ങി. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സോസോടൗണിന്റെ ഉടമസ്ഥതയും മീസാവയ്ക്കായിരുന്നു. ചന്ദ്രനിലേക്കുള്ള യാത്രയുടെ കാര്യം മീസാവ കഴിഞ്ഞ വർഷം തന്നെ പറഞ്ഞിരുന്നു. 

കുറച്ചുകലാകാരൻമാരെ കൊണ്ടുപോകാനാണ് താൽപര്യമെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ ആ നിബന്ധന മാറ്റി.

എന്നാൽ ഈ യാത്ര നടക്കുമോയെന്ന സംശയവും പലകോണുകളിൽ നിന്നായി ഉയരുന്നുണ്ട്.പക്ഷേ അതിന് ഉത്തരം പറയുന്നത് സ്പേസ് എക്സ് മേധാവി സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്.അപ്പോഴേക്കും സ്റ്റാർഷിപ് പൂർണശേഷി കൈവരിക്കുമെന്നും യാത്ര നിശ്ചിത സമയത്തു തന്നെ നടക്കുമെന്നും അദ്ദേഹം ഉറപ്പു നൽകുന്നു. മീസാവയുടെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായാൽ 1972നു ശേഷം ചന്ദ്രനിലേക്കു വീണ്ടും പോകുന്ന യാത്രയായി മാറും ഇത്.

water-moon-crater-nasa

∙ സ്റ്റാർഷിപ്പിലും സഞ്ചരിക്കാം

സംഭവം സത്യമായാൽ പോകുന്ന ആളുകൾക്ക് മറ്റൊരു വലിയ അവസരം കൂടിയാണ് ലഭിക്കുന്നത്. റോക്കറ്റുകളിലെ മഹാദ്ഭുതമായ സ്പേസ് എക്സ് സ്റ്റാർഷിപ്പിൽ സഞ്ചരിക്കാനുള്ള ഭാഗ്യം. ബിഗ് ഫാൽക്കൺ റോക്കറ്റ് എന്ന പേരിൽ വികസിപ്പിക്കപ്പെട്ട ഇത് പിന്നീട് പേരു മാറ്റി സ്റ്റാർഷിപ് എന്നാക്കുകയായിരുന്നു.100 പേരെ വരെ വഹിക്കാനുള്ള കഴിവ് റോക്കറ്റിനുണ്ട്.വളരെ വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യും. 33 നിലക്കെട്ടിടത്തിന്റെ ഉയരമുള്ള സ്റ്റാർഷിപ്പ്, നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ ഫൈവിനെയും കടത്തിവെട്ടും. മറ്റു റോക്കറ്റ് എൻജിനുകളിൽ നിന്നു വ്യത്യസ്തമായി മീഥെയ്ൻ ഇന്ധനമാണ് സ്റ്റാർഷിപ്പ് ഉപയോഗിക്കുന്നത്.

English Summary: Japanese billionaire seeks eight people to fly to Moon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA