ADVERTISEMENT

ഭൂമിയുടെ ഉള്‍ഭാഗത്തെ ഭൂവല്‍ക്കം, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലാക്കിയാണ് തിരിച്ചിട്ടുള്ളത്. ഈ നാലെണ്ണത്തിന് പുറമേ ഒരു ഭാഗം കൂടി ഭൂമിക്കുണ്ടെന്നതിന് തെളിവ് ലഭിച്ചിരിക്കുകയാണിപ്പോള്‍. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിലാണ് പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുന്നത്. 

 

നമ്മള്‍ ചവിട്ടി നില്‍ക്കുന്ന ഭൂമി മുതലുള്ള ഭൂവല്‍ക്കം എന്ന ആദ്യ പാളി തന്നെ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ആഴത്തിലുണ്ടാവും. അതിനും താഴെയുള്ള മാന്റിലിനാകട്ടെ 2,900 കിലോമീറ്ററാണ് കനം. മാന്റില്‍ മാത്രം ഏതാണ്ട് ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനം വരും. അതിനും താഴെയാണ് പുറക്കാമ്പും (2,900 കിലോമീറ്റര്‍ മുതല്‍ 5,150 കിലോമീറ്റര്‍ വരെ) അകക്കാമ്പുമെല്ലാം. ഫലത്തില്‍ ഭൂമിക്കുള്ളിലേക്ക് തുരന്നു പോയിക്കൊണ്ട് ഉള്‍ഭാഗത്തെക്കുറിച്ച് പഠിക്കുക അസംഭവ്യമാണ്. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ നിന്നും ഭൂകമ്പത്തെ തുടര്‍ന്നുള്ള അലയൊലികളില്‍ നിന്നുമെല്ലാമാണ് ശാസ്ത്രത്തിന് ഭൂമിക്കകത്തെ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. 

 

ഭൂമിയുടെ അകക്കാമ്പ് എന്ന് വിളിക്കുന്ന ചുട്ടുപഴുത്തിരിക്കുന്ന ഭാഗത്തെ ഊഷ്മാവ് 5000 ഡിഗ്രി സെല്‍ഷ്യസിലേറെ വരും. ഭൂമിയുടെ ആകെ വലുപ്പത്തിന്റെ ഒരു ശതമാനം മാത്രമേ ഈ ഭാഗം വരികയുള്ളൂ. ഈ അകക്കാമ്പിന് രണ്ട് ഭാഗങ്ങളുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്രജ്ഞയായ ജോവാന്‍ സ്‌റ്റെഫാന്‍സനും സംഘവും കണ്ടെത്തിയിരിക്കുന്നത്. ഭാവിയില്‍ പാഠ പുസ്തകങ്ങളെ വരെ മാറ്റിയെഴുതാന്‍ പോന്ന വിവരമാണിത്. 

 

ഭൂമിയുടെ അകക്കാമ്പിലൂടെ ഭൂകമ്പ തരംഗങ്ങള്‍ സഞ്ചരിക്കുന്നതിന്റെ ആയിരക്കണക്കിന് രേഖകളാണ് ഇവര്‍ പഠന വിധേയമാക്കിയത്. ഇന്റര്‍നാഷണല്‍ സീസ്‌മോളജിക്കല്‍ സെന്ററില്‍ നിന്നുള്ള വിവരങ്ങളാണ് അതിനായി സഹായിച്ചത്. ഭൂമിയുടെ അകക്കാമ്പിലൂടെ സഞ്ചരിക്കുന്ന ഭൂകമ്പ തരംഗങ്ങള്‍ വ്യത്യസ്തമായ അളവില്‍ വളയുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്. 

അകക്കാമ്പിലെ ഇരുമ്പിന്റെ ഘടനയിലുള്ള വ്യത്യാസമാണ് ഈ ഭൂകമ്പതരംഗങ്ങളുടെ വ്യതിചലനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ ചരിത്രത്തില്‍ വ്യത്യസ്ത കൂളിങ് ഇവന്റ്‌സ് സംഭവിച്ചിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും ഗവേഷകര്‍ അനുമാനിക്കുന്നത്. 

 

നേരത്തെ ഭൂമിയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചുള്ള പല പഠനങ്ങളിലും സ്ഥിരതയില്ലാത്ത ഫലങ്ങള്‍ ലഭിച്ചതിന് പിന്നില്‍ ഇതാകാം കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അകക്കാമ്പിനുള്ളിലെ ഈ പുതിയ ഭാഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഭൂമിയുടെ പിറവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ജിയോഫിസിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Scientists Detect Signs of a Hidden Structure Inside Earth's Core

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com