ADVERTISEMENT

ലോകത്തെ രണ്ട് വൻ ശക്തികളായ ചൈനയും റഷ്യയും വലിയൊരു ബഹിരാകാശ പദ്ധതിക്കായി ഒന്നിക്കുന്നു. ചാന്ദ്ര ബഹിരാകാശ നിലയം നിർമിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ഇരുരാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികളുടെ വക്താക്കൾ അവരുടെ സർക്കാരുകൾക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

 

ധാരണപ്രകാരം ചാന്ദ്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളും ഗവേഷണങ്ങളും ഉപയോഗപ്പെടുത്തും. രാജ്യാന്തര ചാന്ദ്ര ബഹിരാകാശ നിലയമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഗവേഷണ സഹകരണം ശക്തിപ്പെടുത്തുക, ബഹിരാകാശത്തിന്റെ പര്യവേക്ഷണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇതിന്റെ ഭാഗമാകാമെന്നും അറിയിച്ചിട്ടുണ്ട്.

 

റഷ്യ–ചൈന സംയുക്ത ചാന്ദ്ര ബഹിരാകാശ നിലയത്തിനുള്ള പദ്ധതികൾ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. സോവിയറ്റ് കാലഘട്ടത്തിലെ പോലെ ബഹിരാകാശ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. എന്നാൽ, ചന്ദ്രനിൽ ഒരു താവളം സ്ഥാപിക്കുക എന്നത് ചൈനയുടെയും അഭിലാഷമാണ്.

 

ഒരുകാലത്ത് റഷ്യ ബഹിരാകാശ രംഗത്ത് മുൻപന്തിയിലായിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും കാരണം പ്രപഞ്ച അഭിലാഷങ്ങൾ പിന്നോട്ടുപോയി. സമീപകാലത്ത് ബഹിരാകാശ പര്യവേഷണത്തിലും ഗവേഷണത്തിലും വലിയ വിജയങ്ങൾ നേടിയ ചൈനയും അമേരിക്കയും റഷ്യയെ ബഹുദൂരം മറികടക്കുകയും ചെയ്തിരുന്നു.

 

എന്നാൽ, ഇത് ചൈനയുടെ ഏറ്റവും വലിയ രാജ്യാന്തര ബഹിരാകാശ സഹകരണ പദ്ധതിയായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. താൽപര്യമുള്ള എല്ലാ രാജ്യങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാമെന്നും ഇരുരാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികൾ പറഞ്ഞു.

 

ഭാവിയിൽ ചന്ദ്രന്റെയും ബഹിരാകാശത്തിന്റെയും പര്യവേക്ഷണത്തിനായി ഒരു ഡേറ്റാ സെന്റർ സംയുക്തമായി സൃഷ്ടിക്കുന്നതിനുള്ള കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ചൈനയുടെ ചാങ് -7, റഷ്യയുടെ ലൂണ 27 ദൗത്യങ്ങളിൽ  സഹകരിക്കാൻ അവർ പദ്ധതിയിടുന്നു. ഇവ രണ്ടും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

 

English Summary: China and Russia agree to build joint lunar space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com