ADVERTISEMENT

തമോഗര്‍ത്തം ചീന്തിയെറിഞ്ഞ നക്ഷത്രത്തില്‍ നിന്നും പ്രേതകണം (ന്യൂട്രിനോ) പുറത്തുവരുന്നതിന്റെ ദൃശ്യം ആദ്യമായി രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് ഗവേഷകര്‍. പ്രകാശത്തെ പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിലേക്ക് എടുത്തെറിയപ്പെട്ട നക്ഷത്രം നശിക്കുന്നതിന്റെ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ഉഗ്രവും തീഷ്ണവുമായ പ്രതിഭാസത്തിന്റെ തെളിവുകളാണ് ശാസ്ത്രലോകത്തിന് ലഭിച്ചിരിക്കുന്നത്.

 

പ്രപഞ്ചത്തില്‍ പ്രകാശകണങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കണങ്ങളാണ് ന്യൂട്രിനോകള്‍. എന്നാല്‍ ചെറുതും നിഷ്പക്ഷവും നിരുപദ്രവകാരിയുമായ ന്യൂട്രിനോകളെ തിരിച്ചറിയുക പോലും എളുപ്പമല്ല. ചാര്‍ജ് ഇല്ലാത്തതും ദ്രവ്യമാനം വളരെക്കുറഞ്ഞതും പ്രകാശപ്രവേഗത്തിനടുത്തുള്ള വേഗത്തില്‍ സഞ്ചരിക്കുന്നതുമായ അടിസ്ഥാന കണികകളിലൊന്നാണിത്. സൂര്യന് പുറമേ, പ്രപഞ്ചത്തിലെ മറ്റു സ്രോതസുകളില്‍ നിന്ന് ഇവ ഭൂമിയിലെത്തുന്നുണ്ട്. സൂര്യനില്‍ നിന്നു മാത്രം സെക്കന്‍ഡില്‍ 2x10 38 (രണ്ടിനു ശേഷം 38 പൂജ്യം) ന്യൂട്രിനോകള്‍ ഭൂമിയില്‍ എത്തുന്നുവെന്നാണ് കരുതപ്പെടുന്നത്.

 

സൂര്യനു പുറമെ മറ്റു നക്ഷത്രങ്ങള്‍, സൂപ്പര്‍നോവ, കോസ്മിക് രശ്മികള്‍, ആക്സിലറേറ്ററുകളിലെ ഉന്നത ഊര്‍ജകൂട്ടിയിടികള്‍ എന്നിവയെല്ലാം ന്യൂട്രിനോ കണികകളെ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനം പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനം കൂടിയാണെന്ന് കരുതപ്പെടുന്നു. തമോഗര്‍ത്തം നക്ഷത്രത്തെ വലിച്ചെടുക്കുമ്പോള്‍ പ്രേതകണങ്ങള്‍ നിര്‍മിക്കപ്പെടുന്നതിന്റെ അപൂര്‍വ കാഴ്ച്ചയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന് ലഭിച്ചിരിക്കുന്നത്. 

 

പ്രേതകണങ്ങള്‍ ഉത്ഭവിക്കുന്നതിന്റെ ശ്രോതസിനെക്കുറിച്ച് രണ്ടാം തവണ മാത്രമാണ് വിവരം ലഭിക്കുന്നതെന്നാണ് നെതര്‍ലൻഡ്സിലെ ലെയ്ഡന്‍ സര്‍വകലാശാലയിലെ അസ്‌ട്രോഫിസിസിറ്റ് ഷോര്‍ഡ് വാന്‍ വെല്‍സെന്‍ പറയുന്നത്. നക്ഷത്രങ്ങള്‍ തമോഗര്‍ത്തങ്ങളിലേക്ക് വീണുകൊണ്ട് അവസാനിക്കുന്നത് തന്നെ അപൂര്‍വമാണ്. തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള അതിശക്തമായ വലിവിനെ തുടര്‍ന്ന് നക്ഷത്രങ്ങള്‍ ചീന്തിയെറിയപ്പെടുകയാണ് ചെയ്യുന്നത്. ടൈഡല്‍ ഡിസ്‌റപ്ഷന്‍ ഇവന്റ് എന്ന് വിളിക്കുന്ന ഈ അവസ്ഥക്കിടെ വലിയ തോതില്‍ തിളക്കവും പ്രകാശവും സൃഷ്ടിക്കപ്പെടാറുണ്ട്. നക്ഷത്രത്തിന്റെ പകുതിയിലേറെ ഭാഗം ഇതിനിടെ തമോഗര്‍ത്തം വലിച്ചെടുക്കുകയും ചെയ്യും. മറുപാതി തമോഗര്‍ത്തത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പ്രപഞ്ചത്തിലേക്ക് ലയിക്കുകയും ചെയ്യും.

 

2019 ഏപ്രില്‍ ഒൻപതിന് പ്രപഞ്ചത്തിന്റെ മറ്റൊരു കോണില്‍ നിന്നും ശ്രദ്ധയില്‍പെട്ട ഒരു തിളക്കത്തിന്റെ കാരണം തേടി പോയപ്പോഴാണ് ശാസ്ത്രലോകം പ്രേതകണങ്ങളുടെ ജനനം തിരിച്ചറിഞ്ഞത്. സൂര്യന്റെ ഭാരത്തിന്റെ മൂന്ന് കോടി ഇരട്ടി ഭാരമുള്ള തമോഗര്‍ത്തമാണ് നക്ഷത്രത്തെ ഉള്ളിലേക്ക് വലിച്ചെടുത്തത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 750 ദശലക്ഷം പ്രകാശവര്‍ഷം അകലെയായിരുന്നു ഇത്. ആറ് മാസത്തിനകം 2019 ഒക്ടോബര്‍ ഒന്നിനും സമാനമായ മറ്റൊരു ന്യൂട്രിനോ പ്രതിഭാസം രേഖപ്പെടുത്തപ്പെട്ടു.

 

ശാസ്ത്രലോകത്തെ എക്കാലത്തും അദ്ഭുതപ്പെടുത്തിയിട്ടുണ്ട് ന്യൂട്രിനോകള്‍. വളരെക്കുറഞ്ഞ ഭാരവും പ്രകാശത്തിന് ഏതാണ്ട് തുല്യമായ വേഗമുള്ള ഇവ സാധാരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്താറില്ല. എങ്കിലും കോടിക്കണക്കിന് ന്യൂട്രിനോകള്‍ നമ്മുടെ ശരീരത്തിനകത്തുകൂടി പോലും ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് ഇവയ്ക്ക് പ്രേതകണങ്ങളെന്ന പേര് ലഭിച്ചതുതന്നെ. 

 

അതേസമയം, മഞ്ഞുകട്ടകളിലൂടെ ന്യൂട്രിനോകള്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ പ്രതിഫലനത്തില്‍ മാറ്റമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ഞിന്റെ തിളക്കം വെച്ച് എത്രത്തോളം ഊര്‍ജ്ജമുണ്ട് ന്യൂട്രിനോകള്‍ക്കെന്ന് കണ്ടെത്താന്‍ പോലും ശാസ്ത്രത്തിന് സാധിക്കും. 400 കോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള നക്ഷത്രമണ്ഡലത്തില്‍ നിന്നും എത്തിയ ന്യൂട്രിനോകളെ വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. നക്ഷത്രങ്ങള്‍ തമോഗര്‍ത്തങ്ങളില്‍ അവസാനിക്കുന്നത് അപൂര്‍വമല്ല. എന്നാല്‍ നക്ഷത്രങ്ങളുടെ ഈ അന്ത്യത്തിനിടെ പ്രേതകണങ്ങള്‍ പുറത്തേക്ക് വരുന്നുവെന്നതാണ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്നത്.

 

English Summary: For The First Time, We've Detected a 'Ghost Particle' Coming From a Shredded Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com