ADVERTISEMENT

കൊറോണ വൈറസ് കാരണം പ്രതിസന്ധിയിലായ പാക്കിസ്ഥാനെ സഹായിക്കാൻ ഇന്ത്യയും രംഗത്ത്. രാജ്യത്ത് നിർമിച്ച 4.5 കോടി ഡോസ് കോവിഡ്–19 വാക്സീനുകളാണ് പാക്കിസ്ഥാനു നൽകുന്നത്. ഫെഡറൽ ഹെൽത്ത് സർവീസസ് റെഗുലേഷൻ ആൻഡ് കോർഡിനേഷൻ ആമിർ അഷ്‌റഫ് ഖ്വാജയാണ് ഇക്കാര്യം അറിയിച്ചത്.

 

വാക്സിൻ അലയൻസ് ‘ഗവി’യുമായുള്ള കരാർ പ്രകാരമാണ് 4.5 കോടി ഡോസ് വാക്സീൻ പാക്കിസ്ഥാനു നൽകുന്നത്. ഇതിൽ 1.6 കോടി ഡോസ് ഈ വർഷം ജൂണിനകം നൽകും. രോഗപ്രതിരോധത്തിനുള്ള സംവിധാനങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ ആഗോള ആരോഗ്യ പങ്കാളിത്തമാണ് ഗവി. പാക്കിസ്ഥാനു മാനുഷികമായ ഏത് സഹായത്തിനും ഇന്ത്യ തയാറാണ്. വേണ്ടി വന്നാൽ കൂടുതൽ വാക്സീൻ നേരിട്ട് നൽകും. ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

പാക്കിസ്ഥാൻ ഈ വർഷം ജനുവരിയിൽ അടിയന്തര ഉപയോഗത്തിനായി ഓക്സ്ഫഡ്-അസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്സീൻ അംഗീകരിച്ചിരുന്നു. അംഗീകാരം ലഭിച്ച ആദ്യത്തെ കോവിഡ് -19 വാക്സീനും ഇതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നെങ്കിലും ജീവൻ രക്ഷാ മരുന്നുകളുടെ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

 

220 ദശലക്ഷം ജനങ്ങളിൽ 70 ശതമാനത്തിനെങ്കിലും സൗജന്യമായി കോവിഡ് വാക്സീൻ നൽകാനാണ് പാക്കിസ്ഥാൻ പദ്ധതിയിടുന്നത്. സിനോഫാർമിന്റെ 5 ലക്ഷം ഡോസുകൾ സംഭാവന ചെയ്യാമെന്ന് ചൈനയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യ ഇതുവരെ 65 രാജ്യങ്ങൾക്ക് വാക്സീനുകൾ നൽകിയിട്ടുണ്ട്.

 

English Summary: India to Send 4.5 Crore Doses of Home-Made Covid-19 Vaccine to Pakistan: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com