ADVERTISEMENT

ഭൂമിയേക്കാള്‍ പഴക്കമുള്ള വസ്തുക്കള്‍ ഭൂമിയിലുണ്ടാവുമോ? അങ്ങനെയൊരു വസ്തു സഹാറ മരുഭൂമിയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു എന്നാണ് അതിനുള്ള ഉത്തരം. കഴിഞ്ഞ വര്‍ഷം സഹാറ മരുഭൂമിയില്‍ നിന്നും ലഭിച്ച ഉല്‍ക്കയ്ക്ക് ഏതാണ്ട് 4.56 ബില്യണ്‍ വര്‍ഷമാണ് പഴക്കം കണക്കാക്കുന്നത്. ഭൂമിയുടെ പ്രായമാകട്ടെ 4.54 ബില്യണ്‍ വര്‍ഷവും. 

 

ഇസി 002 അഥവാ Erg Chech 002 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയാണ് അദ്ഭുതമാകുന്നത്. ഭാവിയില്‍ ഗ്രഹമായി മാറുമെന്ന് കരുതപ്പെടുന്ന പ്രോട്ടോപ്ലാനറ്റ് വിഭാഗത്തില്‍ പെട്ട പാറയുടെ ഭാഗമാണിത്. നമ്മുടെ സൗരയൂഥത്തിന് ഏതാണ്ട് 20 ലക്ഷം വര്‍ഷങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇവയുടെ ജനനം. സൗരയൂഥത്തില്‍ ഇപ്പോള്‍ കാണപ്പെടുന്ന ഗ്രഹങ്ങളെല്ലാം ഏതാണ്ട് 4.57 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് രൂപംകൊണ്ടതാണെന്നാണ് കരുതപ്പെടുന്നത്. സൂര്യന്‍ 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു ഉണ്ടായത്. 

 

ഫ്രാന്‍സിലെ ഷോണ്‍ അലിക്‌സ് ബാരെറ്റെ എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമിയേക്കാള്‍ പ്രായമേറിയ ഉല്‍ക്കയെ തിരിച്ചറിഞ്ഞത്. സൂര്യനോട് അടുത്തുവെച്ചുണ്ടായ കൂട്ടിയിടിയില്‍ തെറിച്ചുപോയ ഭാഗമാണ് ഈ അതിപുരാതന പാറക്കഷണമെന്നാണ് കരുതപ്പെടുന്നത്. അപൂര്‍വ ഉല്‍ക്കയെക്കുറിച്ചുള്ള പഠനം പിഎന്‍എഎസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ദക്ഷിണ അള്‍ജീരിയയിലെ ബിര്‍ ബെന്‍ താക്കൂളില്‍ നിന്നും 2020 മെയ് മാസത്തില്‍ കണ്ടെത്തിയ ഉല്‍ക്കാ ശിലകള്‍ക്കിടയില്‍ നിന്നാണ് ഈ അപൂര്‍വ ഉല്‍ക്കയേയും കണ്ടെത്തിയിരിക്കുന്നത്. ഉയര്‍ന്ന ചൂടില്‍ ഉരുകിയതോ മാഗ്മയുടെ ഭാഗമായിരുന്നതോ ആയ പാറക്കല്ലാണിതെന്നാണ് കരുതപ്പെടുന്നത്. പച്ച, മഞ്ഞയും പച്ചയും കലര്‍ന്നത്, മഞ്ഞയും തവിട്ടു നിറവും കലര്‍ന്നത് തുടങ്ങി നിറങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണ് ഈ ഉല്‍ക്കാശിലയുണ്ടായിരുന്നത്.

 

സൗരയൂഥത്തിന്റെ ആദ്യകാലത്ത് പിറവിയെടുത്ത അപൂര്‍വ ഉല്‍ക്കാശിലയാണ് EC002. അക്കാലത്ത് പിറവിയെടുത്ത വസ്തുക്കളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഏതെങ്കിലും നക്ഷത്രങ്ങളുടേയോ ഗ്രഹങ്ങളുടേയോ ഭാഗമാണ്. ഇത്തരമൊരു ഉല്‍ക്കാശില വീണ്ടും കണ്ടെത്താനുള്ള സാധ്യത പോലും പരിമിതമാണ്. മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ ഉല്‍ക്കകളേക്കാളും പ്രായമേറിയതാണ് EC 002. അതുതന്നെയാണ് ഈ കണ്ടെത്തലിനെ ഏറെ അപൂര്‍വ്വമാക്കുന്നതും.

 

English Summary: Found in the Sahara, a meteorite older than Earth itself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com