ADVERTISEMENT

ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മൊത്തത്തില്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇതിനായി ചന്ദ്രനില്‍ ഒരു നോഹയുടെ പെട്ടകം തന്നെ നിര്‍മിക്കുകയാണ് ലക്ഷ്യം. ഭൂമിയിലെ ഓരോ ജീവജാലങ്ങളുടേയും 67 ലക്ഷത്തോളം വരുന്ന വിത്തുകളും മുട്ടകളും ഭ്രൂണങ്ങളും ചേര്‍ത്തായിരിക്കും ഈ പെട്ടകം നിര്‍മിക്കുക.

ഇതിനു സമാനമായൊരു നിലവറ ഇപ്പോള്‍ തന്നെ ഭൂമിയിലുണ്ട്. നോര്‍വെയിലെ ഡൂംസ്ഡേ നിലവറയില്‍ ലോകത്തെ എല്ലാ ഭാഗത്തു നിന്നുള്ള അപൂര്‍വവും അല്ലാത്തതുമായ സസ്യങ്ങളുടെ വിത്തിനങ്ങളാണ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാലും ഭൂമിയിലെ സസ്യവിഭാഗങ്ങളുടെ വിത്തിനങ്ങള്‍ സുരക്ഷിതമായിരിക്കുകയെന്ന ലക്ഷ്യത്തില്‍ 2008ലാണ് ഇത് ആരംഭിച്ചത്. നോര്‍വെയിലെ ലോകാവസാന നിലവറയില്‍ സസ്യങ്ങളുടെ വിത്തുകള്‍ മാത്രമാണെങ്കില്‍ ചന്ദ്രനിലെ നിലവറയിൽ ജീവജാലങ്ങളുടെ മൊത്തം വിത്തു -ഭ്രൂണങ്ങളാകും സൂക്ഷിക്കുക.

ഭൂമിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും ദുരന്തം സംഭവിച്ചാലും ജീവനു പിന്നെയും തിരിച്ചുവരവ് നടത്താന്‍ വേണ്ടിയുള്ള 'ഇന്‍ഷുറന്‍സായാണ്' ശാസ്ത്രലോകം ഈ ആശയത്തെ അവതരിപ്പിക്കുന്നത്. ഗുരുതര പകര്‍ച്ചവ്യാധികള്‍, ബഹിരാകാശ ഗോളങ്ങളുമായുള്ള കൂട്ടിയിടി, ആണവയുദ്ധം, വരള്‍ച്ച തുടങ്ങി പല കാരണങ്ങള്‍ ഭൂമിയിലെ ജീവനു വെല്ലുവിളിയായേക്കാം. ആധുനിക കാലത്തെ പെട്ടകത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചത് ജേക്കൻ തങ്കവേലായുധമാണ് (Jekan Thangavelautham ). ശീതീകരിച്ച 67 ലക്ഷത്തോളം വരുന്ന മുട്ടകളും ഭ്രൂണങ്ങളും വിത്തുകളുമെല്ലാം പലഘട്ടങ്ങളായി ചന്ദ്രനിലെത്തിക്കാനാണ് നിര്‍ദേശം. പൂര്‍ണമായും ഇവ ചന്ദ്രനിലെത്തിക്കണമെങ്കില്‍ ഏതാണ്ട് 250 തവണ ഭൂമിയില്‍ നിന്നും പേടകങ്ങൾ പോകേണ്ടി വരുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. 

ചന്ദ്രന്റെ ഉപരിതലത്തിനു അടിയിലായിട്ടായിരിക്കും ഇവ സൂക്ഷിക്കുക. ഇവ നശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട ഊര്‍ജ്ജം സോളാര്‍ പാനലുകള്‍ വഴി ശേഖരിക്കാനാകും. ഒരു ഗോളാന്തര സംസ്‌കൃതി എന്ന നിലയിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്നതില്‍ ഈ ആശയം വലിയ പങ്കുവഹിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

English Summary: Scientists want to send 6.7 million sperm samples to the moon as a 'global insurance policy'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com