ADVERTISEMENT

രാജ്യത്ത് നിർമിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്സീനുകൾ ഇന്ത്യ 71 രാജ്യങ്ങൾക്ക് നൽകി സഹായിച്ചെന്ന് റിപ്പോർട്ട്. 71 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ 5.86 കോടി ഡോസ് മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സീനുകൾ വിതരണം ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാനും ഇറാനും ഇന്ത്യൻ നിർമിത വാക്സീനുകൾ നൽകിയിട്ടുണ്ട്.

 

ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത രാജ്യാന്തര കോവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഇറാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സീന്‍ പാക്കിസ്ഥാനു കൈമാറുന്നത്. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന്‍ പാക്കിസ്ഥാനു നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സീനുകൾ എല്ലാ രാജ്യങ്ങൾക്കും തുല്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ലോകത്തെ മൂന്നിൽ രണ്ട് രാജ്യങ്ങളും ഒരുമിച്ച് തുടങ്ങിയ ആഗോള സഹകരണമാണ് കോവാക്സ്. 

 

ഇതിൽ 37 രാജ്യങ്ങൾക്ക് 81 ലക്ഷത്തിലധികം ഡോസുകൾ സൗജന്യമായാണ് നൽകിയത്. 1 കോടി 65 ലക്ഷം ഡോസുകൾ 31 ഓളം രാജ്യങ്ങളിലേക്ക് യുഎന്നിന്റെ കോവാക്സ് പദ്ധതി വഴിയാണ് വിതരണം ചെയ്തത്. ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സീഷെൽസ്, ബഹ്‌റൈൻ, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് 'വാക്സിൻ മൈത്രി' വഴി സൗജന്യമായി ഇന്ത്യ വാക്സീനുകൾ നൽകിയത്.

 

വാണിജ്യാടിസ്ഥാനത്തിൽ 24 രാജ്യങ്ങളിലേക്ക് 3 കോടി 39 ലക്ഷത്തിലധികം വാക്സീൻ ഡോസുകളും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മിക്ക രാജ്യങ്ങളിലേക്കും മെയ്ഡ് ഇൻ ഇന്ത്യ വാക്സീനുകൾ ഒന്നിലധികം പദ്ധതികൾ വഴി വിതരണം ചെയ്തിട്ടുണ്ട്. അതിൽ ഗ്രാന്റ് എയ്ഡ്, കോവാക്സ് എന്നിവ ഉൾപ്പെടുന്നു. ഒന്നര മാസം മുൻപാണ് വിവിധ രാജ്യങ്ങൾക്ക് കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ‘വാക്സീൻ മൈത്രി’ ആരംഭിച്ചത്.

 

ഇന്ത്യൻ നിർമിത വാക്സീനുകൾ വിതരണം ചെയ്യണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭ്യർഥനയെത്തുടർന്നാണ് ഗ്രാന്റ് എയ്ഡിന് കീഴിൽ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നിവിടങ്ങളിലേക്ക് ജനുവരി 20ന് സർക്കാർ കോവിഡ് വാക്സീൻ വിതരണം ആരംഭിച്ചത്. കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ എല്ലാവരേയും സഹായിക്കുന്നതിന് രാജ്യത്തെ വാക്സീൻ ഉൽപാദനവും വിതരണ ശേഷിയും ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രഖ്യാപിത പ്രതിബദ്ധത പാലിച്ചാണ് ഇത് ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

English Summary: India supplies over 5.86 cr doses of Made in India COVID vaccines to nearly 71 countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com