ADVERTISEMENT

പ്രഭാതത്തിന് തൊട്ടു മുൻപായി ഭൂമിയുടെ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രത്യേകതരം വെളിച്ചമാണ് സോഡിയാക്കല്‍ ലൈറ്റ്. ചക്രവാളത്തില്‍ ഭൂമിയിലേക്ക് താഴ്ന്നു കിടക്കുന്ന രീതിയിലുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനമാണിത്. സൂര്യനു ചുറ്റും കറങ്ങുന്ന പൊടിപടലങ്ങളാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഈ പൊടിപടലങ്ങള്‍ക്കു പിന്നില്‍ ചൊവ്വാ ഗ്രഹമാണെന്നാണ് നാസയുടെ ജൂനോ പേടകം കണ്ടെത്തിയിരിക്കുന്നത്.

 

2011ല്‍ വിക്ഷേപിച്ച ജൂനോ പേടകം വ്യാഴത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് നാസ വിക്ഷേപിച്ചത്. സൂര്യനു ചുറ്റുമുള്ള പൊടിപടലങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയ ജൂനോ ശാസ്ത്രജ്ഞരാണ് ചൊവ്വയും സോഡിയാക് ലൈറ്റും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരിക്കുന്നത്. സൂര്യനു ചുറ്റും നിശ്ചിത ഭ്രമണപഥത്തിലൂടെയാണ് വലിയ തോതില്‍ പൊടിപടലങ്ങളുമുള്ളത്. ഇത് ഏതാണ്ട് ചൊവ്വയുടെ ഭ്രമണപഥവുമായി ചേര്‍ന്നിരിക്കുന്നുവെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. 

 

സൗരയൂഥത്തിലെ ഏറ്റവും പൊടി നിറഞ്ഞ ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. അതേസമയം, ഇത്രയധികം പൊടി എങ്ങനെയാണ് ചൊവ്വയുടെ ഗുരുത്വാകര്‍ഷണ വലയത്തെ മറികടന്ന് പുറത്തെത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. അതേസമയം ചൊവ്വയില്‍ ഇടക്കിടെയുണ്ടാകുന്ന പടുകൂറ്റന്‍ പൊടിക്കാറ്റുകളാണ് ഇതിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. 

 

നാസ സംഘത്തിന്റെ ഈ പഠനത്തിന് മുൻപ് ശാസ്ത്രലോകം കരുതിയിരുന്നത് സോഡിയാക് ലൈറ്റിന് പിന്നിലെ പൊടിപടലങ്ങള്‍ ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും വഴി സൗരയൂഥത്തിന്റെ മധ്യഭാഗത്തുണ്ടാവുന്നവയാണ് എന്നായിരുന്നു. വ്യാഴത്തിലേക്കുള്ള യാത്രക്കിടെ ജൂനോ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെ പൊടിപടലങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്തതോടെയാണ് ഇതിനു മറിച്ചുള്ള തെളിവുകള്‍ ലഭിച്ചത്.

 

സൂര്യനില്‍ നിന്നും ഏകദേശം രണ്ട് അസ്‌ട്രോണമിക്കല്‍ യൂണിറ്റ് (ഭൂമിയും സൂര്യനും തമ്മിലുള്ള അകലമാണ് 1 അസ്‌ട്രോണമിക്കല്‍ യൂണിറ്റ്) അകലെയാണ് ഈ പൊടിപടലങ്ങള്‍ വലിയ തോതില്‍ കാണപ്പെടുന്നത്. സൂര്യനില്‍ നിന്നും 1.5 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെയാണ് ചൊവ്വയുടെ സ്ഥാനം. ഇതാണ് ചൊവ്വയും ഈ പൊടിപടലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ക്ക് സൂചനയായത്. ജെജിആര്‍ പ്ലാനറ്റ്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Zodiacal light seen dawn reflection Mars dust pushed space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com