ADVERTISEMENT

പ്രപഞ്ച ശാസ്ത്രജ്ഞര്‍ക്കിടയില്‍ അടുത്തിടെയുണ്ടായ ഏറ്റവും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിൽ ഒന്നായിരുന്നു പല ഗ്രഹങ്ങള്‍ക്കുള്ളിലും മറഞ്ഞുകിടക്കുന്ന മഹാസമുദ്രങ്ങളുണ്ട് എന്നത്. മഞ്ഞുകട്ടകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഉള്ളിലെ സമുദ്രങ്ങള്‍ നമ്മുടെ സൗരയൂഥത്തില്‍ പുതുമയുള്ള ഒന്നല്ല എന്നുകൂടിയാണ് ഇപ്പോള്‍ ശാസ്ത്രലോകം കരുതുന്നത്. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റന്‍, എന്‍സെലാഡസ്, രണ്ടാം വ്യാഴം എന്ന് വിളിക്കുന്ന യൂറോപ്പ എന്നിവക്ക് പുറമേ പ്ലൂട്ടോക്ക് ഉള്ളില്‍ വരെ മറഞ്ഞുകിടക്കുന്ന സമുദ്രങ്ങളുണ്ടെന്ന് സംശയിക്കുന്നു.

 

മറഞ്ഞുകിടക്കുന്ന മഹാസമുദ്രങ്ങളുള്ള ഗ്രഹങ്ങള്‍ക്ക് ഇന്റീരിയർ വാട്ടർ ഓഷ്യൻ വേൾഡ്സ് (IWOW) എന്നാണ് പേരിട്ടിരിക്കുന്നത്. നമ്മുടെ സൗരയൂഥത്തിനു പുറത്തെ കോടാനുകോടി നക്ഷത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളില്‍ പലതിലും ഇത്തരം നിഗൂഢ സമുദ്രങ്ങളുണ്ടാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെയുണ്ടെങ്കില്‍ അത്തരം ഗ്രഹങ്ങളില്‍ ഭൂമിയുടേതു പോലെ നക്ഷത്രങ്ങളില്‍ നിന്നും ജീവന് അനുയോജ്യമായ അകലത്തില്‍ അല്ലെങ്കില്‍ പോലും ജീവന്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 52ാമത് വാര്‍ഷിക ലൂണാര്‍ ആൻഡ് പ്ലാനറ്ററി സയന്‍സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഒരു പഠനത്തിലും ഈ സാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. 

 

ഭൂമിയിലേതുപോലെ ഉപരിതലത്തിലെ സമുദ്രങ്ങള്‍ക്ക് നിരവധി ഭീഷണികളെ അതിജീവിക്കേണ്ടതുണ്ട്. സ്ഥിരതയുള്ള അന്തരീക്ഷ താപനില, നക്ഷത്രങ്ങളില്‍ നിന്നും ഒരുപാട് അടുത്തും അകലെയുമല്ലാത്ത ദൂരം തുടങ്ങി അനുകൂല ഘടകങ്ങള്‍ ഇത്തരം സമുദ്രങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. എന്നാല്‍ IWOW എന്നുവിളിക്കുന്ന ഒളിഞ്ഞിരിക്കുന്ന സമുദ്രങ്ങളുള്ള ഗ്രഹങ്ങളില്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള അനുകൂല ദൂരമെന്ന വിഷയം പ്രസക്തമല്ല. ഇതോടെ ജീവനുള്ള അനുകൂല സാധ്യതയുള്ള ഗ്രഹങ്ങളുടെ എണ്ണം മുന്‍ ധാരണകളെ അപേക്ഷിച്ച് കുതിച്ചുയരുകയാണ്. 

 

ഭൂമിയെ പോലുള്ള ഗ്രഹങ്ങളിലെ സമുദ്രങ്ങള്‍ക്ക് ഉയര്‍ന്ന റേഡിയേഷന്‍, ഛിന്നഗ്രഹങ്ങള്‍, സൂപ്പര്‍നോവ സ്‌ഫോടനങ്ങള്‍ തുടങ്ങി നിരവധി ഭീഷണികളുണ്ട്. എന്നാല്‍ IWOW ഗ്രഹങ്ങള്‍ക്ക് ഇത്തരം ഭീഷണികളെ അതിജീവിക്കാന്‍ വേണ്ട പുറംചട്ടയുണ്ടെന്നാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ച പ്ലാനെറ്ററി സയന്റിസ്റ്റായ എസ്. അലന്‍ സ്റ്റേണ്‍ ഓര്‍മിപ്പിക്കുന്നത്. ഏതാനും കിലോമീറ്ററുകള്‍ വരെ ഇത്തരം സമുദ്രങ്ങള്‍ക്ക് പാറയുടേയോ മഞ്ഞിന്റേയോ ആവരണം ഉണ്ടാകാമെന്നും ഇത് അവിടങ്ങളിലെ ജീവനു പുറത്തുനിന്നുള്ള ഭീഷണികളെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

 

ഉള്ളില്‍ സമുദ്രത്തെ ഒളിപ്പിച്ചിട്ടുള്ള ഗ്രഹങ്ങളില്‍ ജീവനും ജീവികളും ഉണ്ടെങ്കില്‍ അവയെ ഭൂമിയിലിരുന്നുകൊണ്ട് കണ്ടെത്തുക നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് അസാധ്യമാണെന്നും സ്‌റ്റേണ്‍ ഓര്‍മിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ 'ഫെര്‍മിയുടെ പ്രഹേളിക' എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാവുകയും ചെയ്യും. ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന എന്റിക്കോ ഫെര്‍മി ഒരിക്കല്‍ ചോദിച്ച ചോദ്യമാണിത്. 'മറ്റുള്ളവരെല്ലാം എവിടെയാണ്?' അന്യഗ്രഹ ജീവനെക്കുറിച്ചുള്ള ഫെര്‍മിയുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മുൻപും ശേഷവും പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. 

 

പല ഗ്രഹങ്ങളും തങ്ങളുടെ ഉള്‍ഭാഗത്ത് വലിയ സമുദ്രങ്ങളെ വഹിക്കുന്നുണ്ടെങ്കില്‍ അതില്‍ ജീവനും ജീവജാലങ്ങളും ഉണ്ടാവാനുള്ള സാധ്യത വലുതാണ്. സാധ്യതകള്‍ പലതും ഉണ്ടായിട്ടും ഇന്നുവരെ അന്യഗ്രഹജീവനെക്കുറിച്ച് ഒരു തെളിവ് പോലും ലഭിക്കാത്തതിനുള്ള വിശദീകരണവും ഇതുവഴി അലന്‍ സ്‌റ്റേണ്‍ നല്‍കുന്നുണ്ട്. മഞ്ഞിന്റേയോ പാറകളുടേയോ കനത്ത ആവരണത്തിനുള്ളില്‍ സുസ്ഥിരമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടെങ്കില്‍ അതുതന്നെയാവും മനുഷ്യര്‍ക്ക് ഇന്നുവരെ അന്യഗ്രഹങ്ങളില്‍ ജീവന്‍ കണ്ടെത്താന്‍ സാധിക്കാത്തതെന്നാണ് സ്‌റ്റേണിന്റെ വാദം. അങ്ങനെയെങ്കില്‍ നമ്മള്‍ വിട്ടുകളഞ്ഞ പല ഗ്രഹങ്ങളിലും ഇനിയും ഒളിഞ്ഞിരിക്കുന്ന മഹാസമുദ്രങ്ങളും അന്യഗ്രഹ ജീവനും ഉണ്ടാകാമെന്ന സാധ്യത കൂടിയാണ് തെളിയുന്നത്.

 

English Summary: Worlds With Interior Oceans May Be More Hospitable Than Earth-Like Planets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com