ADVERTISEMENT

രാജ്യം വീണ്ടും കോവിഡ് ഭീതിയിലാണ്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് വാക്സീനേഷൻ നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്. ഇന്ത്യ ഇതിനകം തന്നെ 76 രാജ്യങ്ങളിലേക്ക് 6 കോടിയിലധികം കോവിഡ് -19 വാക്സിൻ അയച്ചിട്ടുണ്ട്. ഇതുവരെ 4.5 കോടി ഡോസുകൾ രാജ്യത്തെ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.

 

വാക്സീനേഷൻ ഡ്രൈവ് 'ജാൻ ആൻഡോളൻ' (ബഹുജന പ്രസ്ഥാനം) ആക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ വരെ 4.5 കോടി കോവിഡ് -19 വാക്സീൻ ഡോസുകൾ രാജ്യത്തെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. 76 രാജ്യങ്ങളിലേക്ക് ആറ് കോടിയിലധികം ഡോസുകൾ അയച്ചിട്ടുണ്ടെന്ന് വർധൻ പറഞ്ഞു.

 

വാക്സീനേഷൻ ഡ്രൈവ് ബഹുജന പ്രസ്ഥാനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി (ബിജെപി) പ്രസിഡന്റ് ജെ.പി. നദ്ദയും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 വാക്‌സീൻ നിർമാണ മേഖലയെ സഹായിക്കുന്നതിനായി ഏകദേശം 900 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

 

രാജ്യത്ത് നിർമിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്സീനുകളാണ് ഇന്ത്യ 76 രാജ്യങ്ങൾക്ക് നൽകി സഹായിച്ചത്. 76 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ 6 കോടി ഡോസ് മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സീനുകളാണ് വിതരണം ചെയ്തത്. പാക്കിസ്ഥാനും ഇറാനും ഇന്ത്യൻ നിർമിത വാക്സീനുകൾ നൽകിയിട്ടുണ്ട്.

 

ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത രാജ്യാന്തര കോവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഇറാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സീന്‍ പാക്കിസ്ഥാനു കൈമാറുന്നത്. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന്‍ പാക്കിസ്ഥാനു നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സീനുകൾ എല്ലാ രാജ്യങ്ങൾക്കും തുല്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ലോകത്തെ മൂന്നിൽ രണ്ട് രാജ്യങ്ങളും ഒരുമിച്ച് തുടങ്ങിയ ആഗോള സഹകരണമാണ് കോവാക്സ്. 

 

ഇതിൽ 37 രാജ്യങ്ങൾക്ക് 81 ലക്ഷത്തിലധികം ഡോസുകൾ സൗജന്യമായാണ് നൽകിയത്. 1 കോടി 65 ലക്ഷം ഡോസുകൾ 31 ഓളം രാജ്യങ്ങളിലേക്ക് യുഎന്നിന്റെ കോവാക്സ് പദ്ധതി വഴിയാണ് വിതരണം ചെയ്തത്. ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സീഷെൽസ്, ബഹ്‌റൈൻ, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് 'വാക്സിൻ മൈത്രി' വഴി സൗജന്യമായി ഇന്ത്യ വാക്സീനുകൾ നൽകിയത്.

 

വാണിജ്യാടിസ്ഥാനത്തിൽ 24 രാജ്യങ്ങളിലേക്ക് 3 കോടി 39 ലക്ഷത്തിലധികം വാക്സീൻ ഡോസുകളും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മിക്ക രാജ്യങ്ങളിലേക്കും മെയ്ഡ് ഇൻ ഇന്ത്യ വാക്സീനുകൾ ഒന്നിലധികം പദ്ധതികൾ വഴി വിതരണം ചെയ്തിട്ടുണ്ട്. അതിൽ ഗ്രാന്റ് എയ്ഡ്, കോവാക്സ് എന്നിവ ഉൾപ്പെടുന്നു. ഒന്നര മാസം മുൻപാണ് വിവിധ രാജ്യങ്ങൾക്ക് കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ‘വാക്സീൻ മൈത്രി’ ആരംഭിച്ചത്.

 

ഇന്ത്യൻ നിർമിത വാക്സീനുകൾ വിതരണം ചെയ്യണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭ്യർഥനയെത്തുടർന്നാണ് ഗ്രാന്റ് എയ്ഡിന് കീഴിൽ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നിവിടങ്ങളിലേക്ക് ജനുവരി 20ന് സർക്കാർ കോവിഡ് വാക്സീൻ വിതരണം ആരംഭിച്ചത്. കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ എല്ലാവരേയും സഹായിക്കുന്നതിന് രാജ്യത്തെ വാക്സീൻ ഉൽപാദനവും വിതരണ ശേഷിയും ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രഖ്യാപിത പ്രതിബദ്ധത പാലിച്ചാണ് ഇത് ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

English Summary: 6 cr COVID-19 vaccine doses sent to 76 nations, 4.5 cr doses administered in India: Harsh Vardhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com