ADVERTISEMENT

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള അമേരിക്കയുടേയും നാസയുടേയും ശ്രമങ്ങള്‍ ഒരുപടി കൂടി മുന്നോട്ട്. സ്‌പേസ് ലോഞ്ച് വെഹിക്കിള്‍ എന്ന കൂറ്റന്‍ റോക്കറ്റിന്റെ എൻജിന്റെ എട്ട് മിനിറ്റ് നീണ്ട ഹോട്ട് എയര്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയായി. നവംബറില്‍ മനുഷ്യരില്ലാത്ത എസ്എല്‍എസ് വിക്ഷേപണത്തിനു മുൻപുള്ള പ്രധാന കടമ്പയാണ് ഇതോടെ പൂര്‍ത്തിയായത്.

 

മിസിസിപ്പിയിലെ സ്റ്റെന്നിസ് സ്‌പേസ് സെന്ററിലായിരുന്നു എസ്എല്‍എസ് എൻജിന്റെ പരീക്ഷണം നടന്നത്. റോക്കറ്റ് എൻജിന്‍ ഭൂമിയില്‍ ഉറപ്പിച്ചുകൊണ്ട് തന്നെ ഇന്ധനം കത്തിച്ചുകൊണ്ടുള്ള വിവിധ ഘട്ടങ്ങളുടെ പരീക്ഷണമാണ് പൂര്‍ത്തിയായത്. വ്യത്യസ്ഥ ഘട്ടങ്ങളില്‍ റോക്കറ്റിലെ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ വിലപ്പെട്ട വിവരങ്ങള്‍ ആര്‍ട്ടിമിസ് 1 കോര്‍ സ്‌റ്റേജ് ഹോട്ട് ഫയര്‍ ടെസ്റ്റ് എന്ന് പേരിട്ട പരീക്ഷത്തിന്റെ ഭാഗമായി ശേഖരിക്കാനായി. 

 

എട്ടു മിനിറ്റ് നീണ്ട ആര്‍ട്ടിമിസ് 1 കോര്‍ സ്‌റ്റേജ് പരീക്ഷണത്തിന്റെ ഭാഗമായി ഫ്‌ളൈറ്റ് കംപ്യൂട്ടറുകള്‍, റോക്കറ്റിന്റെ ഭാഗമായുള്ള 50 ഏവിയോണിക് യൂണിറ്റുകള്‍, നാവിഗേഷനും നിയന്ത്രണ സംവിധാനങ്ങളും, ഫ്‌ളൈറ്റ് സോഫ്റ്റ്‌വെയര്‍ എന്നിവയും പരീക്ഷിച്ചു. ഈ നവംബറില്‍ നടക്കുന്ന ആദ്യ എസ്എല്‍എസ് വിക്ഷേപണത്തില്‍ യാത്രികര്‍ ഉണ്ടാവില്ല. ഓറിയോണ്‍ ക്യാപ്‌സ്യൂള്‍ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനു ചുറ്റും വലം വെക്കും. 2023ലായിരിക്കും ആദ്യ മനുഷ്യ ദൗത്യം ആര്‍ട്ടിമിസ് 2 നടക്കുക. 2024ലാണ് ആര്‍ട്ടിമിസ് 3 അഥവാ ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്ന ദൗത്യം നടക്കുമെന്ന് നാസ കണക്കുകൂട്ടുന്നത്.

 

എസ്എല്‍എസ് എൻജിന്റെ എട്ട് മിനിറ്റ് നീണ്ട പരീക്ഷണത്തിനിടെ ഏഴ് ലക്ഷം ഗാലണ്‍ ലിക്യുഡ് ഓക്‌സിജനും ലിക്യുഡ് ഹൈഡ്രജനുമാണ് കത്തിച്ചത്. ഈ പരീക്ഷണം വിജയമായതോടെ യാത്രികരില്ലാതെയുള്ള ദൗത്യത്തിന് എസ്എല്‍എസ് റോക്കറ്റ് തയാറായി. കെന്നഡി സ്‌പേസ് സെന്ററിലേക്ക് ആര്‍ട്ടിമിസ് 1ന്റെ കോര്‍സ്‌റ്റേജ് കൊണ്ടുപോകും. റോക്കറ്റിന്റെ ശേഷിക്കുന്ന ഭാഗങ്ങളും ഓറിയോണ്‍ സ്‌പേസ്‌ക്രാഫ്റ്റും ഇവിടെ വെച്ചാകും കൂട്ടിച്ചേര്‍ക്കുക. 

 

ഭൂമിയില്‍ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും കരുത്തേറിയ റോക്കറ്റാണ് എസ്എല്‍എസ്. അപ്പോളോ 11 ദൗത്യത്തില്‍ ഒരു ദിവസത്തില്‍ താഴെ സമയമാണ് ചന്ദ്രനില്‍ മനുഷ്യന്‍ കഴിഞ്ഞതെങ്കില്‍ ആര്‍ട്ടിമിസ് 3 ദൗത്യത്തില്‍ ഒരാഴ്ചയോളം തങ്ങും. ആദ്യ വനിതയും ഈ ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലെത്തുക. 1972ന് ശേഷം ആദ്യമായാണ് മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നത്.

 

English Summary: 8 Minutes of Fire: NASA’s 2nd Test of Giant New Moon Rocket Is a Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com