sections
MORE

ബെയ്റൂട്ടിലേത് ഭൂമിയിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്!

LEBANON-BLAST
SHARE

കഴിഞ്ഞ ഓഗസ്റ്റിലാണ് ലബനനിലെ ബെയ്‌റൂട്ട് തുറമുഖത്ത് അപ്രതീക്ഷിതമായി വന്‍ സ്‌ഫോടനമുണ്ടായത്. മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ ആണവേതര സ്‌ഫോടനങ്ങളുടെ പട്ടികയിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്ത ഈ സ്‌ഫോടനത്തെ തുടര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തിലെ മുകളിലെ പാളികളില്‍ വരെ പ്രകമ്പനമുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ റൂര്‍കില എന്‍ഐടിയിലേയും ജപ്പാനിലെ ഹോക്കെയ്‌ഡോ സര്‍വകലാശാലയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനമാണ് ഈ കണ്ടെത്തലിനു പിന്നില്‍.

ബെയ്‌റൂട്ട് സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനം ഭൂമിയുടെ പലഭാഗത്തുമുള്ള സെന്‍സറുകള്‍ പിടിച്ചെടുത്തിരുന്നു. ടുണീഷ്യ മുതല്‍ ജര്‍മനി വരെയുള്ള രാജ്യങ്ങളില്‍ ഇതിന്റെ കമ്പനങ്ങള്‍ അറിഞ്ഞു. സ്‌ഫോടനം നടന്ന പ്രദേശത്തു നിന്നും 500 കിലോമീറ്റര്‍ അകലെ വരെയുള്ള ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇത് പിടിച്ചെടുത്തു. ഭൂമിയിലെ മാത്രമല്ല അന്തരീക്ഷത്തിലെ മുകളിലെ പാളികളെ വരെ കിടുക്കി കളഞ്ഞ സ്‌ഫോടനമായിരുന്നു ബെയ്‌റൂട്ടില്‍ സംഭവിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നിരവധി അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്ക് തുല്യമായിരുന്നു ഇതിന്റെ ശേഷി.

സ്‌ഫോടനം നടന്ന പ്രദേശത്തു നിന്നും തെക്ക് ഭാഗത്തെ ആകാശത്തേക്ക് സെക്കന്റില്‍ 0.8 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ഒരു തരംഗം സൃഷ്ടിച്ചതായി കണ്ടെത്തി. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലെ മുകളിലെ പാളിയായ അയണോസ്ഫിയര്‍ വരെയെത്തി എന്നും ഹൊക്കെയ്‌ഡോ സര്‍വകലാശാലയിലെ കൊസുകെ ഹെകി പറഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 50 മുതല്‍ 90 കിലോമീറ്റര്‍ വരെ ഉയരത്തില്‍ കാണപ്പെടുന്ന അന്തരീക്ഷപാളിയാണ് അയണോസ്ഫിയര്‍.

ബെയ്‌റൂട്ട് സ്‌ഫോടനം സംഭവിച്ച ദിവസം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) അയച്ച മൈക്രോവേവ് തരംഗങ്ങളാണ് സ്‌ഫോടനത്തിന്റെ ഭീകരതയെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ നല്‍കിയത്. ഭൂമിയില്‍ നടക്കുന്ന വന്‍ സ്‌ഫോടനങ്ങള്‍ കണ്ടെത്തുന്നതിന് 1990കള്‍ മുതല്‍ ഇത്തരം സാറ്റലൈറ്റ് സംവിധാനങ്ങളെ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നുണ്ട്. അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ മുതല്‍ രഹസ്യ ആണവ പരീക്ഷണങ്ങള്‍ വരെ ഇത്തരത്തില്‍ കണ്ടെത്താനും സാധിച്ചിട്ടുണ്ട്.

ഭൂമിയുടെ അന്തരീക്ഷത്തിലെ കമ്പനങ്ങള്‍ പിടിച്ചെടുത്ത് 1990കളില്‍ ചൈന വ്യോമിംങിലെ കല്‍ക്കരി ഖനിയില്‍ നടത്തിയ മൂന്ന് കൂറ്റന്‍സ്‌ഫോടനങ്ങളാണ് അമേരിക്ക കണ്ടെത്തിയത്. ബെയ്‌റൂട്ട് സ്‌ഫോടനത്തെ തുടര്‍ന്ന് അയണോസ്ഫിയറില്‍ ഉണ്ടായ കമ്പനങ്ങള്‍ അടുത്തിടെ ജപ്പാനിലും മറ്റുമുണ്ടായ അഗ്നിപര്‍വത സ്‌ഫോടനങ്ങളുമായും ശാസ്ത്രജ്ഞര്‍ താരതമ്യം ചെയ്തു. 2004ല്‍ മധ്യ ജപ്പാനിലുണ്ടായ അസാമ അഗ്നപര്‍വത സ്‌ഫോടനത്തേക്കാളും ശക്തിയേറിയതായിരുന്നു ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനമെന്നും കണ്ടെത്തി.

കപ്പലില്‍ സൂക്ഷിച്ചിരുന്ന ഏതാണ്ട് 2700 ടണ്‍ അമോണിയം നൈട്രേറ്റാണ് ബെയ്‌റൂട്ട് സ്‌ഫോടനത്തിന് കാരണമായത്. 1.1 കിലോടണ്‍ കണക്കാക്കപ്പെടുന്ന ഈ സ്‌ഫോടനം ഒരു ചെറു ആണവബോബ്‌ സ്‌ഫോടനത്തിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പൊറുതിമുട്ടിയിരുന്ന ലബനനില്‍ കൊറോണക്ക് പുറമേ സംഭവിച്ച അപ്രതീക്ഷിത അപകടമായിരുന്നു ഈ സ്‌ഫോടനം. പഠനത്തിന്റെ പൂര്‍ണരൂപം സയന്റിഫിക് റിപ്പോര്‍ട്ടിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: The Tragic Beirut Explosion Was So Violent, It Disturbed Earth's Ionosphere

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA