ADVERTISEMENT

നിലവിലെ സാങ്കേതികവിദ്യകള്‍ക്ക് വിശദീകരിക്കാനാവാത്ത പല പറക്കുംതളികകളുടേയും വിഡിയോകള്‍ അമേരിക്കന്‍ നാവിക- വ്യോമ സേനകളുടെ പക്കലുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയിലെ മുന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫാണ് പെന്റഗണിന്റെ പക്കലുള്ള രഹസ്യവും ദുരൂഹവുമായ തെളിവുകളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതുവരെ പരസ്യമാക്കാത്ത പറക്കും തളികകളുടെ വിഡിയോകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.

 

2020 മെയ് മുതല്‍ 2021 ജനുവരി വരെ നാഷണല്‍ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി ഡയറക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ളയാളാണ് ജോണ്‍ റാറ്റ്ക്ലിഫ്. അമേരിക്കന്‍ നാവിക, വ്യോമ സേനാ പൈലറ്റുമാരും സാറ്റലൈറ്റുകളുമാണ് നിലവിലെ മനുഷ്യന്റെ ശാസ്ത്ര ബോധം കൊണ്ട് വിശദീകരിക്കാനാവാത്ത പല പ്രതിഭാസങ്ങളേയും രേഖപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് ശബ്ദവിസ്‌ഫോടനമില്ലാതെ (സോണിക് ബൂം) പൊടുന്നനെ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുക പോലുള്ളവ രേഖപ്പെടുത്തിയിട്ടുണ്ട്.

 

മനുഷ്യ നിര്‍മിത വിമാനങ്ങള്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സമ്മര്‍ദ തിരകള്‍ അവക്ക് ചുറ്റും സൃഷ്ടിക്കപ്പെടും. ഇത് വൈകാതെ ശബ്ദവിസ്‌ഫോടനമായി അനുഭവപ്പെടുകയും ചെയ്യും. ശബ്ദവിസ്‌ഫോടനം ഉണ്ടാക്കാതെ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ ഇതുവരെ നമുക്ക് കണ്ടെത്താനായിട്ടില്ല. ശബ്ദവിസ്‌ഫോടനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ എൻജിനീയര്‍മാര്‍ തുടരുമ്പോള്‍ അത് അസാധ്യമാണെന്നാണ് നമ്മുടെ ഭൗതികശാസ്ത്രം പറയുന്നത്. 

 

അമേരിക്കന്‍ നാവിക അധികൃതര്‍ അടുത്തിടെ മൂന്ന് യുഎഫ്ഒ വിഡിയോകള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മറ്റൊരു നിര്‍ണായക തീരുമാനവും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം എടുത്തിരുന്നു. ഇത്തരം വിശദീകരിക്കാനാവാത്ത പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്നതിന് അണ്‍ഐഡന്റിഫൈയ്ഡ് ഏരിയല്‍ ഫിനോമിന ടാസ്‌ക് ഫോഴ്‌സ് (UAPTF) എന്ന പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു. 2000 മുതലുള്ള സമാനമായ പറക്കുംതളിക വിഡിയോകള്‍ പരിശോധിക്കുകയായിരുന്നു യുഎപിടിഎഫിന്റെ ലക്ഷ്യം. 

 

2020 ജൂണില്‍ ഇന്റലിജന്‍സ് ഓതറൈസേഷന്‍ ആക്ട് (ഐഎഎ) എന്ന പേരില്‍ ഒരു നിയമവും യുഎപിടിഎഫിനു വേണ്ടി അമേരിക്കന്‍ സെനറ്റ് സെലക്ട് കമ്മറ്റി പാസാക്കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിനും ജനങ്ങള്‍ക്കും സ്വത്തിനും ഭീഷണിയാവുന്ന വിദേശ സര്‍ക്കാരുകളുടെ നീക്കങ്ങള്‍ തിരിച്ചറിയുക ഈ ദൗത്യസംഘത്തിന്റെ ചുമതലയാണ്. ഇക്കൂട്ടത്തില്‍ ലഭിക്കുന്ന യുഎഫ്ഒകളുടെ വിഡിയോകള്‍ പരിശോധിച്ച് 180 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുകയും വേണം. അവരുടെ ആദ്യ റിപ്പോര്‍ട്ട് 2021 ജൂണ്‍ 25ന് അമേരിക്കന്‍ സര്‍ക്കാര്‍ മുൻപാകെ സമര്‍പ്പിക്കാനിരിക്കയാണ്.

 

ഇപ്പോഴും ആദ്യ UAPTF റിപ്പോര്‍ട്ടില്‍ എന്താണെന്ന് അറിയില്ലെങ്കിലും റാറ്റ്ക്ലിഫ് അടക്കമുള്ളവരുടെ പ്രതികരണങ്ങളിൽ നിന്ന് ചില സൂചനകള്‍ ലഭിക്കുന്നുണ്ട്. അമേരിക്കന്‍ നാവികസേന വിശദീകരിക്കാനാവാത്ത മൂന്ന് പറക്കും തളിക വിഡിയോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കിലും വ്യോമസേന ഇപ്പോഴും മൗനം തുടരുകയാണ്. 'ദുരൂഹത ഒഴിവാക്കി ലഭ്യമായ പരമാവധി വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കുകയാണ് നല്ലത്. ഞങ്ങളെ പോലുള്ളവര്‍ ഏതുവിധത്തിലുള്ള വിവരങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നത് സംബന്ധിച്ച് അമേരിക്കക്കാര്‍ക്ക് അത് വ്യക്തമായ സൂചന നല്‍കുമെന്നാണ് റാറ്റ്ക്ലിഫ് നിലപാട് വിശദീകരിക്കുന്നത്.

 

English Summary: Government Reports Say UFOs Broke Sound Barrier Without Sonic Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com