sections
MORE

മരണാനന്തര യാത്ര സുഖപ്രദമാക്കാൻ ശവക്കല്ലറകളിൽ തൂവല്‍ക്കിടക്ക, കൂടെ തല വെട്ടിയെടുത്ത മൂങ്ങയും!

iron-age-warriors
SHARE

ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോരാളികളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നത് പക്ഷിത്തൂവല്‍കൊണ്ട് നിര്‍മിച്ച കിടക്കയിലെന്ന് കണ്ടെത്തി. മധ്യ സ്വീഡനില്‍ കണ്ടെത്തിയ 90 ശവകുടീരങ്ങളില്‍ വഞ്ചിയുടെ രൂപത്തിലുള്ള രണ്ടെണ്ണത്തിലാണ് പോരാളികളെ തൂവല്‍ക്കിടക്കുമേല്‍ അടക്കിയിരിക്കുന്നത്. മരണാനന്തര ജീവിതത്തിലേക്കുള്ള യാത്ര സുഖപ്രദമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ വിചിത്ര ആചാരമെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്.

പ്രാദേശികമായി കണ്ടുവരുന്ന അരയന്നം, താറാവ്, കാക്ക, കുരുവി, കാട്ടുകോഴി, കൊക്ക്, മൂങ്ങ തുടങ്ങി വിവിധ പക്ഷികളുടെ തൂവലുകള്‍ കൊണ്ടാണ് ഈ പോരാളികള്‍ക്കായി മെത്തകൾ ഒരുക്കിയിരുന്നത്. പടയാളികളുടെ കിരീടങ്ങളും പടച്ചട്ടകളും ആയുധങ്ങളും തുടങ്ങി അവര്‍ക്കിഷ്ടമായിരുന്ന എല്ലാ ഉപകരണങ്ങളും ശവകുടീരത്തിലുണ്ടായിരുന്നു. ഇതെല്ലാം മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കുമെന്ന വിശ്വാസമായിരുന്നു അന്ന് മനുഷ്യരെ ഇത്തരം ആചാരങ്ങളിലേക്ക് നയിച്ചതെന്നും ഗവേഷകര്‍ കരുതുന്നു. 

കൂട്ടത്തില്‍ ഒരു മൂങ്ങയുടെ തല വെട്ടിയെടുത്ത നിലയിലും ശവകുടീരത്തില്‍ കാണാമായിരുന്നു. ഇതെന്തിനാണെന്നത് സംബന്ധിച്ച് ഗവേഷകര്‍ക്ക് വ്യക്തതയില്ല. എങ്കിലും മരണാനന്തര ചടങ്ങുകളുടെ ഭാഗമായിട്ടായിരിക്കണം ഇങ്ങനെ ചെയ്തതെന്നും കരുതപ്പെടുന്നു. 1920കളിലാണ് മധ്യ സ്വീഡനിലെ വാല്‍സ്ഗാര്‍ഡെ എന്ന ഫാമില്‍ നിന്നും 15 പോരാളികളുടെ ശവകുടീരങ്ങള്‍ കണ്ടെത്തുന്നത്. ഇതില്‍ രണ്ടെണ്ണം തുറന്ന് പരിശോധിച്ചപ്പോഴാണ് ഈ വസ്തുക്കള്‍ ലഭിച്ചിരിക്കുന്നത്. 

സ്‌കാന്‍ഡിനേവിയന്‍ നാടോടിക്കഥകളില്‍ തന്നെ മരണാനന്തരം മറവുചെയ്യുമ്പോള്‍ വെക്കേണ്ട തൂവലുകളുടെ പ്രത്യേകതകളെക്കുറിച്ച് പറയുന്നുണ്ട്. ഇതിനായി തിരഞ്ഞെടുക്കുന്ന പക്ഷികള്‍ക്ക് പോലും പ്രത്യേകം കാരണങ്ങള്‍ നിരത്തിയിരുന്നു. കോഴി, മൂങ്ങ, കാക്ക, മയില്‍ തുടങ്ങിയവയുടെ തൂവലുകള്‍ മരണസമയത്ത് അനുഭവിച്ച യാതനകളെ സൂചിപ്പിക്കുന്നു. ഭൗതികശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്നതിന് ഏറ്റവും മികച്ച ഒന്നായാണ് അരയന്നത്തിന്റെ തൂവലുകളെ കരുതിയിരുന്നത്. മൂങ്ങകളുടെ തൂവലുകള്‍ സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനത്തെയാണ് സൂചിപ്പിച്ചിരുന്നത്. 

എഡി 570-1030 കാലം വരെ പഴക്കമുള്ള ശവകുടീരങ്ങളാണ് വാല്‍സ്ഗാര്‍ഡെയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ആകെയുള്ള 90 ശവകുടീരങ്ങളില്‍ 15 എണ്ണമാണ് പോരാളികളുടേതായി കണക്കാക്കപ്പെടുന്നത്. ഇവ ഏഴ് മുതല്‍ ഒൻപത് നൂറ്റാണ്ട് വരെ മുൻപുണ്ടായിരുന്നവയാണ്. വഞ്ചിയുടെ രൂപത്തിലുള്ള ഇവയ്ക്ക് ഏതാണ്ട് 30 അടിയോളം നീളമുണ്ടായിരുന്നു. അഞ്ച് ജോഡി തുഴക്കാര്‍ക്കുള്ള സ്ഥലം ഈ മരണാനന്തര യാത്രക്കായി ഒരുക്കിയ വഞ്ചിയിലുണ്ടായിരുന്നു. ആയുധങ്ങള്‍ക്ക് പുറമേ കന്നുകാലികള്‍, പന്നി, ചെമ്മരിയാട്, മഞ്ഞു മൂങ്ങ, താറാവ്, അരയന്നം എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

ആയിരത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകളില്ലാതെ പക്ഷിത്തൂവലുകള്‍ ലഭിച്ചത് അവ അത്രമേല്‍ സൂഷ്മതയോടെ സൂക്ഷിച്ചിരുന്നതുകൊണ്ടാണെന്നാണ് പുരാവസ്തു ഗവേഷകര്‍ സൂചിപ്പിക്കുന്നത്. പൗരാണിക കാലത്തെ മനുഷ്യര്‍ക്ക് പക്ഷികളുമായുണ്ടായിരുന്ന ബന്ധത്തിന്റെ സൂചകമായി കൂടിയാണിത് കരുതപ്പെടുന്നത്. പഠനത്തിന്റെ പൂര്‍ണ രൂപം ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Iron Age warriors were buried in Sweden with luxury bedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA