ADVERTISEMENT

പൂനെയിലെ ജിഎംആർടി റേഡിയോ ടെലസ്‌കോപിന് ആഗോള എൻജിനീയര്‍മാരുടെ കൂട്ടായ്മ ഐഇഇഇ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ് (IEEE) ആണ് ഇന്ത്യയുടെ അഭിമാനമായ ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപി (GMRT)ന് ഐഇഇഇ മൈല്‍സ്റ്റോണ്‍ ഫലകം സമ്മാനിച്ചിരിക്കുന്നത്. മാനവികതക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ലോകത്തെ തന്നെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപുകളിലൊന്നായ ജിഎംആര്‍ടിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.

 

പൂനെക്കടുത്ത് 1996 മുതലാണ് ജിഎംആര്‍ടി പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാണ്ട് മുപ്പത് ചതുരശ്ര കിലോമീറ്ററിലായി 30 ആന്റിനകളാണ് ഈ റേഡിയോ ടെലസ്‌കോപിനുവേണ്ടി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 16 ആന്റിനകള്‍ Y രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള 14 എണ്ണം അടുത്തടുത്തായും വെച്ചിരിക്കുന്നു. പൂനെ നഗരത്തില്‍ നിന്നും ഏതാണ്ട് 80 കിലോമീറ്റര്‍ അകലെയാണ് ഈ റേഡിയോ ടെലസ്‌കോപ് സ്ഥിതിചെയ്യുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചും നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോ ഫിസിക്‌സും ചേര്‍ന്നാണ് ഈ ടെലസ്‌കോപിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 

ആഗോളതലത്തിലുള്ള പ്രപഞ്ച ശാസ്ത്രജ്ഞരും ജ്യോതിശാസ്ത്രജ്ഞരുമെല്ലാം ഈ ടെലസ്‌കോപില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മറ്റു താരാപഥങ്ങളിലെ ന്യൂട്രല്‍ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഈ ടെലസ്‌കോപ് വഹിച്ചത്. ചൊവ്വാ ദൗത്യം അടക്കമുള്ള പല ബഹിരാകാശ ദൗത്യങ്ങളിലും ഈ ടെലസ്‌കോപില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഗുണകരമായ പങ്കുവഹിച്ചിട്ടുണ്ട്.

 

റേഡിയോ ജ്യോതിശാസ്ത്രത്തില്‍ ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന പ്രൊഫ. ഗോവിന്ദ് സ്വരൂപിന്റെ നേതൃത്വത്തിലാണ് ഈ ടെലസ്‌കോപ് സ്ഥാപിക്കപ്പെട്ടത്. ഊട്ടി റേഡിയോ ടെലസ്‌കോപിന്റെ രൂപരേഖ തയാറാക്കുന്നതിലും നിര്‍മാണത്തിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഐഇഇഇയുടെ ഫലകവും പ്രശസ്തിപത്രവും എന്‍സിആര്‍എയുടെ ഡയറക്ടര്‍ പ്രൊഫ.യശ്വന്ത് ഗുപ്തക്ക് കൈമാറി. വളരെ കുറച്ച് റേഡിയോ ടെലസ്‌കോപുകള്‍ക്ക് മാത്രമേ ആഗോളതലത്തില്‍ ഐഇഇഇ മൈല്‍സ്‌റ്റോണ്‍ സ്റ്റാറ്റസ് ലഭിച്ചിട്ടുള്ളൂവെന്നും ഇത് എന്‍സിആര്‍എയെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നുവെന്നും ഗുപ്ത പ്രതികരിച്ചു. 

 

English Summary: Why global body of engineers picked Pune radio telescope for rare honour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com