ADVERTISEMENT

ഹോട്ടലിൽ ചെന്ന് ഒരു പ്ലേറ്റ് പൊറോട്ടയും ബീഫ് റോസ്റ്റും പോരട്ടേയെന്നു മനസ്സിൽ ഓർഡർ ചെയ്യുന്നു. 10 മിനിട്ടിനകം മൊരുമൊരാ പൊറോട്ടയും കറുമുറാ ബീഫും മുന്നിൽ. അല്ലെങ്കിൽ വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ന്യൂസ് ചാനൽ മാറ്റി സിനിമാ ചാനൽ വരട്ടെയെന്നു മനസ്സിൽ പറയുന്നു. അടുത്ത നിമിഷം ടിവിയിൽ ചാനൽ മാറുന്നു. രാത്രി കിടപ്പമുറിയിലെത്തി എസിയുടെ നേരേ നോക്കി ‘ഒന്നു വേഗം തണുപ്പിക്കെടാ കുട്ടാ’ എന്നു വിചാരിക്കുന്നു. അടുത്ത നിമിഷം എസി ഓൺ ആകുന്നു. ഇതൊന്നും ഇനി തമാശയല്ല. വരും വർഷങ്ങളിൽ യാഥാർഥ്യമാകാൻ പോകുന്ന കാര്യങ്ങളാണ്.

 

നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂറാലിങ്ക് എന്ന അമേരിക്കൻ കമ്പനി ഇക്കാര്യത്തിൽ നിർണായകമായ ചുവടുവയ്പുകൾ നടത്തിക്കഴിഞ്ഞു. ലോകത്തിലെ ശതകോടീശ്വരൻമാരിൽ മുമ്പനും സംരംഭകനുമായ ഇലോൺ മസ്ക് നേതൃത്വം നൽകുന്ന കമ്പനിയാണു ന്യൂറാ ലിങ്ക്. പ്രത്യേകതരം കംപ്യൂട്ടർ ചിപ്പുകൾ തലച്ചോറിനുള്ളിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ ചിന്തകൾ മാത്രമുപയോഗിച്ചു വിഡിയോ ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടു കൊണ്ടാണു ന്യൂറാലിങ്ക് കഴിഞ്ഞ ദിവസം, തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ മാത്രമുപയോഗിച്ചു പുറംലോകത്തെ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിൽ തങ്ങൾ കൈവരിച്ച പുരോഗതി വെളിപ്പെടുത്തിയത്.

neuralink-monkey

 

ടെലിപ്പതിയിലൂടെ ആ വിഡിയോ ഗെയിം കളിച്ച ‘പേജർ’ എന്ന പേരുള്ള കുരങ്ങന്റെ ഒരു മിനിട്ടോളമുള്ള വിഡിയോ ആണു കമ്പനി പുറത്തുവിട്ടത്. ഈ ഗവേഷണം പൂർണതോതിൽ വിജയകരമായാൽ പക്ഷാഘാത രോഗികൾ, അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ ബാധിതർ തുടങ്ങിയവരുടെയൊക്കെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണു വരാൻ പോകുന്നത്. തളർന്നു കിടക്കുന്ന രോഗികൾക്കു പരസഹായമില്ലാതെ യന്ത്രങ്ങൾ ചലിപ്പിക്കാനും വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനും ആവശ്യമായ നിർദേശങ്ങൾ ചിന്തകളിലൂടെ നൽകാൻ കഴിയും.  

 

പക്ഷാഘാതബാധിതർക്കു ചലനശേഷി ലഭിക്കുന്ന തരത്തിലുള്ള നി‍ർണായക മേഖലകളിലേക്കും ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. കഴിവതും ഈ വർഷം തന്നെ മനുഷ്യന്റെ തലച്ചോറിൽ ചിപ്പുകൾ സ്ഥാപിച്ചുകൊണ്ടുള്ള പരീക്ഷണം ആരംഭിക്കുമെന്നു ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ല, ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് തുടങ്ങിയവയുടെയും ഉടമയാണു മസ്ക്.

 

English Summary: Elon Musk's brain-chip company, Neuralink, released a video of a monkey playing video games with its mind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com