ADVERTISEMENT

1945 ഓഗസ്റ്റ് ആറിനായിരുന്നു ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടത്. മനുഷ്യ മനസാക്ഷി മരവിച്ചു നില്‍ക്കെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് വര്‍ഷിച്ചു. അപ്പോഴേക്കും മൂന്നാമത്തെ അണുബോംബ് പരീക്ഷണ ശാലയില്‍ അവസാനഘട്ടത്തിലായിരുന്നു. ഇതിനിടെ ഓഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങിയതോടെ ഈ പദ്ധതി അമേരിക്കക്ക് ഉപേക്ഷിക്കേണ്ടി വന്നു. മൂന്നാം അണുബോംബ് മനുഷ്യര്‍ക്ക് മേല്‍ വീണില്ലെങ്കിലും അതുണ്ടാക്കിയ ദുരന്തങ്ങള്‍ ചെറുതല്ല.

 

ഹിരോഷിമയുടേയും നാഗസാക്കിയുടേയും ആകാശത്ത് അമേരിക്ക പൊട്ടിച്ച ലിറ്റില്‍ ബോയും ഫാറ്റ്മാനും ജപ്പാനെ അടപടലം തകര്‍ത്തു കളഞ്ഞിരുന്നു. പതിനായിരങ്ങള്‍ തല്‍ക്ഷണം മരിക്കുകയും അതിലേറെ പേര്‍ ജീവശവമാവുകയും ചെയ്തു. തകര്‍ന്നടിഞ്ഞതോടെ ജാപ്പനീസ് ഭരണാധികാരി ഹിറോഹിതോ കീഴടങ്ങുകയാണെന്ന് 1945 ഓഗസ്റ്റ് 15ന് പ്രഖ്യാപിക്കുന്നത്. ഇതോടെയാണ് പ്രൊജക്ട് വൈ എന്ന് പേരിട്ടിരുന്ന ന്യൂ മെക്‌സിക്കോയിലെ ലോസ് അലാമോസ് ലബോറട്ടറിയിലെ മൂന്നാം ആറ്റംബോംബ് നിര്‍മാണം അമേരിക്കയ്ക്ക് നിര്‍ത്തിവെക്കേണ്ടി വരുന്നത്. 

 

അപ്പോഴേക്കും ഏതോ ജാപ്പനീസ് നഗരത്തിന് മുകളില്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാന്‍ വേണ്ടി തയാറാക്കിയ മൂന്നാം അണുബോംബിന്റെ പ്രധാന നിര്‍മാണങ്ങള്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പൂര്‍ത്തിയായിരുന്നു. ഏതാണ്ട് 6.2 കിലോഗ്രാമായിരുന്നു ഇതിന്റെ ഉള്‍ഭാഗത്തിന്റെ ഭാരം. അന്ന് ജപ്പാന്‍ കീഴടങ്ങിയില്ലായിരുന്നെങ്കില്‍ നാല് ദിവസങ്ങള്‍ക്കകം ഈ ബോംബ് ജപ്പാന്റെ ഹൃദയം തകര്‍ക്കുമായിരുന്നു. എന്നാല്‍ റൂഫസ് എന്ന് പേരിട്ടിരുന്ന ഈ മൂന്നാം ആറ്റം ബോബിന്റെ പ്രധാനഭാഗം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് 'സാത്താന്റെ ഹൃദയമായി' മാറുകയാണുണ്ടായത്.

 

ജപ്പാന്‍ കീഴടങ്ങി ആഴ്ച പൂര്‍ത്തിയാകും മുൻപെ ഈ സാത്താന്റെ ഹൃദയം ആദ്യ മുന്നറിയിപ്പ് അമേരിക്കക്ക് നല്‍കി. ജപ്പാനില്‍ പ്രയോഗിക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി തീരുമാനിച്ച് രണ്ട് ദിവസം മാത്രമേ അപ്പോഴും ആയിരുന്നുള്ളൂ. ആണവബോംബുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമായ ബോധ്യമുള്ള ലോസ് അലാമോസിലെ ആണവശാസ്ത്രജ്ഞര്‍ തന്നെയാണ് സാത്താന്റെ ഹൃദയത്തിന്റെ ഇരകളായത്. 

 

ഇത്തരം അപകടകരമായ പരീക്ഷണങ്ങളെ ലോസ് അലാമോസിലെ ശാസ്ത്രജ്ഞര്‍ 'വ്യാളിയുടെ വാലില്‍ ഇക്കിളിയിടുക' എന്നാണ് വിളിച്ചിരുന്നത്. നേരിയ കയ്യബദ്ധം പോലും വലിയ ദുരന്തത്തിനിടയാക്കുമെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഈ വിളിപ്പേര്. ആ വിളിപ്പേരിലെ അപകടസൂചന തന്നെയാണ് ലോസ് അലാമോസിലെ ഭൗതികശാസ്ത്രജ്ഞനായ ഹാരി ഡാഗ്‌ലിയന് അനുഭവിക്കേണ്ടി വന്നത്. 

 

1945 ഓഗസ്റ്റ് 21ന് അത്താഴത്തിന് ശേഷമായിരുന്നു ഹാരി ഡാഗ്‌ലിന്‍ പരീക്ഷണത്തിനായെത്തിയത്. അപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശാസ്ത്രജ്ഞരായി ആരും ഉണ്ടായിരുന്നില്ല. ആണവബോംബിന്റെ അകക്കാമ്പിലെ പ്ലൂട്ടോണിയം ഗോളത്തിന് ചുറ്റും ടങ്‌സ്റ്റണ്‍ കാര്‍ബൈഡ് കട്ടകള്‍ വെക്കുകയാണ് അദ്ദേഹം ചെയ്തത്. ഇവ അകക്കാമ്പില്‍ നിന്നുള്ള ന്യൂട്രോണുകളെ അപകടകരമാംവിധം പ്രതിഫലിപ്പിക്കുന്നവയായിരുന്നു. 

 

ഹാരി ഡാഗ്‌ലിയന്റെ കൈവശമുണ്ടായിരുന്ന ന്യൂട്രോണ്‍ നിരീക്ഷണ ഉപകരണം അപകട മുന്നറിയിപ്പ് തരുന്നതുവരെ ഇത് തുടര്‍ന്നു. ടങ്സ്റ്റണ്‍ കാര്‍ബൈഡ് കട്ടകള്‍ വേഗത്തില്‍ എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അവ പ്ലൂട്ടോണിയം ഗോളത്തിന് മുകളിലേക്ക് വീണു. ഇതോടെ അതിശക്തമായ ഊഷ്മാവുണ്ടാവുകയും നീല വെളിച്ചം പരീക്ഷണമുറിയില്‍ പരക്കുകയും ചെയ്തു. ഉടന്‍ തന്നെ കാര്‍ബൈഡ് കട്ടകള്‍ ഡാഗ്‌ലിയന്‍ എടുത്തുമാറ്റിയെങ്കിലും ഇതിനകം തന്നെ ദുരന്തം നടന്നുകഴിഞ്ഞിരുന്നു. 

 

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ ഉയര്‍ന്ന അളവിലുള്ള റേഡിയേഷന്‍ ഡാഗ്‌ലിയന്റെ ശരീരത്തിന് അനുഭവിക്കേണ്ടി വന്നു. കൈവെള്ളയിലെ തൊലിയടക്കം അടര്‍ന്നുപോയി. ആഴ്ച്ചകള്‍ നീണ്ട വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കുമൊടുവില്‍ പൂര്‍ണ അബോധാവസ്ഥയിലേക്കുപോയ അദ്ദേഹം 25 ദിവസത്തിനു ശേഷം മരണമടയുകയായിരുന്നു. അദ്ദേഹത്തിനൊപ്പം വന്ന സുരക്ഷാ ജീവനക്കാരനും വലിയ തോതില്‍ റേഡിയേഷന്‍ അനുഭവിക്കേണ്ടി വന്നു. 

 

ഇതുകൊണ്ടുമാത്രം സാത്താന്റെ ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. പൊട്ടിത്തെറിച്ചില്ലെങ്കില്‍ പോലും ആണവബോംബിന്റെ ഉള്‍ഭാഗം എത്രമേല്‍ അപകടകരമാണെന്നതിന്റെ ആവര്‍ത്തിച്ചുള്ള തെളിവായിരുന്നു രണ്ടാമത്തെ സംഭവം. 1946 മെയ് 21ന് ഡാഗ്‌ലിയന്റെ സഹപ്രവര്‍ത്തകനായിരുന്ന ഭൗതികശാസ്ത്രജ്ഞന്‍ ലൂയിസ് സ്ലോട്ടിന്‍ മറ്റൊരു പരീക്ഷണം നടത്തുകയായിരുന്നു. ഇക്കുറി ഒരു സംഘം ശാസ്ത്രജ്ഞര്‍ പരീക്ഷണ മുറിയിലുണ്ടായിരുന്നു. 

 

ആറ്റംബോംബിന്റെ ഉള്‍ക്കാമ്പിന് മുകളില്‍ ബെറിലിയം അര്‍ധഗോളം വെച്ചായിരുന്നു പരീക്ഷണം. പൂര്‍ണമായും ബെറിലിയം കൊണ്ട് മൂടാതിരിക്കാന്‍ ഒരു സ്‌ക്രൂഡ്രൈവറിന്റെ സഹായമാണ് ലൂയിസ് സ്ലോട്ടിന്‍ തേടിയത്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചുണ്ടാക്കിയ വിടവുള്ളിടത്തോളം പ്രശ്‌നമുണ്ടായില്ല. എന്നാല്‍ പരീക്ഷണത്തിനിടെ ലൂയിസ് സ്ലോട്ടിന്റെ കൈപ്പിഴ മൂലം ബെറിലിയം ഗോളം പൂര്‍ണമായും ആറ്റംബോംബിന്റെ അകക്കാമ്പിനെ മൂടി. ബെറിലിയം കുമിളക്കുള്ളില്‍ ന്യൂട്രോണുകള്‍ തിങ്ങിനിറയുകയും ഊഷ്മാവ് അതിവേഗം ഉയരുകയും ചെയ്തു. ആറ്റംബോബിന്റെ അകക്കാമ്പിലൂടെ ഒരു നീലവെളിച്ചം പുറത്തുവന്നുവെന്നാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്ന ശാസ്ത്രജ്ഞനായ റാമെര്‍ ഷ്‌റൈബര്‍ പിന്നീടിതേക്കുറിച്ച് ഓര്‍ത്തെടുത്തത്. 

 

ഫോട്ടോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും അടക്കം എട്ട് പേരാണ് ഈ സമയത്ത് മുറിക്കുള്ളിലുണ്ടായിരുന്നത്. എങ്കിലും അമിത റേഡിയേഷന്‍ പ്രധാനമായും അനുഭവിക്കേണ്ടി വന്നത് ലൂയിസ് സ്ലോട്ടിനായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ദിവസങ്ങള്‍ക്കുശേഷമാണ് ഈ ശാസ്ത്രജ്ഞന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ത്രിമാനത്തിലുള്ള പൊള്ളലെന്നാണ് ലൂയിസ് സ്ലോട്ടിന് അനുഭവിക്കേണ്ടി വന്ന അവസ്ഥയെ ലോസ് അലാമോസ് അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ വിശേഷിപ്പിച്ചത്. 

 

മാസങ്ങള്‍ക്കിടെയുണ്ടായ രണ്ട് വലിയ അപകടങ്ങള്‍ ലോല് അലാമോസ് അധികൃതരെ ഇരുത്തി ചിന്തിപ്പിച്ചു. ആണവ ശാസ്ത്രജ്ഞര്‍ക്കായി പരീക്ഷണങ്ങള്‍ക്ക് പുതിയ ചട്ടങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. വെറും കൈ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചു. നൂറുകണക്കിന് മീറ്റര്‍ അകലെ നിന്നും റിമോട്ട് കണ്‍ട്രോള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രം മതി ഈ അത്യന്തം അപകടകരമായ പരീക്ഷണങ്ങളെന്നും തീരുമാനിച്ചു. പ്ലൂട്ടോണിയം അകക്കാമ്പ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന് 'റൂഫസ്' എന്നിട്ടിരുന്ന പേര് മാറ്റി 'സാത്താന്റെ ഹൃദയം' എന്നാക്കിയതിന് പിന്നില്‍ ശാസ്ത്രജ്ഞര്‍ നേരിട്ട ഇത്തരം അനുഭവങ്ങളായിരുന്നു.

 

English Summary: The Chilling Story of The 'Demon Core' And The Scientists Who Became Its Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com