ADVERTISEMENT

വിളയെ ആക്രമിക്കുന്ന കീടങ്ങളെ റിമോട്ടായി പിടിച്ചെടുക്കാന്‍ സാധിക്കുന്ന ഫ്‌ളൈട്രാപ് റോബോ-ചെടികളും വിളകൾക്ക് അസുഖം ബാധിച്ചിരിക്കുകയാണ് എന്ന് കര്‍ഷകനെ അറിയിക്കുന്ന ചെടികളും താമസിയാതെ യാഥാര്‍ഥ്യമായേക്കുമെന്ന് സിങ്കപ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. സസ്യജാലങ്ങളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന തരത്തിലുളള അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള ഗവേഷകര്‍. സസ്യങ്ങളില്‍ നിന്നു പുറത്തുവരുന്ന ശക്തികുറഞ്ഞ വൈദ്യുത സ്പന്ദനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ സാധിക്കുന്ന ഇലക്ട്രോഡുകള്‍ സസ്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുകയാണ് ഇവർ ചെയ്യുന്നത്. പരീക്ഷണങ്ങളെല്ലാം തുടക്ക ഘട്ടത്തിലാണെങ്കിലും ഏറെ പ്രതീക്ഷയ്ക്കു വകനല്‍കുന്നവയാണ്. ചെടികളിലേക്കും സാങ്കേതികവിദ്യയുടെ പകര്‍ന്നാട്ടം നടക്കുമ്പോള്‍ ഭാവിയിൽ വന്‍ മാറ്റങ്ങള്‍ തന്നെ  വന്നേക്കാമെന്നാണ് അനുമാനം.

 

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മാംസാഹാരി ചെടിയായ 'വീനസ് ഫ്‌ളൈട്രാപ്പി'ന്റെ (Venus flytrap) കീടക്കെണി പ്രവര്‍ത്തിപ്പിക്കുന്നതിലാണ് ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇതുപയോഗിച്ച് കീടത്തെ കെണിയിൽ വീഴ്ത്താന്‍ സാധിച്ചു. സ്മാര്‍ട് ഫോണ്‍ ആപ്പില്‍ സ്പര്‍ശിക്കുമ്പോഴാണ് കെണി വീഴുക. വാ പിളര്‍ന്നിരിക്കുന്ന വീനസ് ഫ്‌ളൈട്രാപ്പിന്റെ കെണി റോബോട്ട് സാങ്കേതികവിദ്യയുമായി ഘടിപ്പിക്കുകയും, ഈ യന്ത്രം ഉപയോഗിച്ച് താഴേക്കു വീണ അര മില്ലിമീറ്റര്‍ വലുപ്പമുള്ള വയര്‍ (wire) പിടിച്ചെടുക്കുകയും ചെയ്തു. ഈ സാങ്കേതികവിദ്യ അതിന്റെ തുടക്കത്തില്‍ മാത്രമാണ് ഇപ്പോഴുള്ളതെങ്കിലും ഭാവിയില്‍ സസ്യ-കേന്ദ്രീകൃതമായ റോബോട്ടുകളെ വികസിപ്പിക്കുന്നതിനു വരെ ഉപകരിച്ചേക്കുമെന്നും ഗവേഷകര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സാധാരണ റോബോട്ടുകള്‍ക്ക് ചെയ്യാന്‍ സാധ്യമല്ലാത്ത പല പ്രവൃത്തികളും ഇവയെക്കൊണ്ടു ചെയ്യിപ്പിക്കാമെന്നതു കൂടാതെ, നിലവിലുള്ള റോബോട്ടുകളെയും സസ്യ-കേന്ദ്രീകൃതമായ റോബോട്ടുകളെയും സംയോജിപ്പിച്ച് സങ്കര റോബോട്ടുകളെ സൃഷ്ടിക്കാമെന്നും അവര്‍ കരുതുന്നു.

 

പുതിയ പഠനപ്രബന്ധം അവതരിപ്പിച്ചിരിക്കുന്നത് നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ചെന്‍ ഷിയാവോഡോങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ്. പക്ഷേ, ഇനിയും പല കടമ്പകളും കടന്നാല്‍ മാത്രമാണ് പുതിയ സാങ്കേതികവിദ്യയുടെ പൂര്‍ണ ഗുണം ലഭിക്കൂവെന്നും അവര്‍ക്കറിയാം. ഉദാഹരണത്തിന് കെണി വീഴ്ത്തുന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചെങ്കിലും അതു തുറക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വീനസ് ഫ്‌ളൈട്രാപ്പ് തന്നെ അതിന്റ വാ തുറക്കണമെങ്കില്‍ പത്തോ അതിലേറെയോ മണിക്കൂര്‍ കാത്തിരിക്കണം. പക്ഷേ, അവര്‍ സൃഷ്ടിച്ചിരിക്കുന്ന സിസ്റ്റത്തിന്റെ സാധ്യതകള്‍ അപാരമാണെന്നു പറയുന്നു. ഉദാഹരണത്തിന് സസ്യങ്ങള്‍ പുറത്തുവിടുന്ന സിഗ്നലുകള്‍ അല്ലെങ്കില്‍ സൂചനകള്‍ പിടിച്ചെടുക്കാന്‍ പുതിയ സജ്ജീകരണത്തിനു സാധിക്കുന്നുണ്ട്. തങ്ങളുടെ വിളകള്‍ക്ക് പ്രശ്‌നങ്ങളുണ്ടോ എന്ന് കര്‍ഷകര്‍ക്ക് അറിയാനുള്ള സാധ്യതയായി ഇതിനെ വളര്‍ത്തിയെടുക്കാനായിരിക്കും ഇനി ശ്രമിക്കുക. ചെടികളുടെ വളര്‍ച്ചയിലെ അസ്വാഭാവിക പരിണാമങ്ങളും ഇതുവഴി മനസ്സിലാക്കാനായേക്കും.

 

ചെടികളുടെ വൈദ്യുത സിഗ്നലുകള്‍ നിരീക്ഷിക്കുക വഴി ചെടികള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് മനിസ്സിലാക്കിയെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് ചെന്‍ പറയുന്നത്. ചെടിക്കു ബാധിക്കാവുന്ന രോഗം മൂര്‍ച്ഛിക്കുന്നതിനു മുൻപ് തന്നെ അത്തരം ഒന്നിന്റെ സൂചനകള്‍ മനസ്സിലാക്കിയെടുത്ത് വേണ്ട പ്രതിവിധികള്‍ ചെയ്തു തുടങ്ങാന്‍ കര്‍ഷകരെ സഹായിക്കുകയായിരിക്കും ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം മൂലം ചെടികള്‍ കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്ന സമയവുമാണിത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനായാല്‍ ചെടികളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇക്കാലത്ത് ഗുണകരമായ മാറ്റം കൊണ്ടുവരാനായേക്കുമെന്നുള്ള പ്രതീക്ഷയും ഗവേഷകര്‍ പങ്കുവച്ചു.

 

സസ്യങ്ങള്‍ക്ക് വളരെ ശക്തികുറഞ്ഞ ഇലക്ട്രിക്കല്‍ സിഗ്നലുകൾ പുറപ്പെടുവിപ്പിക്കാനാകുമെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ക്ക് അറിവുള്ള കാര്യമാണ്. എന്നാല്‍, ചെടികളില്‍ ഇവ പിടിച്ചെടുക്കാന്‍ പാകത്തിനുള്ള സെന്‍സറുകള്‍ പിടിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണെന്നും അവര്‍ക്ക് അറിയാമായിരുന്നു. സിങ്കപ്പൂരിലെ ഗവേഷകര്‍ സെന്‍സറുകള്‍ തെര്‍മോജെല്‍ ഉപയോഗിച്ചാണ് സസ്യങ്ങളില്‍ ഉപയോഗിച്ചത്. താഴ്ന്ന ഉഷ്മാവില്‍ ദ്രാവകാവസ്ഥയിലാണ് തെര്‍മോജെല്‍ ഉള്ളതെങ്കില്‍ മുറിക്കുള്ളിലെ താപനിലയില്‍ അവ ജെല്‍ (പശിമ) പരുവത്തിലായിത്തീരുന്നു. ഇപ്പോള്‍ തെര്‍മോജെല്‍ ആണ് ചെടികളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്കായി കൂടുതലായി ഉപയോഗിക്കുന്നത്. എന്തായാലും പുതിയ കണ്ടെത്തലുകള്‍ ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.

 

English Summary: Robo-plants to alert farmers when they get sick! New ways of pest control too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com