ADVERTISEMENT

 

ഒരു ഇടവേളക്ക് ശേഷം ഇന്ത്യയിൽ കോവിഡ് -19 അതിവേഗം വ്യാപിക്കുകയാണ്. കൊറോണ വൈറസ് രാജ്യത്തുടനീളം കൂടുതൽ പേരെ ബാധിക്കുന്നത് തുടരുകയാണ്. എന്നാൽ, ഇന്ത്യയിൽ ദിവസേനയുള്ള കേസുകൾ ഇത്രയധികം വർധിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് പലരും ചോദിക്കുന്നത്. ഇതിന് മൂന്ന് കാരണങ്ങളാണ് വിദഗ്ധർ പറയുന്നത്.

 

അണുബാധയുടെ വ്യാപനത്തിനുള്ള ഒരു കാരണം കോവിഡ്–19 ന്റെ പുതിയ വകഭേദങ്ങളാണ്. പുറത്തുനിന്നു വന്നതും അല്ലാത്തതുമായ കോവിഡ്–19 വകഭേദങ്ങൾ രാജ്യത്തിനു വൻ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ വിശകലനം ചെയ്ത 15-20 ശതമാനം കേസുകൾക്കും കാരണം കോവിഡ്–19 ന്റെ പുതിയ വകഭേദങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ശതമാനം ഇനിയും കൂടിയാൽ മഹാരാഷ്ട്രയിലെ രോഗവ്യാപനത്തിൽ പുതിയ വകഭേദത്തിന്റെ പങ്ക് വ്യക്തമാകുമെന്ന് വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു.

 

ഇന്ത്യയിൽ ഇതിനകം തന്നെ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ തിരിച്ചറിഞ്ഞ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് അവസാനത്തിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ‌സി‌ഡി‌സി) മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളിൽ കോവിഡ്–19 ന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ 10 ലാബുകളുടെ കൺസോർഷ്യമായ ഇന്ത്യൻ സാർസ് കോവ്-2 കൺസോർഷ്യം ഓൺ ജീനോമിക്സ് (INSACOG) നടത്തിയ ജീനോം സീക്വൻസിങ്ങിലും വകദേഭങ്ങളെ കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

 

രണ്ടാമത്തെ കാരണം രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ കുറവ് തന്നെയാണ്. നേരത്തെയുണ്ടായിരുന്ന ഭീതിയും ആശങ്കയും ഇപ്പോൾ ജനങ്ങൾക്കില്ല. ഇതിനാൽ തന്നെ സർക്കാരും ആരോഗ്യ വിഭാഗവും നിർദേശിക്കുന്ന നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്നും വിദഗ്ധർ പറയുന്നു. എല്ലാ കാര്യങ്ങളിലും കോവിഡിന് മുൻപത്തെ പോലെയാണ് ജനങ്ങൾ പെരുമാറുന്നതെന്ന് കോവിഡ്–19 ഭീതിയെ ജനം മാനിക്കുന്നില്ലെന്നും വിദഗ്ധർ പറയുന്നു. രണ്ടാമത്തെ രോഗ വ്യാപനത്തിൽ പടരുന്നതിന്റെ വേഗം ആദ്യത്തേക്കാൾ ഇരട്ടി വേഗത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

 

രോഗം അതിവേഗം പടരാനുള്ള മറ്റൊരു കാരണം വാക്സീനേഷൻ സജീവമാകാത്തതാണെന്നും ആരോപണമുണ്ട്. രാജ്യത്ത് വാക്സീൻ നൽകുന്നത് സർക്കാർ വേഗത്തിലാക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. വിവിധ കാരണങ്ങളാൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വാക്സീനുകൾ സ്വീകരിക്കാൻ മടിക്കുന്നുണ്ട്. മാർച്ച് ആദ്യത്തിൽ തന്നെ കേസുകൾ വർധിക്കാൻ തുടങ്ങിയിട്ടും 60 വയസ്സിനു മുകളിലുള്ളവർ വാക്സീനുകൾ സ്വീകരിക്കാൻ വേണ്ടത്ര ഉത്സാഹം കാണിച്ചില്ല. 0.7 ശതമാനം ഇന്ത്യക്കാർക്ക് മാത്രമാണ് രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളത്. 5 ശതമാനം പേർക്ക് ഒരു ഡോസ് മാത്രമേ ലഭിച്ചുള്ളൂ.

 

ഇതിനുപുറമെ, കോവിഡ് -19 ബാധിച്ചവരിൽ 20 ശതമാനം മുതൽ 30 ശതമാനം പേർക്ക് വരെ ആറുമാസത്തിനുശേഷം പ്രതിരോധശേഷി നഷ്ടപ്പെടുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. കോവിഡ് -19 ൽ നിന്ന് ഇതിനകം സുഖം പ്രാപിച്ച ആളുകൾക്ക് വീണ്ടും അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്.

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) - കാൺപൂർ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ഇപ്പോഴത്തെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ ഉയരുമെന്നാണ്. തുടർന്ന് മെയ് അവസാനത്തോടെ കേസുകൾ കുത്തനെ കുറയാനിടയുണ്ടെന്നും പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 161,736 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, രോഗികളുടെ എണ്ണം 13.68 ദശലക്ഷം കടന്നു. ഈ കാലയളവിൽ 879 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

 

English Summary: Why is Covid-19 spreading rapidly in India? Experts identify 3 reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com