ADVERTISEMENT

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വരാനിരിക്കുന്നത് ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യയുടെ അടുത്ത പ്രധാന കുതിച്ചുചാട്ടമായി കണക്കാക്കപ്പെടുന്ന ലോ എർത്ത് ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങളായിരിക്കുമെന്ന് റിപ്പോർട്ട്. 2021 ൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം 35 ലക്ഷമാകുമെന്നും പ്രവചിക്കപ്പെടുന്നു. 2026 ൽ സാറ്റലൈറ്റ് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 52 ലക്ഷമാകുമെന്നും ഇതിലൂടെ 410 കോടി ഡോളർ വരുമാനം നേടാനാകുമെന്നും എബിഐ റിസേർച്ച് പറയുന്നു.

 

നിലവിൽ ഈ മേഖലയിൽ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്, ഭാരതി എയർടെൽ പിന്തുണയുള്ള വൺവെബ്, കാനഡയുടെ ടെലിസാറ്റ് എന്നിവയാണുള്ളത്. സ്പേസ് എക്സിന്റെ 100 എംബിപിഎസ് വേഗമുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് ഇപ്പോൾ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. സ്പേസ് എക്സ് ഇതുവരെ ആയിരത്തിലധികം ലിയോ സാറ്റലൈറ്റുകൾ വിക്ഷേപിച്ചിട്ടുണ്ട്. വൺവെബും ടെലിസാറ്റും ഇന്റ‍നെറ്റ് ലഭ്യമാക്കാൻ വേണ്ട സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നുണ്ട്.

 

സാറ്റലൈറ്റുകളുടെ വിക്ഷേപണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രോജക്റ്റ് കെയ്‌പ്പർ എന്ന പേരിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് പരീക്ഷിക്കാൻ ജെഫ് ബെസോസിന്റെ ആമസോണിനും പദ്ധതിയുണ്ട്. ഇതിനായി 2020 മധ്യത്തിൽ തന്നെ അമേരിക്കയിലെ എഫ്‌സിസി അനുമതി നൽകിയിരുന്നു.

 

വരും വർഷങ്ങളിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ലിയോ സംവിധാനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 800-1600 കിലോമീറ്റർ ചുറ്റളവിൽ ലിയോ സാറ്റലൈറ്റ് സംവിധാനങ്ങൾ വഴി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും. 30-50 മില്ലിസെക്കൻഡുകൾക്കിടയിലുള്ള കുറഞ്ഞ ലേറ്റൻസിയിലൂടെ ഇത് സാധ്യമാക്കിയേക്കും. കുറഞ്ഞ ലേറ്റൻസി വേണ്ട ഓൺലൈൻ ഗെയിമിങ്, തത്സമയ വിഡിയോ സ്ട്രീമിങ് പോലുള്ള സേവനങ്ങളെ പിന്തുണയ്ക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റിന് സാധിക്കുമെന്നും എബിഐ റിസേർച്ചിലെ വ്യവസായ അനലിസ്റ്റ് ഖിൻ സാൻഡി ലിൻ പറഞ്ഞു.

 

ലിയോ അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനത്തിന്റെ പ്രധാന വെല്ലുവിളി ടെർമിനലുകളുടെ വിലയാണ്, അവ നിലവിലുള്ള സാറ്റലൈറ്റ് അല്ലെങ്കിൽ ടെറസ്ട്രിയൽ പ്ലാറ്റ്ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് ഉയർന്നതാണ്. എന്നാൽ, ഭാവിയിൽ സൗകര്യപ്രദമായ പാക്കേജുകളും വിലനിർണയവും വരുന്നതോടെ വികസിത, വളർന്നുവരുന്ന രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും സേവനങ്ങൾ താങ്ങാനാകുന്നതാക്കുമെന്ന് ലിൻ പറഞ്ഞു.

 

English Summary: Satellite broadband market to reach 5.2mn users in 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com