ADVERTISEMENT

കോവിഡ്–19 മഹാമാരിക്കു പിന്നിലെ കൊറോണ വൈറസിന്റെ ദൗർബല്യം അന്വേഷിച്ച യുഎസ് ശാസ്ത്രസംഘത്തിനു വിസ്മയമായി ജീനുകളുടെ മഹാശക്തി. കോവിഡ് മരുന്നുകൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ വംശജൻ സുമിത് കെ. ചന്ദയുടെ നേതൃത്വത്തിലാണു ശരീരത്തിന്റെ വൈറസ് പ്രതിരോധത്തിൽ മുൻനിരയിലുള്ള ‘ഇന്റർഫിറോനു’മായി ബന്ധപ്പെട്ട ജീനുകളുടെ പങ്കു കണ്ടെത്തിയത്. ശരീരകോശം ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് ഇന്റർഫിറോനുകൾ.

 

കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവ്-2 അണുബാധയെ പ്രതിരോധിക്കുന്ന ഒരു കൂട്ടം മനുഷ്യ ജീനുകളെയാണ് ഇന്ത്യൻ ഗവേഷകന്റെ നേതൃത്വത്തിൽ യുഎസ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. വൈറസുമായി ‘ഇടപെടുന്ന’ ഈ ഇന്റർഫിറോനുകൾ ദുർബലമെങ്കിൽ കോവിഡ് രൂക്ഷമാകാനുള്ള സാധ്യത ഏറുന്നതായി വ്യക്തമായിരുന്നു. ഇന്റർഫെറോൻ സിമുലേറ്റ‍ഡ് ജീനുകൾ (ഐഎസ്ജി) ഏതൊക്കെയെന്നായി പിന്നെ അന്വേഷണം. അങ്ങനെ 65 ജീനുകൾ, കോവിഡ് വൈറസിനു മൂക്കുകയറിടുന്നതായി ബോധ്യപ്പെട്ടു. കോശങ്ങളിൽ പ്രവേശിക്കാനുള്ള വൈറസ് ശേഷിയെ തകർക്കുന്ന ജീനുകൾ, വൈറസിന്റെ ആർഎൻഎ നിർമാണത്തെ തടയുന്ന ജീനുകൾ എന്നിങ്ങനെ വിവിധതരം ഇവയിൽപ്പെടും. 

 

ശരീരകോശത്തിൽ കൊറോണ വൈറസിന്റെ സ്വൈരവിഹാരം ഈ ജീനുകൾ തടയുന്നത് എപ്രകാരമെന്നു പഠിച്ചാൽ വൈറസിന്റെ ദുർബലഭാഗങ്ങളേതെന്നു തിരിച്ചറിയാനും അതനുസരിച്ചു മരുന്നുകൾ കണ്ടെത്താനും സഹായകരമാകുമെന്നു ചന്ദ പറയുന്നു. സ്റ്റാൻഫഡ് ബേൺഹാം പ്രെബിസ് മെഡിക്കൽ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമ്യൂണിറ്റി ആൻഡ് പഥജെനസിസ് പ്രോഗ്രാമിന്റെ ഡയറക്ടറാണു പ്രഫ. സുമിത് ചന്ദ. മോളിക്യുലർ സെൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്.

 

65 ഐ‌എസ്‌ജികൾ സാർസ്-കോവ്-2 അണുബാധയെ നിയന്ത്രിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. അവയിൽ ചിലത് കോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള വൈറസിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ചിലത് വൈറസിന്റെ ജീവരക്തമായ ആർ‌എൻ‌എയുടെ നിർമാണത്തെ തടഞ്ഞു. വൈറസിന്റെ ഒത്തുകൂടലിനെയും ഈ ജീനുകൾ തടയുന്നുണ്ടെന്ന് ചന്ദ വിശദീകരിച്ചു.

 

English Summary: Indian-Origin Scientist Identifies Set of Genes That Fight COVID-19 Infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com