ADVERTISEMENT

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ഇന്നു പറത്താൻ നാസ. 1903ൽ റൈറ്റ് സഹോദരന്മാർ ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചാൽ ചൊവ്വയിലെ ആദ്യവിമാനം ഇന്നു ചിറകുവരിക്കും.

 

‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. ഇന്ത്യൻ സമയം വൈകീട്ട് 3.45 നാണു ചൊവ്വയിൽ ഹെലികോപ്റ്റർ പറക്കുക. പറത്തൽ വിജയമാണോ എന്നറിയാൻ മൂന്നു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും നാസ വ്യക്തമാക്കി.

 

1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കയാണിപ്പോൾ. ചൊവ്വയിലെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോ എന്നറിയാൻ ഇൻജെന്യൂയിറ്റിയെ 3 മീറ്ററോളം ഉയരത്തിൽ 30 സെക്കൻഡ് പറത്താനാണു പദ്ധതി.

 

∙ സംഭവിക്കുമോ ഹെലികോപ്റ്റർ അദ്ഭുതം? ലോകം കാത്തിരിക്കുന്നു ആ പറക്കൽ!

 

ആദ്യമായിട്ടാണു ഭൂമിക്കു വെളിയിൽ വിമാനം പറത്തിനോക്കാനുള്ള പരിശ്രമം. ചൊവ്വയുടെ വിശാലവും താരതമ്യേന പരന്നതുമായ ജെസീറോ തടപ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്. പേഴ്സീവറൻസ് ലക്ഷ്യം തെറ്റാതെ അവിടെത്തന്നെയിറങ്ങി. അതോടെ പാതി വിജയിച്ചു എന്ന സന്തോഷത്തിലാണ് കാലിഫോർണിയ പാസദീന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ മിമി ഓങും സംഘവും. ഓങിന്റെ ടീമാണ് ഹെലികോപ്റ്റർ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്.

 

‘ഇൻജെനുവിറ്റി’ എന്നതാണ് നാസയുടെ ഹെലികോപ്റ്റർ ദൗത്യം. ഒരേയൊരു ലക്ഷ്യമേ തങ്ങൾക്കുള്ളൂ എന്നാണു ദൗത്യത്തെപറ്റി വിശദീകരിക്കുന്നതിനിടെ ഓങ് മാധ്യമങ്ങളോട് പറഞ്ഞത്. ‘ചൊവ്വയിലൂടെ വിമാനം പറത്താൻ കഴിയുമോ എന്ന് പരിശോധിച്ചറിയണം’. നിസ്സാര കാര്യമല്ല അത്. അത്രയേറെ ദുഷ്കരമാണ് ചൊവ്വയുടെ അന്തരീക്ഷസ്ഥിതി. കാറ്റും മഴയും മഴക്കാറും ഒന്നും അവിടെ ഉണ്ടായിട്ടല്ല. ന്യൂനമർദ്ദവും കൊടുങ്കാറ്റുമെല്ലാം വീശുമ്പോഴും ഭൂമിയിൽ വിമാനം പറത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നമുക്കുണ്ട്. പൈലറ്റില്ലാതെ പറക്കുന്ന വിമാനങ്ങളും ഡ്രോണുകളും നമുക്കുണ്ട്. എന്നാൽ ചൊവ്വയിൽ ഈ വിദ്യയൊന്നും പോരാ. ഭൂമിയുടേതിൽ നിന്നു തികച്ചും വിഭിന്നമാണ് ചൊവ്വയുടെ അന്തരീക്ഷം.

 

This NASA photo shows the Ingenuity Mars helicopter in a close-up taken by Mastcam-Z, a pair of zoomable cameras aboard the Perseverance rover. This image was taken on April 5, 2021, the 45th Martian day, or sol, of the mission. - NASA is targeting no earlier than Sunday, April 11, for Ingenuity Mars Helicopterís first attempt at powered, controlled flight on another planet. A livestream confirming Ingenuityís first flight is targeted to begin around 3:30 a.m. EDT Monday, April 12. (Photo by Handout / NASA/JPL-Caltech/ASU / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / NASA/JPL-Caltech/ASU" - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
This NASA photo shows the Ingenuity Mars helicopter in a close-up taken by Mastcam-Z, a pair of zoomable cameras aboard the Perseverance rover. This image was taken on April 5, 2021, the 45th Martian day, or sol, of the mission. - NASA is targeting no earlier than Sunday, April 11, for Ingenuity Mars Helicopterís first attempt at powered, controlled flight on another planet. A livestream confirming Ingenuityís first flight is targeted to begin around 3:30 a.m. EDT Monday, April 12. (Photo by Handout / NASA/JPL-Caltech/ASU / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / NASA/JPL-Caltech/ASU" - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

ചൊവ്വയിൽ അന്തരീക്ഷവായു തീരെയില്ല; ഭൂമിയുടെ ഒരു ശതമാനം മാത്രം. സൂര്യതാപമേറ്റ്  ഈ അന്തരീക്ഷവായു ചുടുപിടിക്കും. കനംകുറവാണെങ്കിലും മർദവ്യതിയാനം ഉണ്ടാകും. വിമാനം പറത്താൻ ഇതൊക്ക പ്രതിബന്ധങ്ങൾ സൃഷ്ടിക്കും. ചൊവ്വയുടെ കാന്തികമണ്ഡലത്തിനും തീവ്രത കുറവാണ്. തന്മൂലം കോസ്മിക് രശ്മികൾ കുത്തനെ പതിക്കും. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിന് ഇതെല്ലാം തടസ്സം നിൽക്കും. പരിചയമില്ലാത്ത ഉപരിതലത്തിൽനിന്നു, ഹെലികോപ്റ്റർ പറന്നുയരുകയും താണിറങ്ങുകയും വേണം. അതും അപകടകരമാണ്. ഇൻജെനുവിറ്റിയുടെ നിയന്ത്രണം കലിഫോർണിയയിൽ നിന്നാണ്. ചൊവ്വയിലെ വിവരങ്ങൾ അപ്പപ്പോൾ അവർക്ക് കിട്ടും.

 

താപം, മർദം, കാറ്റിന്റെ ഗതി, വേഗത തുടങ്ങിയവ അളക്കുന്ന മാപിനികളും ഹെലികോപ്റ്ററിലുണ്ട്. നമ്മുടെ വിമാനത്തിലും ഇതെല്ലാം ഘടിപ്പിച്ചിട്ടുണ്ട്. അതു നൽകുന്ന വിവരങ്ങൾ അപഗ്രഥിച്ച് ഉടനുടൻ തീരുമാനമെടുത്താണ് പൈലറ്റ് വിമാനം പറത്തുന്നത്. ഇൻജെനുവിറ്റി സ്വയം തീരുമാനമെടുത്താണ് പറക്കുക. കാരണം മാപിനിയിൽ തെളിയുന്ന കാലാവസ്ഥാവിവരങ്ങൾ കലിഫോർണിയയിലേക്കയച്ച്  മറുപടി കിട്ടണമെങ്കിൽ ചുരുങ്ങിയത് 25  മിനിറ്റെങ്കിലും വേണം. അപ്പോഴേക്കും കാലാവസ്ഥ മാറിയിട്ടുണ്ടാകും. സ്വയം തീരുമാനമെടുക്കാൻ ബുദ്ധിവച്ച ഉപകരണങ്ങളുമായാണ് ഇൻജെനുവിറ്റി പോയിരിക്കുന്നത്; ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിമാനയാത്ര.

 

NASA-Ingenuity-1

മാതൃപേടകം പേഴ്സീവറൻസ് ജെസീറോ തടത്തിൽ ഇറങ്ങി കുറേ ദിവസങ്ങൾ കഴിഞ്ഞാണ് അടിത്തട്ടിൽ സൂക്ഷിച്ചിരുന്ന ഹെലികോപ്റ്റർ താഴെയിറക്കിയത്. ചെറുതും വലുതുമായ പാറക്കല്ലുകൾ അവിടെ ധാരാളം ഉണ്ട്. ഹെലികോപ്റ്ററിന്റെ നാലു കാലുകൾ ഉറപ്പിക്കാൻ പറ്റിയ ഹെലിപാഡ് എവിടെയെന്നു നിരീക്ഷിച്ച് റോവർ ചൊവ്വയുടെ ഉപരിതലത്തിലൂടെ നീങ്ങി. ഓരോ ചുവടും ജാഗ്രതയോടെ വയ്ക്കുന്നതുകൊണ്ടാണ് സമയം ദീർഘിക്കുന്നത്. നാലടി (1.2 മീറ്റർ.)

 

നീളമുള്ള ഹെലികോപ്റ്റർ സാവധാനം താഴെയിറക്കിയത് ഏപ്രിൽ 3നാണ്. പേഴ്സീവറൻസിനോട് ഉറപ്പിച്ചിരുന്ന ബോൾട്ടുകൾ ഒന്നൊന്നായി നീക്കം ചെയ്തു. ഒരു ചരടിൽ ഹെലികോപ്റ്ററിനെ താഴേക്ക് തൂക്കി നിർത്തി.

 

1.8 കിലോഗ്രാം ഭാരമേ അതിനുള്ളൂ. കാലുകൾ നിലത്ത് സ്പർശിക്കാതെ 13 സെന്റീമീറ്റർ ഉയരത്തിൽ തൂങ്ങിക്കിടക്കുകയാണ്. പുറത്ത് കൊടിയ തണുപ്പ് ആണ്. രാത്രിയിൽ മൈനസ് 90 ഡിഗ്രി സെൽഷ്യസ് ആയി താഴും. യന്ത്രങ്ങൾ തകരാറിലാകാതെ ഇളം ചൂട് നൽകണം. അതിനായി മാതൃപേടകം ബാറ്ററി പൂർണമായും ചാർജ് ചെയ്തു നൽകി. സോളർ പാനൽ വിടർത്തി സൂര്യനിൽനിന്നു ചാർജ് സ്വീകരിച്ചു സ്വയം പ്രവർത്തനം തുടങ്ങുന്ന വരെയുള്ള മുൻകരുതൽ ആയിരുന്നു അത്. യന്ത്ര ഭാഗങ്ങളുടെ ആരോഗ്യ സ്ഥിതി ഓരോന്നായി വിലയിരുത്തി. എല്ലാം ഭദ്രം.

 

ഏപ്രിൽ മൂന്നിന് ഭൂമിയിൽനിന്നു സന്ദേശമെത്തിയപ്പോൾ ചരട് പൊട്ടിച്ച് ഹെലികോപ്റ്ററിനെ താഴേക്കിട്ടു. ഇൻജെനുവിറ്റി ലോഞ്ച് പാഡിൽ ആയി. മുട്ട നിക്ഷേപിച്ചശേഷം ആമ ഇഴഞ്ഞു നീങ്ങുന്ന പോലെ പേഴ്സീവറൻസ് ഇഴഞ്ഞു മാറി. ഹെലികോപ്റ്ററിനെ നിരീക്ഷിച്ചു കൊണ്ട് പേഴ്സീവറൻസ് സുരക്ഷിത സ്ഥാനത്ത് നിലയുറപ്പിച്ചു. ഇനി എല്ലാ കാര്യങ്ങളും ഹെലികോപ്റ്റർ സ്വയം ചെയ്യണം. പരീക്ഷണപറക്കലിനു മുൻപായുള്ള പരിശോധനകൾ പൂർത്തിയായി. എങ്ങോട്ടാണു പറക്കേണ്ടത്, എത്ര ദൂരം പറക്കണം, സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചിരുന്നു.

 

ഏപ്രിൽ 8 നായിരുന്നു ആദ്യ പറക്കൽ നടത്താൻ തീരുമാനിച്ചിരുന്നത്. ഈ ചരിത്ര സംഭവം ലൈവായി കാണിച്ചു കൊടുക്കാനുള്ള ക്രമീകരണങ്ങൾ നാസ ഏർപ്പെടുത്തിയിട്ടുണ്ട്. യുട്യൂബിലും നാസയുടെ ആപ് ഉപയോഗിച്ചും കാണാം. റൈറ്റ് സഹോദരന്മാർ നടത്തിയ ആദ്യ യാത്ര അധികമാരും കണ്ടില്ല. ഒരു ഫോട്ടോ പോലും സൂക്ഷിച്ചിട്ടുമില്ല. ഈ സുപ്രധാന സംഭവം അങ്ങനെയാകരുതെന്ന ഉറപ്പുണ്ട് ഗവേഷകർക്ക്. നമ്മുടെ സാങ്കേതിക വിദ്യയുടെ ഏറ്റവും മികവാർന്ന നേട്ടമായിരിക്കും ഇത്.

 

∙ ചൊവ്വ കാത്തുവച്ചിരിക്കുന്നതെന്ത്?

 

ചൊവ്വയുടെ അന്തരീക്ഷ സ്ഥിതി വിലയിരുത്തിയാണ് പരീക്ഷണപറക്കൽ. ലാൻഡ് ചെയ്ത ആദ്യ രാത്രിയിലെ തണുപ്പ് അസഹനീയമായി തോന്നിയില്ല. യന്ത്രങ്ങൾ എല്ലാം പ്രവർത്തന സജ്ജം. കലിഫോർണിയയിൽ ദൗത്യസംഘം സന്തോഷത്തിലാണ്. ഹെലികോപ്റ്റർ റോട്ടർ ബ്ലേഡുകൾ വിടർത്തി കറക്കി നോക്കുന്ന ജോലിയും പൂർത്തിയാക്കിയിരുന്നു. മിനിട്ടിൽ 2537 തവണ കറങ്ങിയാൽ ഹെലികോപ്റ്റർ പൊങ്ങി ഉയരും. കാലുകളിൽ ഉറപ്പിച്ചുകൊണ്ടുതന്നെ അത്രയും വേഗം ആർജിക്കാൻ കഴിയുന്നുണ്ടോ എന്നു പരിശോധിച്ചിരുന്നു. ഘട്ടം ഘട്ടമായി വേഗം കൂട്ടി നോക്കുകയും ചെയ്തിരുന്നു. ആദ്യ പറക്കൽ 12 സെക്കൻറ് കൊണ്ടവസാനിക്കും. അതു വിജയിച്ചാൽ 20-30 സെക്കൻഡ് നേരം ദൈർഘ്യമുള്ള യാത്രകൾ നടത്താനാണ് പദ്ധതി.

 

പരമാവധി 300 മീറ്റർ പറക്കാനുള്ള ശേഷിയേ ഈ കുഞ്ഞൻ ഹെലികോപ്റ്ററിനുളളൂ. 5 മീറ്റർ ഉയരത്തിലേ പറക്കൂ. പാറക്കൂട്ടങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കി ജെസീറോ തടം തെരഞ്ഞെടുത്തത് അതിനാലാണ്. പകൽ സമയത്ത് മാത്രമേ ഹെലികോപ്റ്റർ പറത്തൂ. രാത്രിയിൽ ഭൂമിയിൽ നിന്നുള്ള കാഴ്ച സാധ്യമല്ല. അല്ലായിരുന്നെങ്കിൽ രാത്രി ആയിരുന്നു ഉത്തമം. രാത്രിയിൽ വായു സാന്ദ്രത കൂടും. അപ്പോൾ വിമാനം അനായാസം പൊങ്ങും. ചൊവ്വയുടെ അന്തരീക്ഷത്തിനു സമാനമായ അവസ്ഥ ഇവിടെ സൃഷ്ടിച്ച് സാധ്യമായ എല്ലാ സാഹചര്യത്തിലൂടെയും പരീക്ഷണപറക്കൽ നടത്തിയ ശേഷമാണ് ഇൻജെനുവിറ്റിയെ അയച്ചിരിക്കുന്നത്. എന്നിരുന്നാലും അപ്രതീക്ഷിതമായി മാറുന്ന ചൊവ്വയുടെ കാലാവസ്ഥ ദൗത്യം ദുർഘടമാക്കാം.

 

അകലെനിന്നും നിരീക്ഷണം നടത്തുന്ന പെഴ്സീവറൻസ് ആണ് ഭൂമിയിൽലേക്ക് സന്ദേശം കൈമാറുന്നത്. 30 ചൊവ്വാദിനങ്ങൾ (31 ഭൗമ ദിനം) മാത്രമേ ഹെലികോപ്റ്ററിന് ആയുസുള്ളൂ. ഒരോ സെക്കൻഡും അതിനാൽ അത്രയേറെ വിലയേറിയതാണ്. ചൊവ്വയിൽ വിമാനം പറത്താൻ കഴിഞ്ഞാൽ അതൊരുക്കുന്ന സാങ്കേതിക വിദ്യ നമുക്കിവിടെയും ഏറെ പ്രയോജനപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്കൊണ്ടുള്ള കാലവസ്ഥാ നിരീക്ഷണം, പൈലറ്റ് ഇല്ലാതെയുള്ള വ്യോമസഞ്ചാരം, സൗരോർജം മാത്രം ഉപയോഗപ്പെടുത്തിയുള്ള വിമാനങ്ങൾ, യന്ത്രങ്ങൾ മാത്രം നിയന്ത്രിക്കുന്ന വിമാനത്താവളങ്ങൾ തുടങ്ങിയവയെല്ലാം ഇനി നമുക്ക് എളുപ്പം.

 

വായുമർദം കുറഞ്ഞ സ്ഥലത്തുകൂടെ വിമാനം പറത്തുന്ന സാങ്കേതിക വിദ്യയാണ് പരിശോധിക്കുന്നത്. മറ്റു ഗ്രഹങ്ങൾ ചെന്നു കണ്ട് കീഴടക്കാനുള്ള ശ്രമത്തിൽ സുപ്രധാനമായ ഒരു നാഴികക്കല്ല് മനുഷ്യൻ പിന്നിടാൻ പോകുന്നു. ഗോളാന്തര ഗമനവും ബഹിരാകാശ കോളനികളും വിദൂരമല്ലാത്ത സ്വപ്നമാകുന്നു. ബുദ്ധിയുള്ള യന്ത്രങ്ങൾ നമ്മെ നയിക്കുന്ന കാലം സമാഗതമായിരിക്കുന്നു!

 

English Summary: NASA's Mars helicopter Ingenuity is ready to make its first flight attempt Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com