ADVERTISEMENT

1879 ൽ വൈദ്യുതി ബള്‍ബ് കണ്ടുപിടിച്ചതിന് ശേഷം നമുക്ക് സൂര്യനില്‍ നിന്നുള്ള വെളിച്ചത്തെ വലിയ തോതില്‍ ആശ്രയിക്കേണ്ടി വന്നിട്ടില്ല. ഇന്ന് പലരും പകല്‍ സമയത്ത് പോലും കൃത്രിമ വെളിച്ചത്തിലാണ് കഴിയുന്നത്. ഇതിനൊപ്പം സ്മാര്‍ട് ഫോണ്‍, കംപ്യൂട്ടര്‍, ടിവി എന്നിവയുടെ സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചങ്ങളും നമ്മെ സ്വാധീനിക്കുന്നുണ്ട്. മനുഷ്യരിലെ ജൈവഘടികാരത്തെ തന്നെ തകിടം മറിക്കാന്‍ ശേഷിയുണ്ട് ഇത്തരം കൃത്രിമവെളിച്ചങ്ങള്‍ക്ക്.

 

മനുഷ്യരെ പോലെ സൂഷ്മജീവികള്‍ക്കും സസ്യങ്ങള്‍ക്കും ജീവികള്‍ക്കുമെല്ലാം കൃത്യമായ ഇടവേളയില്‍ പ്രവര്‍ത്തിക്കുന്ന ജൈവഘടികാരമുണ്ട്. മനുഷ്യരിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്നത് ഹൈപോതലാമസാണ്. ഹൈപോതലാമസില്‍ നിന്നും വരുന്ന മെലറ്റോനിന്‍ എന്ന ഉറക്ക ഹോര്‍മോണാണ് ഇതിന് നമ്മെ സഹായിക്കുന്നത്. രാത്രികാലങ്ങളില്‍ ഈ ഹോര്‍മോണ്‍ നില കൂടുതലായിരിക്കും. ഉണരുന്നതിന് മുൻപ് മുതല്‍ മെലറ്റോനിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞുവരികയും ചെയ്യും. അതേസമയം, വെളിച്ചത്തിന് അനുസരിച്ച് ഈ ഹോര്‍മോണിന്റെ അളവിലും വ്യതിയാനമുണ്ടാകും.

 

ഏതാണ്ട് 24 മണിക്കൂര്‍ തന്നെയാണ് നമ്മുടെ ജൈവഘടികാരത്തിലേയും സമയം. പുലര്‍കാലത്തേയും സന്ധ്യാസമയത്തേയും വെളിച്ചം മെലറ്റോനിന്റെ അളവിനേയും ജൈവഘടികാരത്തേയും സ്വാധീനിക്കാറുണ്ട്. സാധാരണ ബള്‍ബിന്റെ വെളിച്ചം മുതല്‍ സ്മാര്‍ട് ഫോണുകളിലെ വെളിച്ചം വരെ ഇതേ മെലറ്റോനിനെ സ്വാധീനിക്കുന്നുണ്ടെന്നും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ പ്രൊഫ. ജാമി സെയ്റ്റ്‌സര്‍ പറയുന്നു. 'ജൈവഘടികാരത്തിന്റെ സമയവും ദൈര്‍ഘ്യവും നിശ്ചയിക്കുന്നത് വെളിച്ചമാണ്' എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

 

ജൈവഘടികാരം വളരെ പിന്നിലുള്ളവരെ സഹായിക്കാനായി വളരെ ഉയര്‍ന്ന കൃത്രിമ വെളിച്ചങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഫോട്ടോ തെറാപി എന്നാണ് ഇതിന് പേര്. രാത്രിയില്‍ നേരത്തെ ഉറങ്ങാനും രാവിലെ എഴുന്നേല്‍ക്കാനും ഇത് സഹായിക്കാറുണ്ട്. സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്‌ക്രീനില്‍ നിന്നും വരുന്ന വെളിച്ചത്തേക്കാള്‍ ഒരുപാട് മടങ്ങ് ശക്തമായ പ്രകാശമാണ് ഇത്തരം ഫോട്ടോ തെറാപിക്കായി ഉപയോഗിക്കുക. 

 

സാധാരണ പുസ്തകവും ഇലക്ട്രോണിക് പുസ്തകവും ഉറങ്ങുന്നതിന് മുൻപ് വായിക്കുന്നവരില്‍ 2014ല്‍ ഒരു പഠനം നടത്തിയിരുന്നു. ഇലക്ട്രോണിക് പുസ്തകം വായിക്കുന്നവരില്‍ ഉറങ്ങാനായി കൂടുതല്‍ സമയം എടുക്കുന്നുവെന്ന് കണ്ടെത്തി. ഒന്നര മണിക്കൂറിലേറെ തെളിച്ചമുള്ള സ്‌ക്രീനില്‍ നോക്കിയിരിക്കുന്നവരില്‍ മെലറ്റോനിന്റെ വ്യത്യാസപ്പെടുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്. 

 

ഉറങ്ങുന്നതിന് മുൻപ് ഇലക്ട്രോണിക് സ്‌ക്രീനുകളില്‍ ദീര്‍ഘസമയം നോക്കിയിരിക്കുന്നവര്‍ക്ക് ഉറക്കം ലഭിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇ ബുക്കുകള്‍ വായിക്കുന്നവരെ അപേക്ഷിച്ച് പത്ത് മിനിറ്റ് മുൻപ് പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക് വായന അവസാനിപ്പിച്ച ശേഷം ഉറങ്ങാന്‍ സാധിക്കുന്നുണ്ട്. സ്‌ക്രീനിലെ വെളിച്ചം കുറച്ച് വെച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഏതാണ്ട് 3-4 മിനിറ്റ് നേരത്തെ ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും 2014ലെ പഠനം കണ്ടെത്തിയിരുന്നു. 

 

കൃത്രിമ വെളിച്ചം മനുഷ്യരിലെ ജൈവഘടികാരത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് തന്നെയാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്‌ക്രീനുകളില്‍ നോക്കുന്നവരിലെ മെലറ്റോനിന്‍ ഹോര്‍മോണിന്റെ അളവിലുള്ള വ്യത്യാസം തന്നെയാണ് ഇതിനുള്ള തെളിവ്. ഇതുമൂലം സ്‌ക്രീനുകളില്‍ ദീര്‍ഘ സമയം നോക്കുന്നവര്‍ക്ക് ഉറങ്ങാനായി കൂടുതല്‍ സമയം എടുക്കുന്നു. ഉറക്കം വൈകുന്നത് ജൈവഘടികാരത്തെ താളം തെറ്റിക്കുന്ന ഘടകമായി മാറുകയും ചെയ്യുന്നു.

 

English Summary: Technology Really Is Changing Human Circadian Rhythms, Scientists Say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com