sections
MORE

2-ഡിജി വിപണിയിലേക്ക്: ഈ മരുന്ന് കോവിഡ് രോഗികളെ രക്ഷിക്കുമെന്ന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞൻ

drdo-medicine
SHARE

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കോവിഡ് മരുന്ന് ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. പരീക്ഷണങ്ങളിൽ പങ്കെടുത്ത എല്ലാ രോഗികളും കോവിഡ് -19 രോഗത്തിൽ നിന്ന് മുക്തമായെന്നും ഇതിനാൽ കോവിഡ് രോഗികൾക്ക് ഈ മരുന്ന് പ്രയോജനപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ഡിആർഡിഒ ശാസ്ത്രജ്ഞൻ ഡോ. സുധീർ ചന്ദന ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ ഉപയോഗിക്കാവുന്ന പ്രാഥമിക മരുന്നാണ് 2-ഡിജി. ഈ മരുന്ന് ആഴ്ചകൾക്കുള്ളിലോ ഒരു മാസത്തിനകമോ വിപണിയിലെത്തും. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട മിതമായതും ഗുരുതരവുമായ കോവിഡ് രോഗികളിലാണ് പരീക്ഷണങ്ങൾ നടത്തിയത്. എല്ലാ രോഗികൾക്കും പ്രയോജനം ലഭിച്ചു, പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല. ഇതിനാൽ ഇത് ഒരു സുരക്ഷിത മരുന്നാണ്. രണ്ടാം ഘട്ട പരീക്ഷണങ്ങളിൽ രോഗികളുടെ പ്രതിരോധം വീണ്ടെടുക്കൽ നിരക്ക് കൂടുതലാണെന്നും കണ്ടെത്തി. മൂന്നാം ഘട്ടത്തിൽ രോഗികൾക്ക് അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നും കണ്ടെത്തി– അദ്ദേഹം പറഞ്ഞു.

തന്റെ അറിവനുസരിച്ച്, 2-ഡിജി മരുന്നുകളുടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിൽ ഒരു പ്രശ്നവും നേരിടില്ല എന്നാണ്. മരുന്ന് നിർമാതാക്കളായ റെഡ്ഡി ലാബിന് ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയുമെന്നും ഡോ. സുധീർ പറഞ്ഞു. ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതിയാണ് നൽകിയിരിക്കുന്നത്. കോവിഡിനെതിരെ ഉപയോഗിക്കാവുന്ന 2 ഡിഓക്സി ഡി ഗ്ലൂക്കോസ് (2ഡിജി) മരുന്നാണ് ഡിആർഡിഒ ലാബും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേർന്നു വികസിപ്പിച്ചത്. വെള്ളത്തിൽ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണിത്.

കോവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നൽകിയത്. വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഓരോ പാക്കറ്റിനും 500–600 രൂപ വില വരുമെന്നാണ് സൂചന. 

∙ വേഗത്തിൽ രോഗമുക്തി 

ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്. രോഗമുക്തി വേഗത്തിലാക്കാനും ഓക്സിജൻ സഹായിയുടെ ആവശ്യം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നതു വഴി കഴിയുന്നതായി കണ്ടെത്തലുണ്ട്. 2 പാക്കറ്റ് വീതം ദിവസവും നൽകുന്നതു വഴി കോവിഡ് രോഗികളിൽ 42% പേർക്കും മൂന്നാം ദിവസം ഓക്സിജൻ സഹായിയുടെ ആവശ്യം ഇല്ലാതായെന്നാണ് ട്രയലിലെ കണ്ടെത്തൽ. സാധാരണ കോവിഡ് ചികിത്സയിൽ 30% ആളുകൾക്കേ 3–ാം ദിവസം ഈ മാറ്റമുണ്ടാകൂ. ഇടത്തരം, ഗുരുതര കോവിഡ് രോഗികളിലും ഇതു ഫലം കാണുന്നുവെന്നതും പ്രതീക്ഷ നൽകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കും ഫലപ്രദമാണ്

English Summary: All you need to know about DRDO's anti-Covid drug

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA