ADVERTISEMENT

അങ്ങനെ ലോകത്തെ മൊത്തം ജനങ്ങളെയും ഒന്നരയാഴ്ച കിടുകിടാ വിറപ്പിച്ച ചൈനീസ് റോക്കറ്റ് ലോങ് മാർച് 5 ബിയുടെ കോർഭാഗം ഒടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ ഒടുങ്ങി. ആരും മരിച്ചില്ല, കാര്യമായ നാശനഷ്ടങ്ങളുമില്ല. എല്ലാം കോംപ്ലിമെന്റ്സായെന്നു ചൈന. എന്നാൽ അങ്ങനെ വെറുതെ വിടാൻ ബഹിരാകാശമേഖല തയാറല്ല.

 

റോക്കറ്റ് കടലിൽ പതിച്ച് സ്ഥിരീകരണമുണ്ടായ ഉടൻ തന്നെ നാസ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എത്തി. ലോകത്തോട് ഉത്തരവാദിത്തം പുലർത്തണമെന്നും റോക്കറ്റിൽ നിലവാരം പാലിക്കാൻ ചൈന പരാജയപ്പെട്ടെന്നും നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശസഞ്ചാരിയുമായ ബിൽ നെൽസൺ വളരെ ശക്തമായ ഭാഷയിൽ പറഞ്ഞു. 

മൂന്നു വർഷത്തിൽ ഇതു മൂന്നാം തവണയാണ് ചൈനയുടെ ബഹിരാകാശ ഉപകരണത്തിൽ ഇത്തരത്തിൽ ലോകത്തിനു പണിയാകുന്നത്. 2018 ഏപ്രിൽ 2 ൽ ചൈനയുടെ ടിയാൻഗോങ് 1 ബഹിരാകാശ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചു . ചൈന ബഹിരാകാശത്തു സൃഷ്ടിക്കുന്ന വമ്പൻ ബഹിരാകാശ നിലയത്തിന്റെ ഒരു ആദിമരൂപവും കരടുമായിരുന്നു ടിയാൻഗോങ് 1. ഇതും ഇക്കഴിഞ്ഞ റോക്കറ്റ് പ്രതിസന്ധി പോലെ കുറേക്കാലം ആളുകളെ മുൾമുനയിൽ നിർത്തിയ ശേഷം കടലിൽ കെട്ടടങ്ങി.

 

കഴിഞ്ഞ മേയിൽ ഇതേ വിഭാഗത്തിലുള്ള മറ്റൊരു ലോങ് മാർച്ച് 5 ബി റോക്കറ്റ് ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിനു സമീപം തകർന്നു വീണു. തകർച്ചയുടെ അവശിഷ്ടങ്ങൾ ഐവറി കോസ്റ്റിൽ കരയിൽ പോലുമെത്തിയെന്നായിരുന്നു പിന്നീടുള്ള അന്വേഷണങ്ങൾ സൂചിപ്പിച്ചത്.

 

ബഹിരാകാശ വിക്ഷേപണങ്ങളിൽ സുതാര്യത വേണമെന്നും നാസ മേധാവി ഇന്നലെ ചൈനയോട് ആവശ്യപ്പെട്ടു. 1979 ൽ യുഎസിന്റെ  സ്കൈലാബ് നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി ഭൂമിയിൽ പതിച്ച സംഭവത്തിനു ശേഷം ലോകത്തെ മിക്ക ബഹിരാകാശ ഏജൻസികളും അനിയന്ത്രിത റീ എൻട്രി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യകളും രൂപകൽപനകളും ഉറപ്പുവരുത്താറുണ്ട്. സുരക്ഷിതമായി തിരിച്ചിറക്കാൻ ഇവർ കൂടുതൽ ഇന്ധനം റോക്കറ്റ് കോറിൽ നൽകാറുമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ ദുരൂഹസമീപനം എടുക്കുന്ന ചൈന ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കും അങ്ങനെയിങ്ങനെ പ്രതികരിക്കാറില്ല.

 

എന്നാൽ റോക്കറ്റുകളുടെയും മറ്റും സുരക്ഷാ കാര്യങ്ങളിൽ ചൈന പരാജയപ്പെടുന്നുണ്ടെന്നു പ്രശസ്ത ഹാർവഡ് ശാസ്ത്രജ്ഞനായ ജൊനാഥൻ മക്ഡവൽ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ട്. ചൈനയുടെ വമ്പൻ ബഹിരാകാശ നിലയ പദ്ധതിയുടെ ഒന്നാംഘട്ടം മാത്രമാണ് ഏപ്രിൽ 29നു നടന്നത്. ഇനി 10 വിക്ഷേപണങ്ങൾ കൂടി നടക്കാനുണ്ട്. അതുകൊണ്ട് തന്നെ റോക്കറ്റിന്റെ  രൂപകൽപന പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്.

 

ഇത്തവണയും റോക്കറ്റ് പതിക്കുന്നതായുള്ള വിവരങ്ങൾ വന്നപ്പോൾ, ‘അതു സാരമില്ല, അന്തരീക്ഷത്തിൽ കത്തിയെരിഞ്ഞു തീരും, അല്ലെങ്കിൽ കടലിൽ വീഴും, പേടിക്കാനില്ല’ തുടങ്ങിയ മറുപടികളായിരുന്നു ചൈന നൽകിയത്. ഇതിനെതിരെ വലിയ വിമർശനം വന്നിട്ടുണ്ട്. ഭൂമിയുടെ 71 ശതമാനം സമുദ്രമായതിനാൽ ഇവിടെ വീഴാൻ സാധ്യത കൂടുതലാണ്. എന്നാൽ എപ്പോഴും കടലിൽ തന്നെ വീഴണമെന്നുമില്ല.ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ടാണ് പേടകങ്ങൾ മുൻപും ഇപ്പോഴുമൊക്കെ കടലിൽ വീഴുന്നത്. ചൈനീസ് ലോങ് മാർച്ച് 5 ബി റോക്കറ്റിന്റെ യാത്ര സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന യുഎസ് സൈന്യത്തിന്റെ ബഹിരാകാശ വിഭാഗം പ്രവർത്തിപ്പിക്കുന്ന സ്പേസ് ട്രാക്ക് വെബ്സൈറ്റ് കഴിഞ്ഞ ദിവസം വീഴാനായി ഏറ്റവും സാധ്യത കൽപിച്ചത് തുർക്ക്മെനിസ്ഥാനിലായിരുന്നു. പിന്നീട് മെഡിറ്ററേനിയൻ മേഖലകളും ഇതു പ്രവചിച്ചു. നല്ല രീതിയിൽ ജനവാസ കേന്ദ്രങ്ങളായിട്ടുള്ള ഇവിടങ്ങളിൽ റോക്കറ്റ് ഭാഗം വീണാൽ അതു വലിയ നാശനഷ്ടങ്ങൾ ചിലപ്പോൾ ഇട നൽകിയേകാം. 

 

ഏതായാലും ഇത്തവണയും ലോകം രക്ഷപ്പെട്ടു. രാജ്യാന്തര സമ്മർദ്ദം ഏറെ ഉയർന്നതു കൊണ്ട് ചൈന ഭാവിയിൽ നടക്കുന്ന വിക്ഷേപണങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നാണു ലോകത്തിന്റെ പ്രതീക്ഷ.

 

English Summary: NASA slams China after its rocket debris crashes into Indian Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com