ADVERTISEMENT

കോവിഡ് കാലത്തുമാത്രമല്ല എക്കാലത്തും അഹോരാത്രം വിശ്രമമില്ലാതെ രോഗികളെ പരിചരിക്കുന്ന നഴ്സുമാരെ നാം  ഭൂമിയിലെ മാലാഖമാരെന്നു വിളിച്ച് ഹൃദയത്തോട് ചേർത്തു നിർത്തുന്നു. എന്നാൽ ജീവന്റെ വിലയുള്ള മഹത്തായ ആ സേവനം ഒരു തൊഴിൽമേഖല കൂടിയാണെന്നതും പ്രൊഷഷണലായ സേവന വേതന വ്യവസ്ഥകൾ അവർക്ക് അനുവദിക്കപ്പെടുന്നുണ്ടോയെന്ന കാതലായ പ്രശ്നം നിലനിൽക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്.

 

ഒരു കാലത്ത് ആതുരസേവനം അല്ലെങ്കില്‍ നഴ്‌സിങ്ങ് എന്നത് അനാകര്‍ഷകമായ ഒരു തൊഴില്‍ മേഖലയായിരുന്നു. എന്നാല്‍ ഇന്നത് ശാസ്ത്രീയ പഠനതൊഴില്‍ മേഖലയാണ്. ലോകത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡാണ് നഴ്‌സസ് റജിസ്‌ട്രേഷന്‍ ആക്റ്റ് നടപ്പിലാക്കിയത് എലന്‍ ദഗേര്‍ട്ടി (Ellen Dougherty) എന്ന വനിതയാണ് രജിസ്റ്റര്‍ ചെയ്ത  ലോകത്തിലെ ആദ്യ നഴ്‌സ്. ഇന്ന് എല്ലാ രാജ്യങ്ങളിലും നഴ്‌സിങ്ങ് നിയമങ്ങളും റജിസ്‌ട്രേഷനുമുണ്ട്. വൈദ്യശാസ്ത്രം പുരോഗമിക്കുന്നതോടെ നഴ്‌സുമാരുടെ പ്രാധാന്യവും വര്‍ധിക്കുന്നു. നഴ്‌സിങ്ങില്‍ വ്യത്യസ്ത ശാഖകള്‍ രൂപപ്പെട്ടിരിക്കുന്നു. നഴ്‌സിങ്ങ് മേഖലയുടെ പ്രാധാന്യം മനസ്സിലാക്കാനും അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനു ഉള്ള അവസരമാകണം നഴ്‌സസ് ദിനാചരണം. 

 

ആരോഗ്യ പരിപാലന മേഖലയില്‍ ഡോക്ടര്‍മാര്‍ക്കു തുല്യമായ പ്രാധാന്യം നഴ്‌സിങ്ങ് മേഖലയും അര്‍ഹിക്കുന്നുണ്ട്. ലോകമാകമാനം രോഗത്താല്‍ വലയുന്നവര്‍ക്ക് ആരോഗ്യസേവനങ്ങള്‍ നല്‍കി പരിപാലിക്കുന്നതിനായി ജീവിതം മാറ്റിവെച്ചിരിക്കുന്ന നഴ്‌സുമാരെയും മിഡ്‌വൈഫുമാരെയും ഓര്‍ക്കാനും അര്‍ഹമായ  പരിഗണന അവര്‍ക്കു നല്‍കാനുമുള്ള അവബോധം സൃഷ്ടിക്കാനും ദിനാചരണം സഹായകരമായെങ്കിൽ മാത്രമേ നമ്മുടെ ആശംസകൾക്ക് അർഥം വരുകയുള്ളൂ.. 

 

∙ നഴ്സിങ്ങ് ചരിത്രം

 

kozhikode-nurse-day

1883-1886 കാലഘട്ടത്തില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ നഴ്‌സുമാരുടെ പരിശീലന ചുമതല വഹിച്ചിരുന്ന വനിതയായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗെയ്ല്‍. പരുക്കേറ്റ പട്ടാളക്കാര്‍ക്ക് പരിചരണം നല്‍കാന്‍ ഊണും ഉറക്കവുമില്ലാതെ രാപകല്‍ അവർ പ്രവര്‍ത്തിച്ചു. 'ദി ലേഡി വിത്ത് ദ ലാമ്പ്' അഥവാ 'വിളക്കേന്തിയ വനിത' എന്നവര്‍ വിളിക്കപ്പെട്ടത് അങ്ങനെയാണ്... 38 നഴ്‌സുമാരടങ്ങിയ സംഘത്തോടൊപ്പമാണ് യുദ്ധത്തില്‍ പരുക്കേറ്റവരെ പരിചരിക്കാന്‍ അവര്‍ ടര്‍ക്കിയില്‍ എത്തിയത്. ആതുര ശുശ്രൂഷയെന്ന സേവനമേഖലയെ ശാസ്ത്രതത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു തൊഴില്‍ മേഖലയായി വളര്‍ത്താനും, കരുണയും ആര്‍ദ്രതയുമുള്ള മുഖം ഈ തൊഴിലിനു നല്‍കാനും ശ്രമിച്ചത് ഫ്‌ളോറന്‍സ് നൈറ്റിംഗെയ്‌ലാണ്. യുദ്ധക്കെടുതികളുടെ കൂരിരുട്ടില്‍ സേവനത്തിന്റെ പ്രകാശം പരത്തിയ 'വിളക്കേന്തിയ വനിത' ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയെന്ന  വിശേഷണത്തിന് യോഗ്യയാണ്.

 

1820 മെയ് 12-ന് ഇറ്റലിയിലെ ടസ്‌കനിയിലെ ഫ്‌ളോറന്‍സ് എന്ന സ്ഥലത്താണ് ഒരു ധനിക കുടുംബത്തില്‍ ഫ്‌ളോറന്‍സ് നൈറ്റിംഗെയ്ല്‍ ജനിച്ചത്. പിതാവ് വില്യം എഡ്വാര്‍ഡ് നൈറ്റിംഗെയ്‌ലും, മാതാവ് ഫ്രാന്‍സിസ് ഫാനി നൈറ്റിംഗെയ്‌ലും. പിറന്ന സ്ഥലത്തിന്റെ പേരു തന്നെയാണ് അവര്‍ മകള്‍ക്കു നല്‍കിയത്. ഇറ്റലിയില്‍ താമസമാക്കിയിരുന്ന ആ ധനിക കുടുംബം 1821-ല്‍ ഇംഗ്ലണ്ടിലേക്ക് താമസം മാറ്റി. ഏറെ സമ്പന്നമായ കുടുംബമായിരുന്നതിനാല്‍ അല്ലലുകളില്ലാത്ത ബാല്യകാലമായിരുന്നു ഫ്‌ളോറന്‍സിന്റേത്. ബ്രിട്ടിഷ് എഴുത്തുകാരിയും സ്ത്രീവിമോചന പ്രവര്‍ത്തകയുമായിരുന്ന മേരി ക്ലര്‍ക്ക്, ബ്രിട്ടനിലെ ആദ്യ വനിതാ ഡോക്ടര്‍ എലിസബത്ത് ബ്ലാക്‌വെല്‍ എന്നിവരുമായുള്ള കണ്ടുമുട്ടലും പരിചയവും ഫ്‌ളോറന്‍സിന്റെ ജീവിതത്തെ മാറ്റി മറിച്ചു. ആതുരസേവനമാണ് തന്റെ ജീവിതദൗത്യമെന്ന ചിന്ത അവളില്‍ വളര്‍ന്നു. ഒരു നഴ്‌സ് ആകണമെന്നുള്ള ആഗ്രഹം തുറന്നുപറഞ്ഞെങ്കിലും അക്കാലത്ത് ഏറ്റവും മോശം ജോലിയായി  കണക്കാക്കപ്പെട്ടിരുന്ന ആ തൊഴില്‍ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല. നഴ്‌സിങ്ങ് പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ തയ്യാറായെങ്കിലും പാവങ്ങളെയും രോഗികളെയും സഹായിക്കാന്‍ തന്നെ അനുവദിക്കണമെന്ന്  ഫ്‌ളോറന്‍സ് ആവശ്യപ്പെട്ടു, ഒപ്പം നഴ്‌സിങ്ങ് മേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ശ്രമിച്ചു. 

 

1844-ല്‍ ജര്‍മനിയിലെ  കൈസര്‍വര്‍ത്ത് എന്ന ആശുപത്രിയില്‍ ജോലി നേടിയ ഫ്‌ളോറന്‍സ് തന്റെ ജീവിത ദൗത്യത്തിലെ ആദ്യപടി കയറുകയായിരുന്നു. പിന്നീട് ലണ്ടനിലെ 'കെയര്‍ ഓഫ് സിക്ക് ജെന്റില്‍ വുമണ്‍' എന്ന ജീവകാരുണ്യ സ്ഥാപനത്തിന്റെ സൂപ്രണ്ടായും പ്രവര്‍ത്തിച്ചു. ബ്രിട്ടനില്‍ കോളറ പടര്‍ന്നു പിടിച്ച അക്കാലത്ത് ഫ്‌ളോറന്‍സിന്റെ  ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തനം അനേകം രോഗികളെ മരണത്തില്‍ നിന്ന് രക്ഷിച്ചു. ക്രീമിയന്‍ യുദ്ധസമയത്ത് പരുക്കേറ്റ പട്ടാളക്കാരെ പരിചരിക്കാന്‍ മുന്നിട്ടിറങ്ങിയതോടെയാണ് അവര്‍ പ്രശസ്തയായത്. ലോകം ഉറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ സുഖനിദ്രയിലാകുമ്പോള്‍ കയ്യിലൊരു വിളക്കുമായി രോഗികളായ പട്ടാളക്കാരുടെ അടുത്ത് സുഖാന്വേഷണവുമായി എത്തിയിരുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗെയ്‌ലിനെ ടൈംസ് പത്രം 'വിളക്കേന്തിയ വനിത'  (The lady with a lamp) എന്ന് ആദ്യമായി വിശേഷിപ്പിച്ചു. ഫ്‌ളോറന്‍സിന്റെ പേര് സാധാരണക്കാര്‍ക്കിടയില്‍ പോലും പ്രസിദ്ധമായെങ്കിലും അവരുടെ ഫോട്ടോകള്‍ പൊതുജനത്തിന് ലഭിച്ചിരുന്നില്ല. പ്രശസ്തി ആഗ്രഹിക്കാതെ സ്വകാര്യതയ്ക്ക്  അവര്‍ പ്രാധാന്യം നല്‍കി. അതിനാല്‍ ഇന്ന് അവരുടേതായി കാണുന്ന പല ചിത്രങ്ങളും ഭാവനാസൃഷ്ടികള്‍ മാത്രം. 1910 ഓഗസ്റ്റ് 13-ന് മരണമടയുംവരെ തന്റെ ജീവിത ദൗത്യത്തില്‍ മുഴുകിയ ഫ്‌ളോറന്‍സ്  അവിവാഹിതയായിരുന്നു. ഇറ്റലിയില്‍ അവര്‍ ജനിച്ച ഫ്‌ളോറന്‍സില്‍ ഒരു സ്മാരകം 1913-ല്‍ പണികഴിപ്പിക്കപ്പെട്ടു.

wayanad-hand-wash

 

തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വിശുദ്ധനാടിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ റഷ്യ ശ്രമിച്ചു. ജോര്‍ദാന്‍ നദിയുടെയും മെഡിറ്ററേനിയന്‍ കടലിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വൈകാരികമായി ഏറെ പ്രാധാന്യമുള്ളതായിരുന്നു. റഷ്യയുടെ അത്തരമൊരു ഉദ്യമമാണ് ക്രീമിയന്‍ യുദ്ധത്തില്‍ (Crimean war) കലാശിച്ചത്. 1853-1856 വരെ നീണ്ട യുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യം, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ സംയുക്തസഖ്യം റഷ്യന്‍ സാമ്രാജ്യത്തെ നേരിട്ടു. 1854- ഒക്‌ടോബറില്‍ ഫ്‌ളോറന്‍സും സംഘവും ക്രീമിയയിലെത്തി. യുദ്ധത്തില്‍ മരിച്ചതിനേക്കാളധികം സൈനികര്‍ പരുക്കേറ്റ് പരിചരണം ലഭിക്കാതെയും പകര്‍ച്ചവ്യാധികള്‍ മൂലവും മരിക്കുന്ന ദയനീയ സ്ഥിതിയായിരുന്നു ക്രീമിയയിലേത്. കുറേയധികം പേർ  പട്ടിണി കിടന്നും മരിച്ചു. തികഞ്ഞ അവഗണയില്‍  ജീവിച്ചുമരിക്കുകയായിരുന്ന പട്ടാളക്കാരുടെ ഇടയില്‍ ഫ്‌ളോറന്‍സ് വിളക്കേന്തിയ മാലാഖയായി മാറി. രോഗികള്‍ക്ക് ഭക്ഷണവും പരിചരണവും വൃത്തിയുള്ള അന്തരീക്ഷവും ഒപ്പം സ്‌നേഹവും കരുതലും നല്‍കണമെന്ന ആതുര സേവന സംസ്‌ക്കാരത്തിന് പതുക്കെ രൂപം നല്‍കുകയായിരുന്നു ഫ്‌ളോറന്‍സ്. ആശുപത്രിയിലെ അവസ്ഥയും ആവശ്യങ്ങളും ഒരു റിപ്പോര്‍ട്ടായി എഴുതി തയാറാക്കിയ ഫ്‌ളോറന്‍സിന്റെ പ്രവര്‍ത്തനം മൂലം 1857-ല്‍ സൈനികക്ഷേമത്തിനായി റോയല്‍ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. കൂടാതെ സൈനീകാശുപത്രികളുടെ യഥാര്‍ഥ ചിത്രം പഠിക്കാന്‍ ഒരു അന്വേഷണ കമ്മീഷനും നിയോഗിക്കപ്പെട്ടു. 

 

∙ മാറ്റങ്ങളുടെ കാലം

 

യുദ്ധത്തില്‍ പരുക്കേറ്റു മരിക്കാതെ ജീവിക്കുന്ന സൈനികരുടെ അതിദയനീയമായ അവസ്ഥയാണ് കമ്മീഷന്‍ കണ്ടെത്തിയത്. ഇസാംബാര്‍ഡ് ബ്രൂണെല്‍ എന്ന പ്രസിദ്ധനായ എൻജിനീയറായിരുന്നു കമ്മീഷനെ നയിച്ചിരുന്നത്. ബ്രൂണെലിന്റെ റിപ്പോര്‍ട്ടനുസരിച്ച് യുദ്ധഭൂമികളിലേക്ക് റെഡിമെയ്ഡ് ആശുപത്രികള്‍ അയക്കപ്പെട്ടു. പരിചരണം കൂടുതല്‍ ശ്രദ്ധയുള്ളതായതോടെ പരുക്കേറ്റ പട്ടാളക്കാരുടെ മരണനിരക്കില്‍ വലിയ കുറവുണ്ടായി. വ്യക്തിശുചിത്വമാണ് രോഗീപരിചരണത്തില്‍ ഏറെ പ്രധാനമെന്ന് ഫ്‌ളോറന്‍സ് തെളിയിച്ചു. ഒരു നഴ്‌സിങ്ങ് പരിശീലന കേന്ദ്രം തുടങ്ങാനായി ഫണ്ടു ശേഖരണം നടത്തുകയായിരുന്നു അടുത്ത പ്രവര്‍ത്തനം. 1860-ല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍  സംഭാവന ലഭിച്ച തുകകൊണ്ട് പരിശീലനകേന്ദ്രത്തിന് തുടക്കമായി. ഈ കേന്ദ്രം ഇന്ന് ലണ്ടനിലെ കിങ്ങ്‌സ് കോളേജിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഫ്‌ളോറന്‍സ് നൈറ്റിംഗെയ്ല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് ആന്‍ഡ് മിഡ്‌വൈഫറി എന്ന പേരില്‍ ഇന്നറിയപ്പെടുന്നു. 

 

പരിശീലനം നേടിയ നഴ്‌സുമാര്‍ ആരോഗ്യപരിപാലന രംഗത്ത് എത്രമാത്രം പ്രധാനമാണെന്ന സന്ദേശമാണ് ഫ്‌ളോറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുതന്നത്. വിക്‌ടോറിയ രാജ്ഞി മുന്‍കൈയെടുത്ത് ആര്‍മി നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ 'റോയല്‍ വിക്‌ടോറിയ' എന്ന ആശുപത്രി സ്ഥാപിച്ചത്. ക്രീമിയന്‍ യുദ്ധം നല്‍കിയ പാഠത്തില്‍ നിന്നായിരുന്നു. അങ്ങനെ 'ആര്‍മി നഴ്‌സിങ്ങ്' എന്ന പ്രത്യേക വിഭാഗത്തിന് രൂപം കൊടുക്കാന്‍ ഫ്‌ളോറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. ബ്രിട്ടനില്‍  മാത്രമല്ല അമേരിക്കയിലും ഫ്‌ളോറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ചലനങ്ങളുണ്ടാക്കി. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി പേര്‍ പരിശീലനം നേടിയ നഴ്‌സുമാരായി പുറത്തിറങ്ങി. അവരാകട്ടെ നൈറ്റിംഗെയ്‌ലുകള്‍ (Nightingales) എന്നറിയപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടിഷ് സൈനികരുടെ ആരോഗ്യ സേവനത്തിലും ഫ്‌ളോറന്‍സിന്റെ സേവനമെത്തി. ഉയര്‍ന്ന മരണനിരക്ക് ഇന്ത്യയിലെ ബ്രിട്ടിഷ് പട്ടാളത്തിലുണ്ടായിരുന്നു. ശുചിത്വമില്ലായ്മയാണ് ഇതിനു കാരണമെന്നായിരുന്നു ഫ്‌ളോറന്‍സിന്റെ നിരീക്ഷണം. ഇതിന്റെ ഫലമായി ഇന്ത്യയിലേക്ക് ഒരു സാനിറ്ററി കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. ഇന്ത്യയിലെ മിലിട്ടറി ആശുപത്രികളില്‍ വനിതാ നഴ്‌സുമാരെ നിയോഗിക്കാന്‍ തീരുമാനിച്ചതിനു പിന്നിലും ഫ്‌ളോറന്‍സിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചു. നാലു ദശാബ്ദത്തോളം കാലം ഇന്ത്യയുടെ ആരോഗ്യരംഗത്തേക്കുറിച്ച് പഠിക്കാനും നിരീക്ഷണങ്ങള്‍ നടത്തി അഭിപ്രായങ്ങള്‍ അധികാരികളെ അറിയിക്കാനും ഫ്‌ളോറന്‍സ് ശ്രമിച്ചു. ആതുരസേവനം മാത്രമല്ല സ്ത്രീകളുടെ ഉന്നമനത്തേക്കുറിച്ചും  അവര്‍ സംസാരിച്ചു. ഉയര്‍ന്ന ജനസംഖ്യ, മലിനവായു, വൃത്തിഹീനമായ പരിസരങ്ങള്‍, മലിനജലം തുടങ്ങി ഇന്ത്യയുടെ ആരോഗ്യപ്രശ്‌നങ്ങളായി ഫ്‌ളോറന്‍സ് കണ്ടെത്തിയ കാരണങ്ങള്‍ ഇന്നും കാലികപ്രാധാന്യമുള്ളതായി തുടരുന്നു. 

 

∙ കൊറോണക്കാലത്തെ കൈകഴുകല്‍

 

കൊറോണ ഭീഷണിയുയര്‍ത്തുന്ന കാലത്ത് ലോകാരോഗ്യ സംഘടന ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഒന്നാണല്ലോ ഹാന്‍ഡ് വാഷിങ്. ക്രീമിയല്‍ യുദ്ധകാലത്ത് ഇതേ കൈകഴുകള്‍ ആശയം ഫ്‌ളോറന്‍സ് മുന്‍പോട്ടു വെച്ചു. എന്നാല്‍ അന്നത് ആരും പ്രാധാന്യമുള്ളതായി കണ്ടില്ല. എന്നാല്‍ ദശാബ്ദങ്ങള്‍ക്കുശേഷം പകര്‍ച്ചവ്യാധികള്‍ മനുഷ്യരാശിക്ക് ഭീഷണിയായ കാലത്ത് കൈകഴുകലിന്റെ പ്രാധാന്യം ലോകം തിരിച്ചറിയുന്നു. ഇന്ന് കൊറോണയെ പ്രതിരോധിക്കാനുള്ള  പ്രഥമവും പ്രധാനവുമായ മാര്‍ഗം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള കൈകഴുകലാണെന്നത് ഫ്‌ളോറന്‍സിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതീകമാണ്. 

 

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഫ്‌ളോറന്‍സിന്റെ  ഇഷ്ടവിഷയം കണക്കായിരുന്നു. പിന്നീട് ആതുര സേവനം പ്രവര്‍ത്തനമേഖലയായപ്പോള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഗ്രാഫുകള്‍ ഫലപ്രദമായി അവര്‍ ഉപയോഗിച്ചിരുന്നു. മരണനിരക്കും, അവയുടെ കാരണങ്ങളുമൊക്കെ അധികാരികളുടെ മുന്‍പില്‍ ഫലപ്രദമായി എളുപ്പം മനസിലാക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അതു സഹായിച്ചു. ഇന്നു സര്‍വസാധാരണമായ ഡേറ്റാ അനാലിസിസ് അന്നേ ഉപയോഗിച്ചതിന്റെ ക്രെഡിറ്റും ഫ്‌ളോറന്‍സിനുണ്ട്. 1801-ല്‍ ഉപയോഗിച്ചു തുടങ്ങിയ പൈ ചാര്‍ട്ടിനെ ജനകീയമാക്കിയത് ഫ്‌ളോറന്‍സ് ആയിരുന്നു. പൈ ചാര്‍ട്ടുമായി ബന്ധമുള്ള 'പോളാര്‍ ഡയഗ്രം' വികസിപ്പിച്ചെടുത്തത് ഫ്‌ളോറന്‍സായിരുന്നതിനാല്‍ അത് 'നൈറ്റിംഗെയ്ല്‍ ഡയഗ്രം' എന്നാണ് അറിയപ്പെടുന്നത്. രോഗികളിലെ മരണ നിരക്ക് വിവരിക്കാന്‍ ഫ്‌ളോറന്‍സിന്റെ ആയുധമതായിരുന്നു. 

 

ഫ്‌ളോറന്‍സ് നൈറ്റിംഗെയ്‌ലിന്റെ പാത പിന്‍തുടര്‍ന്ന നിരവധി പേരുടെ ചരിത്രവും നമ്മുടെ മുന്‍പിലുണ്ട് ഫ്‌ളോറന്‍സിന്റെ ശിക്ഷണത്തില്‍ നഴ്‌സിങ്ങ് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ അമേരിക്കക്കാരിയായിരുന്നു ലിന്‍ഡ റിച്ചാര്‍ഡ്‌സ്. ഇന്നത്തേപ്പോലെ ആശുപത്രികളില്‍ ഓരോ രോഗിക്കും വ്യക്തിഗത ഫയല്‍ സൂക്ഷിക്കുന്ന സമ്പ്രദായം കൊണ്ടുവന്നത് ലിന്‍ഡയായിരുന്നു. 'അമേരിക്കാസ് ഫസ്റ്റ് ട്രെയിന്‍ഡ് നഴ്‌സ്' എന്ന പുസ്തകം അവരുടെ അനുഭവങ്ങള്‍ വിവരിക്കുന്നതാണ്. അമേരിക്കയുടെ ഫ്‌ളോറന്‍സ് 'നൈറ്റിംഗെയ്ല്‍' എന്നറിയപ്പെടുന്ന ക്ലാര ബാര്‍ട്ടണ്‍ അമേരിക്കന്‍ റെഡ്‌ക്രോസിന്റെ സ്ഥാപകയായിരുന്നു. അമേരിക്കയിലെ ആഭ്യന്തര യുദ്ധകാലത്ത് ചെയ്ത സേവനത്തിലൂടെ 'യുദ്ധഭൂമിയിലെ മാലാഖ' എന്നവര്‍ വിളിക്കപ്പെട്ടു. ക്രീമിയന്‍ യുദ്ധകാലത്ത് സൈനികരെ ശുശ്രൂഷിക്കാന്‍ ഇറങ്ങിത്തിരിച്ച ബ്രിട്ടീഷ്-ജമൈക്കന്‍ നഴ്‌സായിരുന്നു മേരി ജെയ്ന്‍ സീകോള്‍. 

 

മികച്ച എഴുത്തുകാരി കൂടിയായിരുന്ന ഫ്‌ളോറന്‍സ് 200-ല്‍ അധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അവര്‍ രചിച്ച 'നോട്ട്‌സ് ഓണ്‍ നഴ്‌സിങ്ങ് : വാട്ട് ഇറ്റ് ഈസ് ആന്‍ഡ്  വാട്ട് ഇറ്റീസ് നോട്ട്' (Notes on Nursing : What it is and What is not) 1859-ല്‍ പുറത്തിറങ്ങി. നഴ്‌സിങ്ങ് ചരിത്രത്തിലെ ഒരു പ്രധാന പുസ്തകമായി ഇന്നും എണ്ണപ്പെടുന്ന ഗ്രന്ഥമാണിത്. ഫ്ളോറൻസിന്റെ ജന്മദിവസമായ മെയ് 12 ലോകമെങ്ങും നഴ്സുമാരുടെ ദിവസമായി ആചരിക്കപ്പെടുന്നു.

 

English Summary: History, significance of Florence Nightingale's birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com