sections
MORE

ചൈനയ്ക്കിത് 'നെഞ്ചിടിപ്പിന്റെ’ ഏഴ് മിനിറ്റ്... ‘അഗ്നി ദേവന്‍ സുറോങും’ ചൊവ്വയുടെ മണ്ണിലേക്ക്

china-mars
SHARE

നാസയുടെ പേടകം പെഴ്‌സിവീയറൻിന് വൈകാതെ ഒരു ചൈനീസ് തുണ ചൊവ്വയില്‍ ലഭിച്ചേക്കും. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സുറോങ് റോവര്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ തന്നെ ചൊവ്വയെ വലം വെക്കുന്ന ടിയാന്‍വെന്‍-1 ബഹിരാകാശ പേടകത്തില്‍ നിന്നാണ് സുറോങ് റോവര്‍ ചൊവ്വയിലേക്കിറങ്ങുക. 

ഈ ചരിത്ര ദൗത്യം വിജയമായാല്‍ ഭൂമിക്ക് പുറത്തെ മറ്റൊരു ഗ്രഹത്തില്‍ പേടകം ഇറക്കുന്ന മൂന്നാമത്തെ രാജ്യമാകാന്‍ ചൈനക്കാകും. റഷ്യയും അമേരിക്കയും മാത്രമാണ് മനുഷ്യനിര്‍മിത പേടകങ്ങള്‍ അന്യഗ്രഹങ്ങളില്‍ വിജയകരമായി ഇറക്കിയിട്ടുള്ളത്. ആദ്യ ചൊവ്വാ ദൗത്യത്തില്‍ തന്നെ ചൊവ്വയെ വലംവെക്കാനും ചൊവ്വയില്‍ ഇറങ്ങാനും ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിക്കാനും ചൈന ലക്ഷ്യം വെക്കുന്നുണ്ട്. ഫെബ്രുവരി മുതല്‍ ചൊവ്വക്ക് ചുറ്റം ഭ്രമണം ആരംഭിച്ചതോടെ ആദ്യ ലക്ഷ്യം ചൈന നേടിയിരുന്നു. 

ചൊവ്വയില്‍ മനുഷ്യ നിര്‍മിത പേടകം ഇറക്കാന്‍ ഇതുവരെ അമേരിക്കക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. റഷ്യ ശുക്രനിലാണ് തങ്ങളുടെ പേടകം ഇറക്കിയത്. ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിന് വേണ്ട ആറ് ശാസ്ത്ര ഉപകരണങ്ങള്‍ പേടകത്തില്‍ ഉണ്ടെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 

∙ ഭീതിയുടെ ഏഴ് മിനിറ്റ്

ചൈനീസ് പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന അവസാന നിമിഷങ്ങളെ ഭീതിയുടെ ഏഴ് മിനിറ്റ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചൊവ്വയിലേക്കിറങ്ങുന്ന വേളയില്‍ പേടകവുമായുള്ള വിനിമയബന്ധം അറ്റുപോകുമോ എന്നതാണ് പ്രധാന ആശങ്ക. പേടകം ചൊവ്വയില്‍ ഇടിച്ചു തകരുകയായിരുന്നോ അതോ വിജയകരമായി ഇറങ്ങിയോ എന്ന് ഭൂമിയില്‍ അറിയണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഏഴ് മിനിറ്റ് കഴിയണം.

ചൊവ്വയില്‍ ഇറങ്ങാനുള്ള ആദ്യ പടിയായി പേടകം ചൂട് താങ്ങാന്‍ ശേഷിയുള്ള ആവരണം കൊണ്ട് സ്വയം പൊതിയുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഘര്‍ഷണം മൂലമുണ്ടാകുന്ന അധിക ഊഷ്മാവിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണിത്. ചൊവ്വയിലേക്കുള്ള വീഴ്ച്ചക്കിടെ പ്രത്യേക പാരച്യൂട്ട് നിവര്‍ന്ന് പേടകത്തിന്റെ വീഴ്ചയുടെ ആഘാതം കുറക്കും. 

വിജയകരമായി ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയാല്‍ ചൈനീസ് പേടകം ഏതാണ്ട് 90 ചൊവ്വാ ദിവസങ്ങള്‍ അവിടെ സജീവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൊവ്വയില്‍ ഉട്ടോപ്യ എന്ന് വിളിക്കുന്ന ഭാഗത്താണ് ചൈനീസ് പേടകം ഇറങ്ങുന്നത്. 1976ല്‍ നാസയുടെ വൈകിംങ് 2 പേടകവും ഇതേ പ്രദേശത്തായിരുന്നു ഇറങ്ങിയിരുന്നത്. 

∙ അഗ്നി ദേവന്‍ സുറോങ്

ചൈനീസ് വിശ്വാസം അനുസരിച്ച് ആഗ്നിദേവനായ സുറോങിന്റെ പേരാണ് ചൊവ്വാ പേടകത്തിന് അവര്‍ നല്‍കിയിരിക്കുന്നത്. ചൈനീസ് പുരാണങ്ങളിലെ പേരുകള്‍ അവര്‍ നേരത്തെയും നിര്‍ണായക ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ടിയാന്‍വെന്‍, ചാങ്കേ, ബെയ്ദു എന്നിവ ഉദാഹരണങ്ങളാണ്. 

2020 ജൂലൈ 23നാണ് ടിയാന്‍വെന്‍ 1 എന്ന ചൈനീസ് ചൊവ്വാ ദൗത്യം ആരംഭിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ച ലോങ് മാര്‍ച്ച് 2 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഒര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങുന്നതാണ് ടിയാന്‍വെന്‍ 1. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ടിയാന്‍വെന്‍ 1 ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു.

English Summary: Seven minutes of terror for China: Beijing attempts maiden Mars rover landing on Friday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA