ADVERTISEMENT

കോവിഡ് - 19 ലക്ഷണങ്ങളുള്ളവരെ രോഗനിർണയത്തിനോ രോഗാവസ്ഥയറിയാനോ രോഗഗതി നിർണയിക്കാനോ സിടി സ്കാനിങ്ങിന് വിധേയമാക്കണമോ വേണ്ടയോ, വേണമെങ്കിൽത്തന്നെ എപ്പോൾ തുടങ്ങിയ വിഷയങ്ങൾ വലിയ ചർച്ചയായിരുന്നു. കംപ്യൂട്ടഡ് ടോമോഗ്രാഫി സ്കാൻ (Computed Tomography - സിടി Scan) ശരീരത്തിന്റെ ആന്തരികഭാഗങ്ങളുടെ ചിത്രം ലഭിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന മാർഗമാണ്. സിടി പരിശോധനയിൽ എക്സ്റേകളും, കംപ്യൂട്ടറും ചേർന്നുണ്ടാക്കുന്ന ചിത്രങ്ങൾ സാധാരണ എക്സ്റേ നൽകുന്നതിനേക്കാൾ വിശദാംശങ്ങൾ നൽകുന്നു. അവയവങ്ങൾ, അസ്ഥികൾ, മറ്റു ശരീരകലകൾ എന്നിങ്ങനെ ശരീരത്തിന്റെ ഏതു ഭാഗത്തിന്റെയും സിടി സ്കാൻ എടുക്കാവുന്നതാണ്. വലിയ താമസമെടുക്കാത്ത, വേദനാരഹിതമായ പരിശോധനാമാർഗമാണിത്.

 

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർ‌ത്തനം ആരംഭിച്ച സ്കാനിങ് യന്ത്രം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർ‌ത്തനം ആരംഭിച്ച സ്കാനിങ് യന്ത്രം.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയയുടെ അഭിപ്രായമനുസരിച്ച് കോവിഡ് രോഗസ്ഥിരീകരണത്തിനായി, പ്രത്യേകിച്ച് രോഗത്തിന്റെ തുടക്കത്തിൽ വിവേചനരഹിതമായി സിടി സ്കാൻ നടത്തുന്നത് അഭിലഷണീയമല്ല. വ്യക്തികളെ അനാവശ്യമായി റേഡിയേഷന് വിധേയമാക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു സിടി സ്കാൻ എന്നത് 300 - 400 എക്സ്റേകൾക്ക് തുല്യമായതിനാൽ ചെറുപ്പക്കാരിൽ അത് പിൽക്കാലത് ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുമെന്നും ഡോ.ഗുലേറിയ മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങളൊന്നുമില്ലാത്ത ആളുകളിൽ സിടി സ്കാൻ നടത്തിയ ഒരു പഠനമനുസരിച്ച്, 30-40 ശതമാനം ലക്ഷണമില്ലാത്തവരുടെ ശ്വാസകോശത്തിൽ പാടുകൾ കണ്ടെത്തുകയുണ്ടായി. അവർ തനിയെ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. അതിനാൽ സംശയം തോന്നുന്ന കേസുകളിൽ ആദ്യം നെഞ്ചിന്റെ ഒരു എക്സ്റേ എടുക്കുകയും പിന്നീട് സിടി സ്കാൻ ആവശ്യമുണ്ടെന്ന ഉപദേശം ഡോക്ടർ നൽകിയാൽ മാത്രം അതിനായി ഉദ്യമിക്കുന്നതാണ് ഉചിതമെന്നും ഗുലേറിയ പറഞ്ഞിരുന്നു.

 

ct-scan

നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോ.മൃണാൾ സിർകറിന്റെ അഭിപ്രായത്തിൽ നേരിയ ലക്ഷണങ്ങളുള്ള  കോവിഡ് രോഗികളിൽ സിടി സ്കാൻ ആവശ്യമാവില്ല. തീവ്ര രോഗത്താൽ ആശുപത്രിയിൽ കഴിയുന്നവരിൽ ചിലർക്ക് സിടി സ്കാൻ വേണ്ടി വന്നേക്കാം. അതവരുടെ ചികിൽസയുടെ ഭാഗമായി രോഗത്തിന്റെ ഗൗരവമറിയാനും സങ്കീർണതകളുണ്ടെങ്കിൽ മനസ്സിലാക്കാനായിരിക്കണം. അല്ലാത്തപക്ഷം അതൊരു പാഴ്ച്ചെലവും അനാവശ്യമായ റേഡിയേഷൻ ഏൽക്കലുമായിരിക്കും. മാത്രമല്ല, രോഗത്തിന്റെ തീവ്രതയറിയാൻ സിടി സ്കാൻ മാത്രമല്ല മുൻപിലുള്ള മാർഗ്ഗമെന്നും അറിയണം. ശരീരതാപനില, ഓക്സിജൻനില, ശ്വസനതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ സൂചനകൾ നൽകുന്നവയാണ്. രോഗികളിൽ ഭയവും ഉത്കണ്ഠയും ജനിപ്പിക്കാനിടയുള്ള പരിശോധനകൾ ഡോക്ടറുടെ വിവേചനത്തിൽ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുകയാണ് നല്ലത്.

 

എങ്കിലും കോവിഡ്- 19 രോഗികളിൽ ചില അത്യാവശ്യ സന്ദർഭങ്ങളിലെങ്കിലും സിടി സ്കാൻ നടത്തേണ്ടി വരാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. രോഗ സ്ഥിരീകരണത്തിനുള്ള സ്റ്റാൻഡേർഡ് ടെസ്റ്റ് ആർറ്റി പിസിആർ ആണല്ലോ. കോവി ഡിന്റെ സവിശേഷ ലക്ഷണങ്ങൾ  പ്രദർശിപ്പിക്കുന്ന, എന്നാൽ RTPCR ടെസ്റ്റ് നെഗറ്റീവ് ഫലം തരുന്ന ചെറിയ എണ്ണം രോഗികളിൽ രോഗ നിർണ്ണയ സ്ഥിരീകരണത്തിനായി സ്കാൻ നടത്തേണ്ടി വന്നേക്കാം. കൂടാതെ ഇടത്തരം അല്ലെങ്കിൽ തീവ്ര രോഗലക്ഷണങ്ങളുള്ള രോഗികളിൽ രോഗാവസ്ഥയുടെ സൂക്ഷ്മപരിശോധനയ്ക്കായും, സങ്കീർണ്ണതകളറിയാനും നെഞ്ചിന്റെ സിടി സഹായകരമാകും. രോഗ ചികിത്സയ്ക്കും സിടി സ്കാൻ ഉപകാരപ്പെടുന്ന ഘട്ടങ്ങളുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന്, സ്റ്റീറോയിഡ് ചികിൽസയിലുള്ള കോവിഡ് രോഗികളിൽ 'പൾമണറി എംബോളിസം' ഇല്ലായെന്നുറപ്പിക്കാനും, ഫംഗസ് രോഗബാധ കണ്ടുപിടിക്കാനും സിടി സഹായിക്കും. ഇപ്രകാരം ജീവനു ഭീഷണിയുണർത്തുന്ന തീവ്ര രോഗാവസ്ഥയിലാണ് ഡോക്ടർമാർ സിടി എടുക്കാൻ നിർദ്ദേശം നൽകുന്നത്. ഇത്തരം അവസ്ഥ നൂറിൽ രണ്ടു കേസുകളിലാകും കണ്ടു വരുന്നത്.

 

2007-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് 1991-96 കാലഘട്ടത്തിൽ അമേരിക്കയിൽ രേഖപ്പെടുത്തപ്പെട്ട ക്യാൻസർ കേസുകളിൽ 0.4 ശതമാനത്തിന്റെയും കാരണമായി സിടി റേഡിയേഷനായിരുന്നു. 2007 ൽ അത് 1.5 - 2 ശതമാനമായിരിക്കാമെന്നും ഗവേഷകർ കണക്കു കൂട്ടിയിരുന്നു. സിടി സ്കാൻ ചെയ്യുന്ന സാങ്കേതിക വിദഗ്ധർക്കും സ്കാനിങ്ങിന് എത്തിയവരിൽ നിന്ന് കോവിഡ് വരാൻ സാധ്യത കൂടുന്നത് അത്യാവശ്യമുള്ള ആശുപത്രി പ്രവർത്തനമായ സിടി തടസപ്പെടാൻ കാരണമാകാം. ഡോക്ടർമാർ എത്രമാത്രം വിവേചനം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്  സിടി സ്കാൻ കോവിഡ് രോഗകാലത്ത് എത്രമാത്രം പ്രയോജനകരമാകുമെന്ന വിഷയത്തിന്റെ ഗുണദോഷങ്ങൾ.

 

English Summary: Role of computed tomography in COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com