ADVERTISEMENT

ശാസ്ത്രനിഷേധികളായി പെരുമാറിയ രാഷ്ട്രത്തലവൻമാരും, മെല്ലെപ്പോക്കു നയം സ്വീകരിച്ച ആഗോളസംഘടനകളും ചേർന്നാണ് കോവിഡ് - 19 രോഗത്തെ ഇന്നു കാണുന്ന രീതിയിലുള്ള മഹാദുരന്തമാക്കി മാറ്റിയതെന്ന കുറ്റപ്പെടുത്തലുമായി രാജ്യാന്തര പാനലിന്റെ റിപ്പോർട്ട്. ' ദ ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപ്പയേർഡ്നസ്സ് ആൻഡ് റെസ്പോൺസ് " ( The Independent Panel for Pandemic Preparedness) എന്ന ആഗോളപാനലാണ് കോവിഡ്- 19 സംബന്ധിച്ച പ്രഥമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 

ലോകാരോഗ്യസംഘടന, രാഷ്ട്ര നേതാക്കൻമാർ, പൊതുജനം എന്നിവർക്കിടയിൽ ഫലപ്രദമായ ആശയവിനിമയം  നടക്കാതെ പോയതിനാലാണ് 2020 ഫെബ്രുവരി മാസത്തിൽ രോഗം ഒരു പൊട്ടിത്തെറിയായി മാറുന്ന അവസ്ഥയുണ്ടാക്കിയതെന്ന് പാനൽ കണ്ടെത്തിയിരിക്കുന്നു. എന്തു ചെയ്യണമെന്നറിയില്ലാത്ത പ്രതീതിയുണ്ടാക്കിയ ദുർബലമായ ഏകോപന പ്രവർത്തനങ്ങൾ കാരണം മുൻകരുതലുകൾ എത്തേണ്ടിടത്ത് കൃത്യസമയത്ത് എത്തിയിരുന്നില്ല. കോവിഡ്- 19 മൂലമുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടന കുറച്ചുകൂടിനേരത്തെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ, ലോക നേതാക്കൾ അതു ഗൗരവത്തോടെ കേട്ടിരുന്നെങ്കിൽ ഇത്രയും വലിയ തോതിലുള്ള ദുരന്തമുണ്ടാകില്ലായിരുന്നുവെന്നാണ് പാനലിന്റെ വിലയിരുത്തൽ. 

പതിമൂന്ന് ആഗോള ആരോഗ്യവിദഗ്ധർ അടങ്ങിയ സ്വതന്ത്രപാനൽ 2021 മെയ് 12നാണ് തങ്ങളുടെ റിപ്പോർട്ട് പുറത്തുവിട്ടത്. ലോക ആരോഗ്യ അസംബ്ലിയുടെ 2020 മെയ് മാസത്തിൽ നടന്ന വാർഷികയോഗത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ ആവശ്യമനുസരിച്ചാണ് ലോകാരോഗ്യസംഘടന സ്വതന്ത്രമായ ഒരു സംഘത്തെ നിയമിച്ചത്. കോവിഡ്- 19, എങ്ങനെയാണ് ഇത്രമാത്രം അപകടകാരിയായി മാറിയതെന്നതു സംബന്ധിച്ച് വിശദമായ അവലോകനം നടത്തുകയും അതിന്റെ വെളിച്ചത്തിൽ ഭാവിയിലേക്കുള്ള പാഠങ്ങൾ ഉരുത്തിരിക്കുകയുമായിരുന്നു സമിതിയുടെ ലക്ഷ്യങ്ങൾ. 'കോവിഡ്- 19- അവസാനത്തെ ആഗോള മഹാമാരിയാക്കി മാറ്റാൻ' ( COVID-19) :Make it the Last Pandemic' എന്ന ശീർഷകമാണ് റിപ്പോർട്ടിനു നൽകിയിരിക്കുന്നത്. ( വെബ്സൈറ്റ് - theindependentpanel.org/mainreport/ )

vaccine

 

2020 ഫെബ്രുവരി മാസമായിരുന്നു കോവിഡിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായിരുന്നതെന്നാണ് ദീർഘമായ റിപ്പോർട്ട് പറയുന്നത്. വിവിധ രാജ്യങ്ങൾ രോഗവ്യാപനത്തെ തടയാനുള്ള മാർഗങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയിരുന്നെങ്കിൽ രോഗം മൂലമുണ്ടായ മരണസംഖ്യ ഏറെ കുറയ്ക്കാമായിരുന്നുവെന്ന് റിപ്പോർട്ട് സ്ഥാപിക്കുന്നുണ്ട്. എന്നാൽ 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ കാണിച്ച പ്രതികരണങ്ങൾക്ക് തിടുക്കമൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, ഏറ്റവും നല്ല പ്രവർത്തനങ്ങൾ ആവശ്യമായിരുന്ന 2020 ഫെബ്രുവരിയിൽ ലോകരാജ്യങ്ങളുടെ ഉദാസീനതമൂലം 'നഷ്‌ടപ്പെട്ട മാസമായി ' മാറുന്ന സാഹചര്യവുമുണ്ടായി. നിർണായകമായിരുന്ന ഓരോ ഘട്ടങ്ങളിലും സംഭവിച്ച പരാജയങ്ങൾ പാനൽ റിപ്പോർട്ടിൽ എണ്ണിയെണ്ണി പറയുന്നുമുണ്ട്. മഹാമാരി മൂലമുണ്ടായ നാശത്തിന്റെ തോത് ഒഴിവാക്കാമായിരുന്നു എന്നു പറയുമ്പോഴും, ആത്യന്തികമായി ഒരു പ്രത്യേക വ്യക്തിയെ കുറ്റക്കാരനാക്കാൻ സാധിക്കുകയില്ലായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എങ്കിലും മാസ്ക്, സാനിറ്റൈസർ, സാമൂഹ്യ അകലം എന്നീ അടിസ്ഥാന കാര്യങ്ങൾ പാലിച്ച ചില ഏഷ്യൻ രാജ്യങ്ങൾ മെച്ചപ്പെട്ട നിലയിൽ തുടർന്നപ്പോൾ, കോവിഡിനെ അശാസ്ത്രീയമായി നേരിട്ടവർക്ക് വലിയ നഷ്ടമുണ്ടായി.

ഡൽഹിയിലെ കോവിഡ് വാക്സീൻ ക്യാംപിൽനിന്നുള്ള ചിത്രം. (Photo by Arun SANKAR / AFP)
ഡൽഹിയിലെ കോവിഡ് വാക്സീൻ ക്യാംപിൽനിന്നുള്ള ചിത്രം. (Photo by Arun SANKAR / AFP)

 

ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചിടത്തോളം ലോകത്തിനു നൽകാവുന്ന ഏറ്റവും വലിയ അപകട സൂചനയാണ് ഒരു ആരോഗ്യപ്രശ്നത്തെ രാജ്യാന്തര ഉത്കണ്ഠയുള്ള അടിയന്തര പൊതുജനാരോഗ്യ വിഷയമായി ( Public Health Emergency of International Concern) പ്രഖ്യാപിക്കുകയെന്നത്. 2020 ജനുവരി 22-ന് തന്നെ മേൽപറഞ്ഞ പ്രഖ്യാപനം നടന്നുന്നതിനു പകരം വീണ്ടുമൊരു എട്ടു ദിവസം താമസിച്ചാണ് പ്രസ്തുത പ്രഖ്യാപനമുണ്ടായതെന്ന് പാനൽ ആരോപിക്കുന്നു. 'ആഗോളമഹാമാരി' ( Epidemic ) എന്ന വാക്കാകട്ടെ ലോകാരോഗ്യ സംഘടനയുടെ അപകടസൂചനാ സംവിധാനത്തിന്റെ ഭാഗമല്ലായിരുന്നിട്ടും, 2020 മാർച്ച് മാസത്തിൽ അങ്ങനെയൊരു പ്രഖ്യാപനം കൂടി വന്നിട്ടാണ് പല രാജ്യങ്ങളും രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ തയ്യാറായത്. ‘രോഗബാധയുടെ തുടക്കത്തിൽ ചൈനയുടെ ഭാഗത്തുനിന്ന് വ്യക്തമായ താമസമുണ്ടായിരുന്നു. പക്ഷേ എല്ലായിടത്തും ഇതേ താമസം പിന്നീടുണ്ടായി’ എന്ന് പാനൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ മഹാമാരിയെ നിയന്ത്രിക്കാൻ സമ്പന്നരാജ്യങ്ങൾ 100 കോടി വാക്സീൻ ഡോസ് ദരിദ്ര രാജ്യങ്ങൾക്കു നൽകണമെന്നും പാനൽ നിർദ്ദേശിക്കുന്നു. വാക്സീൻ നിർമാണവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങളിലും ലൈസൻസുകളിലും ഇളവുകളും വേണം.

 

ഭാവിയിൽ മറ്റൊരു മഹാമാരിയുടെ സാധ്യത ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും പാനൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും അധികാരമുള്ളതാക്കി തീർക്കുകയും വേണം. ആഗോളതലത്തിൽ മഹാമാരികളുമായി ബന്ധപ്പെട്ട നിയമപരമായ കരാറിനും രൂപം കൊടുക്കാൻ പാനൽ ശുപാർശ ചെയ്യുന്നു. പകർച്ചവ്യാധികളെ നേരിടാൻ ഒരു ആരോഗ്യ കൗൺസിലിന് രൂപം കൊടുക്കാനുള്ള നിർദ്ദേശവും പാനലിന്റെ ശുപാർശകളിൽ പെടുന്നു.

 

English Summary: Report of the Independent Panel for Pandemic Preparedness and Response: making COVID-19 the last pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com