ADVERTISEMENT

ഏതാനും തലമുറകള്‍ക്കകം മനുഷ്യകുലം കൂട്ട വന്ധ്യതക്കിരയാവുമെന്ന് മുന്നറിയിപ്പ്. എപ്പിഡമോളജിസ്റ്റ് ഷാന്ന സ്വാനിന്റെ കൗണ്ട്ഡൗണ്‍ എന്ന പുസ്തകമാണ് ലോകത്തിന് മുൻപാകെ ഈ ആശങ്ക പങ്കുവെക്കുന്നത്. വരുന്ന 40 വര്‍ഷത്തിനകം പുരുഷന്മാരിലെ ബീജത്തിന്റെ ഉല്‍പാദന ശേഷി പകുതി കണ്ട് കുറയും. അതായത് ഇത് വായിക്കുന്നവരുടെ പേരമക്കള്‍ക്ക് സന്താനങ്ങള്‍ വേണമെങ്കില്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് ഷാന്ന ഓര്‍മിപ്പിക്കുന്നത്.

 

മനുഷ്യരില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സന്താന ശേഷിയിലുണ്ടാവുന്ന കുറവിനെ കണക്കുകള്‍ നിരത്തി പറയുന്നുണ്ട് കൗണ്ട്ഡൗണ്‍ എന്ന പുസ്തകം. വരും വര്‍ഷങ്ങള്‍ മനുഷ്യര്‍ക്ക് പുതിയ തലമുറയെ സ്വാഭാവികമായി നിര്‍മിക്കാനാവുന്നതിന്റെ കൗണ്ട്ഡൗണ്‍ കൂടിയാണെന്ന് ഇത് പറയുന്നു. 2060 ആകുമ്പോഴേക്കും പുരുഷന്മാരില്‍ വലിയൊരു വിഭാഗത്തിന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ വേണ്ട ആരോഗ്യമുള്ള ബീജങ്ങള്‍ ഉണ്ടാവില്ലെന്ന് പുസ്തകം പറയുന്നു. 

 

മനുഷ്യരിലെ ബീജത്തിന്റെ ശേഷി വര്‍ഷങ്ങള്‍ കഴിയും തോറും കുറഞ്ഞുവരുന്നുവെന്ന് നേരത്തെയും പഠനങ്ങളില്‍ തെളിഞ്ഞതാണ്. 1990കളിലാണ് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. 1973 മുതല്‍ 2011 വരെയുള്ള കാലത്തിനിടക്ക് ആണുങ്ങളിലെ സജീവ ബീജങ്ങള്‍ 50 മുതല്‍ 60 ശതമാനം വരെ കുറഞ്ഞെന്ന് 2017ല്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് കുറവുണ്ടായിരിക്കുന്നതെന്നും പഠനത്തിലുണ്ട്. ഇതടക്കമുള്ള വിവരങ്ങളാണ് ഷാന്ന തന്റെ പുസ്തകത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

 

ആരോഗ്യമുള്ള ബീജത്തിന്റെ അളവ് കുറയുകയെന്നാല്‍ പ്രകൃത്യാ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള സാധ്യത കൂടിയാണ് കുറയുന്നത്. അതുകൊണ്ടാണ് നമ്മുടെ പേരക്കുട്ടികള്‍ക്ക് സന്താനങ്ങളെ ഉത്പാദിപ്പിക്കാന്‍ വേണ്ട ആരോഗ്യമുള്ള ബീജങ്ങളുണ്ടാവാനുള്ള സാധ്യത കുറവാണെന്ന മുന്നറിയിപ്പ് വരുന്നത്. ഭൂരിഭാഗം ദമ്പതികള്‍ക്കും 2045 ആകുമ്പോഴേക്കും കൃത്രിമ മാര്‍ഗങ്ങള്‍ ഗര്‍ഭധാരണത്തിനായി സ്വീകരിക്കേണ്ടി വരും. അതുപോലെ തന്നെ ഗര്‍ഭം അലസുന്നതും മനുഷ്യരിലെ ശാരീരിക വൈചിത്രങ്ങള്‍ വര്‍ധിക്കുന്നതുമെല്ലാം സ്വാഭാവികമാവും. പുരുഷന്മാരിലെ ലൈംഗികാവയവത്തിന്റെ വലുപ്പം കുറയുക, ഒരേസമയം പുരുഷന്മാരുടേയും സ്ത്രീകളുടേയും പ്രത്യേകതകള്‍ കാണിക്കുക തുടങ്ങി പല അസ്വാഭാവികതകളും ബീജത്തിന്റെ ശേഷി കുറഞ്ഞതുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

എന്തുകൊണ്ടാണ് ബീജത്തിന്റെ ശേഷി വര്‍ഷങ്ങള്‍ കഴിയുംതോറും കുറഞ്ഞുവരുന്നത് എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. വളരെ വേഗത്തിലാണ് നമ്മുടെ ജീവിത ശൈലികള്‍ മാറി വരുന്നത്. ഭക്ഷണം, വ്യായാമം, പൊണ്ണത്തടി, പുകവലി, മദ്യപാനം തുടങ്ങി പല കാരണങ്ങള്‍ ബീജങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ ഭ്രൂണാവസ്ഥയിലിരിക്കെ രാസവസ്തുക്കളുമായുണ്ടാവുന്ന സമ്പര്‍ക്കവും മനുഷ്യരിലെ വന്ധ്യതക്ക് കാരണമാവുന്നുവെന്നാണ് ഷാന്ന സ്വാനിന്റെ പുസ്തകം പറയുന്നത്.

 

നമ്മുടെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്തവയായി ഇഡിസി എന്ന് വിളിക്കുന്ന endocrine-disrupting chemicals  മാറിക്കഴിഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും ശ്വസിക്കുന്ന വായുവിലും ഉപയോഗിക്കുന്ന മേയ്ക്ക്അപ്പ് സാധനങ്ങളിലുമെല്ലാം ഇത്തരം രാസവസ്തുക്കളുണ്ട്. ഇവയില്‍ പലതിനും മനുഷ്യരിലെ ഹോര്‍മോണുകളെ സ്വാധീനിക്കാന്‍ വരെ ശേഷിയുള്ളവയാണ്. 

 

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇപ്പോള്‍ നമുക്ക് ചുറ്റുമുള്ള രാസവസ്തുക്കളല്ല നമ്മുടെ തലമുറയുടെ വന്ധ്യതക്ക് കാരണമെന്നതാണ്. മാതാവിന്റെ വയറ്റില്‍ ഭ്രൂണാവസ്ഥയിലിരിക്കെ രാസവസ്തുക്കളുടെ ഇടപെടലുകള്‍ കൊണ്ട് സംഭവിച്ച മാറ്റങ്ങളാണ് പിന്നീട് വ്യക്തികള്‍ വളരുമ്പോള്‍ വന്ധ്യത അടക്കമുള്ളവയിലേക്ക് നയിക്കുന്നത്. ഓരോ തലമുറ കഴിയും തോറും ചുറ്റുമുള്ള ഹാനികരമായ രാസവസ്തുക്കളുടെ എണ്ണം വളരെയധികം കൂടുന്നുവെന്നതും ആശങ്കാജനകമാണ്.

 

മനുഷ്യരില്‍ മാത്രമല്ല സമാനമായ പ്രശ്‌നങ്ങള്‍ മൃഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. വളര്‍ത്തു നായകളിലും സമാനമായ തോതില്‍ വന്ധ്യത പിടിമുറുക്കുന്നതായി അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. മനുഷ്യരുമായി ചേര്‍ന്നു നില്‍ക്കുന്ന മൃഗങ്ങള്‍ മാത്രമല്ല കാര്യമായ മനുഷ്യസമ്പര്‍ക്കമില്ലാത്തവ വരെ ഇത്തരം മാറ്റങ്ങളുടെ ഇരകളാവുന്നുണ്ട്. 2017ല്‍ സ്‌കോട്‌ലൻഡ് തീരത്ത് അടിഞ്ഞ ഒരു തിമിംഗലമാണ് ഇതിന്റെ ഉദാഹരണമായി എടുത്തുകാണിക്കപ്പെടുന്നത്. നിരവധി മനുഷ്യനിര്‍മിത രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഈ പെണ്‍ തിമിംഗലം ഒരിക്കല്‍ പോലും കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നില്ല. മനുഷ്യ നിര്‍മിത രാസവസ്തുക്കളുടെ സാന്നിധ്യവും തിമിംഗലത്തിന്റെ വന്ധ്യതയും തമ്മിലുള്ള ബന്ധമാണ് ആശങ്കപ്പെടുത്തുന്നത്.  

 

ഹാനികരമായ മനുഷ്യനിര്‍മിത രാസവസ്തുക്കളെ നിയന്ത്രിക്കുകയെന്നത് മാത്രമാണ് ഈ പ്രതിസന്ധിക്കുള്ള പരിഹാരമായി ഷാന്ന സ്വാന്‍ പറയുന്നത്. ഫാക്ടറികളില്‍ നിന്നും മാലിന്യം പുറം തള്ളുന്നത് പോലെ നേരിട്ട് കാണാനാവുന്ന മലിനീകരണമല്ല ഇതെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പൊതുജനങ്ങളില്‍ ഇതേക്കുറിച്ച് അവബോധം ഉണ്ടാവുകയും നിയന്ത്രണങ്ങള്‍ ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ ഒന്നോ രണ്ടോ തലമുറകള്‍ക്കുള്ളില്‍ മനുഷ്യര്‍ കൂട്ട വന്ധ്യതക്കിരയാവുമെന്നാണ് ഷാന്ന സ്വാനിന്റെ മുന്നറിയിപ്പ്.

 

English Summary: How everyday chemicals are destroying sperm counts in humans and animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com