ADVERTISEMENT

സാർസ് - കോവ് - 2 എന്ന വൈറസ് ഒരു ലബോറട്ടറിയിൽ ഉത്ഭവിച്ചതാണെന്ന സിദ്ധാന്തത്തിന് ( lab leak hypotheis )  മുൻപത്തേക്കാളേറെ ശക്തിയും പിന്തുണയും ലഭിച്ച ആഴ്ചകളാണ് കടന്നുപോകുന്നത്. കോവിഡ്- 19 രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ( WIV ) യാണ് സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നത്. കോവിഡ്- 19 വൈറസിന്റെ ഉത്ഭവത്തേക്കുറിച്ച് ആഴവും പരപ്പുമുള്ള പഠനം നടത്തണമെന്ന ആവശ്യവും സജീവമായിരിക്കുന്നു. 2021 മേയ് 26-ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമായ ഒരു നിർദേശം യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിക്ക് നൽകിയിട്ടുണ്ട്. കോവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച റിപ്പോർട്ട് - എന്തു തന്നെയായാലും 90 ദിവസത്തിനുള്ളിൽ നൽകണമെന്നായിരുന്നു അത്. ഓസ്ട്രേലിയ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിങ്ങനെ നിരവധി രാജ്യങ്ങൾ സമഗ്ര അന്വേഷണമെന്ന അവശ്യം ഉയർത്തിയിട്ടുണ്ട്.

 

∙ തെളിവുകൾ കുറവ്, പക്ഷേ...

 

'ലാബ് ലീക്ക് സിദ്ധാന്തം' പഴുതില്ലാതെ തെളിയിക്കാനാവശ്യമായ കാര്യമാത്ര പ്രസക്തമായ വിവരങ്ങൾ ഇനിയും ശേഖരിക്കപ്പെട്ടിട്ടില്ലെങ്കിലും ശാസ്ത്രജ്ഞർ പൂർണമായും ഈ വാദത്തെ തള്ളിക്കളയാനും തയാറാകുന്നില്ല. സാർസ് - കോവ്-2 സ്വാഭാവികമായി ഉണ്ടായതാണെന്ന മറുവാദവും പൂർണമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലായെന്നതു തന്നെ കാരണം. വൈറസിന്റെ സ്വാഭാവികമായ ഉത്ഭവ സിദ്ധാന്തത്തെ സാധൂകരിക്കാൻ കഴിയുന്ന ചില വാദങ്ങൾ ഗവേഷകർ പങ്കുവയ്ക്കുന്നുണ്ട്. കോവിഡിന്റെ ഉദയം സംബന്ധിച്ച് ഗവേഷകർ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന സാധ്യത ഇപ്പോഴും പ്രകൃത്യാലുള്ള ഉത്ഭവം തന്നെയാണ്. വവ്വാലുകളിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ മധ്യവർത്തിയായ ഒരു ജീവിയിലൂടെയോ വൈറസ് മനുഷ്യനിൽ എത്തിയിരിക്കാമെന്ന വാദമാണിത്. എയ്ഡ്സ്, എബോള, ഇൻഫ്ളുവൻസ, സാർസ്, മേർസ് തുടങ്ങിയ പുത്തൻ സാംക്രമിക രോഗങ്ങളെല്ലാം തന്നെ പ്രകൃതിയിൽ നിന്ന് മനുഷ്യനിലേക്ക് വ്യാപിച്ചവയാണെന്നത് ഈ സിദ്ധാന്തത്തിന് ബലമേകുന്നു. മാത്രമല്ല വവ്വാലുകൾ കൊറോണ വൈറസുകളുടെ സ്ഥിരം വാഹകരുമാണ്. 2013-ൽ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഹോർസ് ഷൂ വവ്വാലുകളിൽ കണ്ടെത്തിയ RATG13 എന്ന കൊറോണ വൈറസിന്റെ ജനിതക ഘടനയുമായി കോവിഡ്- 19 വൈറസിനുള്ള സാദൃശ്യവും ഈ വാദത്തിന് ബലമാകുന്നു. ഇവ തമ്മിലുള്ള ജനിതകസാമ്യം 96 ശതമാനം മാത്രമായതിനാൽ വവ്വാലിൽ നിന്ന് മറ്റൊരു ജീവി വഴിയാകണം വൈറസ് മനുഷ്യനിൽ എത്തിയതെന്നും ഗവേഷകർ കരുതുന്നു. അപ്പോഴും കോവിഡ്- 19 ലാബിൽ നിന്നും ചോർന്നതാണെന്ന സാധ്യത നിലനിൽക്കുന്നു. ലാബിൽ നിന്നും ചോർന്ന ഒരു വൈറസ് പ്രാദേശികമായ രോഗബാധകൾ ഉണ്ടാക്കുമെന്നല്ലാതെ വലിയൊരു മഹാമാരിയൊന്നും ഉണ്ടാക്കാൻ സാധ്യതയില്ല. ഉദാഹരണത്തിന് 2004-ൽ ബെയ്ജിങ്ങിൽ സാർസ് രോഗത്തേക്കുറിച്ച് പഠിക്കുന്ന ഒരു ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന രണ്ടു ഗവേഷകർക്ക് സാർസ് രോഗബാധയുണ്ടായി. ഇവരിൽ നിന്ന് ഏഴു പേരിലേക്ക് രോഗം പടർന്നു. പക്ഷേ അപ്പോഴേക്കും സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു.

 

∙ 'ലാബ് ലീക്ക്‌ ' സിദ്ധാന്തം: പ്രധാന വാദങ്ങൾ

lab-coronavirus-test
Photo: Shutterstock

 

കോവിഡ്- 19 വൈറസ് പരീക്ഷണശാലയിൽ നിന്ന് പുറത്തുവന്നതെങ്ങനെയെന്നത് പല വിധത്തിൽ സങ്കൽപ്പിക്കാം. ഗവേഷകർ ഏതെങ്കിലും മൃഗത്തിൽ നിന്നും സാർസ് കോവ് - 2 വൈറസിനെ വേർതിരിച്ചെടുത്ത് പരീക്ഷണകേന്ദ്രത്തിൽ സൂക്ഷിച്ചതാകാം. അല്ലെങ്കിൽ മറ്റു കൊറോണ വൈറസുകളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി പുതിയ വൈറസിനെ സൃഷ്ടിച്ചതാകാനും സാധ്യതയുണ്ട്. രണ്ടു തരത്തിലായാലും ഈ വൈറസുകൾക്ക് വെളിയിൽ വരണമെങ്കിൽ ലാബിലുള്ള ആർക്കെങ്കിലും മനപൂർവ്വമോ ആകസ്മികമായോ വൈറൽ ബാധയുണ്ടാകുകയും അവർ മറ്റുള്ളവർക്കും പുറത്തേക്കും രോഗം പടർത്തുകയും ചെയ്യണം. അത്തരമൊരു സംഭവമുണ്ടായതിന് നിലവിൽ തെളിവുകളില്ലെങ്കിലും അത് അസാധ്യമായ ഒരു വഴിയല്ലായെന്നതും ഓർക്കുക. കോവിഡ്- 19 വൈറസ് പരീക്ഷണശാലയിൽ ഉത്ഭവിച്ചതാണെന്നു സമർഥിക്കാൻ നിരവധി വാദങ്ങളാണ് ആളുകൾ ഉയർത്തുന്നത്. കോവിഡ്- 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒന്നര വർഷം പിന്നിട്ടിട്ടും വൈറസിന്റെ അടുത്ത ബന്ധുവിനെപ്പോലും ഒരു ജീവജാതിയിലും കണ്ടെത്തിയിട്ടില്ലായെന്നതാണ് വാദം. കൊറോണ വൈറസുകളേക്കുറിച്ച് നിരന്തരം പഠനം നടത്തുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് കോവിഡ്- 19 ആദ്യം റിപ്പോർട്ട് ചെയ്യപെട്ടത് എന്നതാണ് ലാബ് ലീക്കിനു തെളിവെന്ന് മറ്റൊരു വാദം. വൈറസിന്റെ ജനിതകത്തിന്റെ അസാധാരണമായ പ്രത്യേകതകളും സവിശേഷമായ ജനിതകശ്രേണിയും അവ ലാബിൽ നിർമിക്കപ്പെട്ടതിന്റെ തെളിവായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മനുഷ്യർക്കിടയിൽ കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ വേഗം കണ്ടാൽ അവ അതിനായി മാത്രം ജനിച്ചവയാണെന്നു തോന്നുമെന്ന് അവർ പറയുന്നു. 2012-15 കാലത്ത് ചൈനയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു ഖനിയിലെ വവ്വാലുകളിൽ നിന്ന് ഗവേഷകർ വേർതിരിച്ചെടുത്ത കൊറോണ വൈറസുകളിൽ നിന്ന് രൂപം കൊണ്ടതാണ് കോവിഡ്- 19 വൈറസെന്നും വാദിക്കുന്നവരുണ്ട്. ലാബ് ലീക്ക് സിദ്ധാന്തത്തെ സാധൂകരിക്കാൻ പുറത്തുവരുന്ന മേൽപറഞ്ഞ വാദങ്ങളെക്കുറിച്ച് വിദഗ്ധർ പറയുന്നതെന്താണെന്നതാണ് നമുക്കറിയേണ്ടത്.

 

∙ മനുഷ്യനിലേക്ക് രോഗം പകർത്തിയ ജീവികളെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട്?

 

ഒരു രോഗബാധയുടെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണം പലപ്പോഴും വർഷങ്ങൾ വേണ്ടിവരുന്ന ഒന്നാണ്. പലപ്പോഴും പ്രതികളെ കണ്ടെത്താൻ കഴിയാറുമില്ല. 2002 ൽ സാർസ് രോഗമുണ്ടാക്കിയ വൈറസിന്റെ ഉത്ഭവം വവ്വാലുകളിൽ നിന്നാണെന്നും, വെരുകുകളാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്നും മനസ്സിലാക്കാൻ ഒരു വ്യാഴവട്ടക്കാലമെടുത്തു. 2013-16 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ എബോള രോഗബാധ ഉണ്ടായ പ്രദേശത്തെ മൃഗങ്ങളിൽ  നിന്നൊന്നും വൈറസിനെ കണ്ടെത്തിയിരുന്നില്ല. രോഗബാധയുടെ ഉത്ഭവരഹസ്യം കണ്ടെത്താനുള്ള അന്വേഷണം പലപ്പോഴും സങ്കീർണവുമാണ്. രോഗമുണ്ടാക്കുന്ന വൈറസിന്റെ പ്രധാന സംഭരണിയല്ലാത്ത എന്നാൽ മധ്യവർത്തികളായി വർത്തിക്കുന്ന മൃഗങ്ങൾ ( സാർസിന്റെ കാര്യമെടുത്താൽ വെരുക്) പലപ്പോഴും അപൂർവമായിട്ടായിരിക്കും ഉണ്ടാവുക. കണ്ടെത്തുമ്പോഴേക്കും ഒന്നുകിൽ അവ ചത്തുപോവുകയോ രോഗവിമുക്തി പ്രാപിക്കുകയോ ചെയ്തിട്ടുണ്ടാവും. ഇനിയവയെ കണ്ടെത്തി പോസിറ്റീവാണെന്നു കണ്ടാൽ തന്നെ അവയിൽ നിന്നു ശേഖരിക്കുന്ന ഉമിനീരിലും, രക്തത്തിലും, വിസർജ്യങ്ങളിലുമുള്ള വൈറസുകൾ ജനിതകശ്രേണി വേർതിരിക്കാൻ പറ്റാത്ത വിധം ശിഥിലമായിട്ടുണ്ടാവുകയും ചെയ്യാം. കോവിഡ് രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കോവിഡ് - 19 വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുമുണ്ട്. ദക്ഷിണ ചൈനയിലെ ചില വവ്വാലുകളിൽ നിന്ന് വേർതിരിച്ചെടുത്ത RmYNO2 എന്ന കൊറോണ വൈറസ് ഇനത്തിന് ആദ്യം കണ്ടെത്തിയ RATG13 കൊറോണ വൈറസിനേക്കാൾ സാർസ് - കോവ് - 2 വൈറസുമായി സാമ്യമുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. കോവിഡ്- 19 വൈറസിന്റെ മധ്യവർത്തിയായ ജീവിയെ കണ്ടെത്താൻ എൺപതിനായിരത്തിലധികം വന്യജീവികളെയും വളർത്തുമൃഗങ്ങളെയും ചൈനയിലെ ഗവേഷകർ പരിശോധിച്ചിരുന്നു. അവയിലൊന്നു പോലും പോസിറ്റീവായില്ല. പക്ഷേ എൺപതിനായിരമെന്നത് ചൈനയിലെ മൃഗങ്ങളുടെ എണ്ണത്തിന്റെ ഒരു കണിക മാത്രമാണ് എന്നോർക്കണം. അർഥവത്തായ ഫലം പ്രതീക്ഷിക്കണമെങ്കിൽ രോഗ സാധ്യത കൂടുതലുള്ള മനുഷ്യനുമായി അധികസമ്പർക്കം വരുന്ന ജീവജാതികളിലേക്ക് അന്വേഷണം ചുരുക്കുകയും പരിശോധിക്കുന്ന മൃഗങ്ങളിൽ മുൻപെങ്ങാനും രോഗബാധയുണ്ടായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന കൂടി നടത്തുകയും ചെയ്യണം.

 

∙ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ സംശയിക്കണമോ?

 

ഡബ്ല്യുഐവി സ്ഥിതി ചെയ്യുന്ന വുഹാനിൽത്തന്നെ രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതാണല്ലോ അടുത്ത സംശയം. ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അതു സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ധാരാളമായുള്ള വൈറസുകളിൽ പഠനം നടത്താനായിരിക്കും ശ്രമിക്കുക. കൊറോണ വൈറസുകൾ ധാരാളമായുള്ള ചൈനയിലെ ഇൻസ്റ്റിറ്റ്യൂട്ട് അവയിൽ പഠനം നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മിക്ക ഇൻഫ്ളുവൻസ ലാബുകൾ ഏഷ്യയിലാണ്. രക്തസ്രാവപനികൾ ഉണ്ടാക്കുന്ന വൈറസുകളെ കുറിച്ച് പഠിക്കുന്ന ലാബുകൾ ആഫ്രിക്കയിലും ഡെങ്കിപനിയുടേത് ലാറ്റിൻ അമേരിക്കയിലുമായത് അത്തരം വൈറസുകൾ ആ പ്രദേശങ്ങളിൽ അധികമായി കാണപ്പെടുന്നതിനാലാണ്. രോഗം പൊട്ടിപ്പുറപ്പെടുന്ന 10 പ്രദേശങ്ങളിൽ ഒൻപതിനും അടുത്തായി ഒരു വൈറോളജി സ്ഥാപനമുണ്ടാകാമെന്നത് സ്വാഭാവികം മാത്രം. കൊറോണ വൈറസുകളുടെ നിരന്തര സാന്നിധ്യമുള്ള, പതിനൊന്നു ദശലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിൽ അത്ഭുതമൊന്നുമില്ലായെന്നാണ് ചില ഗവേഷകർ പറയുന്നത്. വിമാനത്താവളവും റെയിൽവേ സ്റ്റേഷനുകളും വന്യജീവികളെ പല സ്ഥലത്തേക്കും കൊണ്ടു പോകുന്ന വിപണികളുള്ള വുഹാനിൽ ഇത്തരമൊരു രോഗപ്പകർച്ച പ്രതീക്ഷിക്കാവുന്നതാണ്.

 

∙ വൈറസിനുള്ളത് പരീക്ഷണശാലയിൽ ഉണ്ടായതിന്റെ പ്രത്യേകതകളോ?

 

കോവിഡ്- 19 വൈറസിന്റെ ചില പ്രത്യേകതകൾ ജൈവ എൻജിനീയറിങ്ങ് വിദ്യയിലൂടെ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ഉളവായതാണോ എന്നതിനേക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. ജനിതകമായ കൃത്രിമപ്പണി നടന്നതിന്റെ കൈയൊപ്പുകളൊന്നും കാണാത്തതിനാൽ അതിനും സാധ്യതയില്ലെന്ന് ചിലർ കണ്ടെത്തിയിരിക്കുന്നു. സാർസ് കോവ് 2 വൈറസിൽ അവയുടെ അടുത്ത ബന്ധുക്കളിൽ ഇല്ലാത്ത ഒരു ഫ്യൂരിൻ ക്ലീവേജ് സൈറ്റുണ്ട്. ഇതാണ് കോശങ്ങളിൽ പ്രവേശിക്കാൻ ഇവയെ സഹായിക്കുന്നത്. ബന്ധുക്കൾക്കില്ലാത്ത ഈ സവിശേഷത കോവിഡ്- 19 വൈറസിനു മാത്രം ഉണ്ടായത് അതൊരു നിർമിത വൈറസാണെന്നതിലാണ് എന്നൊരു വാദമുണ്ട്. പക്ഷേ ഈ വാദത്തിനും മറുവാദമുണ്ട്. അടുത്ത ബന്ധുക്കൾക്കില്ലെങ്കിലും ജലദോഷമുണ്ടാക്കുന്ന ചില കൊറോണ വൈറസുകൾക്ക് ഫ്യൂറിൻ സൈറ്റ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലാബ് ലീക്ക് തിയറിക്കാരുടെ ഒരു പ്രധാന വാദമാണ് മനുഷ്യരിൽ കാണപ്പെടുന്നതിനു സമാനമായി അർജിനിൻ അമിനോ ആസിസ് നിർമിക്കാൻ സന്ദേശം കൊടുക്കുന്ന ജനിതകഭാഗം കോവിഡ് വൈറസിനുമുണ്ട് എന്നത്. എന്നാൽ ഇതിനെയും ഖണ്ഡിക്കുന്ന വാദം ഉയരുന്നു. കോവിഡ് വൈറസിന്റെ അർജിനിൻ സംബന്ധമായ ജനിതകകോഡിൽ ഉള്ള വ്യത്യാസമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഈ മാറ്റങ്ങൾ വൈറസിന്റെ പരിണാമത്തിന്റെ ഭാഗമാണെന്ന് ഇവർ വാദിക്കുന്നു.

 

∙ മഹാമാരിക്ക് അനുയോജ്യമായ ഘടനയാണോ

 

അതിവേഗം മനുഷ്യർക്കിടയിൽ പടർന്നുപിടിക്കുന്ന കോവിഡിന്റെ സ്വഭാവം ആ പ്രത്യേക ലക്ഷ്യത്തിനുവേണ്ടി നിർമിച്ചെടുത്തതിനാലാണെന്ന വാദവും പല ഗവേഷകരും നിരസിക്കുന്നു. മനുഷ്യർക്കിടയിൽ അതിവേഗം പടരുന്നതിനാൽ വൈറസ് പ്രത്യേകം രൂപപ്പെടുത്തിയതാണെന്നു പറയാനാവില്ല. മാംസഭോജികളായ സസ്തനികളിലും മിങ്കുകളിലും ഇവ നന്നായി രോഗമുണ്ടാക്കുന്നത് ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കോവിഡിന്റെ ആദ്യ വർഷം മനുഷ്യർക്കിടയിൽ പടർന്നു പിടിക്കാനുള്ള കഴിവ് പരിപൂർണമായിരുന്നില്ല. പുതിയ വകഭേദങ്ങളാണ് പുതിയ തരംഗങ്ങളായി വ്യാപനം മെച്ചമാക്കിയത്.

 

∙ ഖനിയിൽ നിന്ന് കിട്ടിയതോ?

 

ഖനിയിൽ ജോലി ചെയ്തിരുന്നവരിൽ ചിലർക്ക് ശ്വാസകോശ സംബന്ധമായ രോഗമുണ്ടായതിനേത്തുടർന്ന് ഗവേഷകർ ഖനിയിൽ പാർത്തിരുന്ന വവ്വാലുകളുടെ സാംപിളുകൾ 2012-15 കാലത്ത് എടുത്തിരുന്നു. കഴിഞ്ഞവർഷം ഇതേ ആളുകളുടെ രക്ത പരിശോധന നടത്തിയപ്പോൾ സാർസ് കോവ് 2 ആന്റിബോഡികൾ കണ്ടെത്താനാവാത്തതിനാൽ അന്നുണ്ടായത് കോവിഡ്- 19 ആയിരുന്നില്ലെന്ന് ഗവേഷകർ ഉറപ്പിക്കുന്നു. അന്ന് മുന്നൂറോളം കൊറോണ വൈറസ് ഇനങ്ങളാണ് ഖനിയിലെ സാംപിളുകളിൽ നിന്ന് വേർതിരിച്ചത്. അവയിൽ ഒരു ഡസൺ എണ്ണത്തിന്റെ ജനിതക ഘടന പഠിക്കുകയും മൂന്നെണ്ണം ലാബിൽ കൾച്ചർ ചെയ്യുകയും ചെയ്തിരുന്നു. അവയൊന്നും സാർസ് കോവ് 2 വൈറസുമായി അടുത്ത ബന്ധമുള്ളവ ആയിരുന്നില്ല. വവ്വാലുകളിൽ നിന്ന് വൈറസുകളെ വേർതിരിച്ചെടുക്കുന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടാണ് അവയെ സൂക്ഷിക്കാനെന്നാണ് ഗവേഷകർ കരുതുന്നത്. സൂക്ഷിക്കാൻ കഴിയാത്തവയെ എങ്ങനെ എൻജിനീയറിങ്ങ് നടത്തുമെന്ന പ്രശ്നവും ഉദിക്കുന്നു. സാങ്കേതികമായ വലിയ തടസ്സങ്ങൾ മറികടന്നുമാത്രമേ ചൈനയിലെ WIV ഗവേഷകർക്ക് ഖനിയിൽ നിന്നുള്ള വൈറസിനെ സൂക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.

 

∙ ഇനിയെന്ത്?

 

90 ദിവസത്തിനുള്ളിൽ കോവിഡ് ഉത്ഭവത്തേപ്പറ്റി  റിപ്പോർട്ട് നൽകാൻ യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. 2019 നവംബറിൽ (അതായത് ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപ് ) വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 3 ഗവേഷകർ രോഗികളായെന്ന ഇതുവരെ വെളിപ്പെടുത്താത്ത ഒരു യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച്  ' ദ വാൾസ്ട്രീറ്റ് ജേണൽ ' മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ സ്റ്റാഫ് എല്ലാവരും 2020 ജനുവരിയിൽ നടത്തിയ ആന്റിബോഡി പരിശോധയിൽ നെഗറ്റീവ് ആയിരുന്നുവെന്നാണ് WIV അവകാശപ്പെടുന്നത്. WIV സ്റ്റാഫിന്റെ മെഡിക്കൽ പരിശോധനാ വിവരങ്ങൾ പുറന്നു വിടാൻ അമേരിക്കൻ പ്രസിഡന്റിന്റെ മെഡിക്കൽ ഉപദേശകൻ ആന്റണി ഫൗച്ചി കഴിഞ്ഞയാഴ്ച ചൈനയോട് ആവശ്യപ്പെട്ടിരുന്നു. മറ്റു ചിലർ WIV സ്റ്റാഫിന്റെ രക്തസാംപിളും ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറസ് സാംപിൾ പരിശോധനയും ആവശ്യപ്പെട്ടിരിക്കുന്നു. കൂടാതെ ലാബിലെ ഹാർഡ് ഡിസ്ക്കുകളും നോട്ടുബുക്കുകളും അവരാവശ്യപ്പെടുന്നു. ലാബിലെ വിശദപരിശോധന ചൈന അനുവദിക്കുമെന്ന് കരുതുന്നില്ല. അമേരിക്കൻ ലാബുകൾ പരിശോധിക്കണമെന്നാണ് ചൈന പറയുന്നത്. എന്തായാലും അമേരിക്കയുടെ അന്വേഷണവും ലോകാരോഗ്യ സംഘടനയുടെ അന്വേഷണവും കഴിഞ്ഞ് എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് എത്രപേർ വിശ്വസിക്കുന്നുണ്ടെന്ന് സത്യമായും അറിയില്ല.

 

English Summary: Lab leak or natural? How the evidence stacks up in the coronavirus origin investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com