sections
MORE

ലോകത്തിനു മുന്നിൽ ചൈനയുടെ അഭിമാനമാണ് ലിയു യാങും സൗ ചെങ്‌യും

Liu-Yang-Zhou-Chengyu
Photo: Twitter
SHARE

റഷ്യയ്ക്കും അമേരിക്കയ്ക്കും ശേഷം ആദ്യമായി ഒരു വനിതയെ ബഹിരാകാശത്തേക്ക് അയച്ച രാജ്യമാണ് ചൈന. 2012 ൽ സ്വന്തം ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് ചൈന ലിയു യാങിനെ ബഹിരാകാശത്തേക്ക് അയച്ചത്. ഇതിനു ശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങളിൽ ചൈനീസ് സ്ത്രീകളുടെ സാന്നിധ്യം പ്രകടമായിരുന്നു.

ചൈനീസ് ബഹിരാകാശ മേഖലയിലെ പെൺ സാന്നിധ്യം രാജ്യാന്തര മാധ്യമങ്ങളിലെല്ലാം ഇപ്പോൾ വലിയ ചർച്ചയാണ്. ചൈനയുടെ ബഹിരാകാശ ദൗത്യങ്ങൾ തുടങ്ങിയ കാലം മുതൽ സ്ത്രീസാന്നിധ്യം പ്രകടമാണ്. ബഹിരാകാശ സഞ്ചാരികൾ, ഗവേഷകർ, മറ്റു സാങ്കേതിക വിദഗ്ധർ എന്നീ നിലകളിലെല്ലാം സ്ത്രീകളും സജീവമാണ്. നേരത്തേ ചൈനയുടെ ചാന്ദ്ര ദൗത്യത്തിനു പിന്നിലെ പെണ്‍ സാന്നിധ്യം വിദേശ മാധ്യമങ്ങളെല്ലാം വലിയ വാർത്തയാക്കിയിരുന്നു. ചാങ്ഇ 5 ചാന്ദ്ര ദൗത്യത്തിന്റെ സ്‌പേസ് കമാന്‍ഡറായ 24 കാരി സൗ ചെങ്‌യു ആയിരുന്നു അന്നു വാർത്തകളിൽ നിറഞ്ഞത്.

∙ ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി

യുദ്ധവിമാന പൈലറ്റായിരുന്ന മേജർ ലിയു യാങ് ആണ് ആദ്യമായി ബഹിരാകാശത്തെത്തിയ ചൈനീസ് വനിത. 2012 ജൂണ്‍ 16 നായിരുന്നു ഷെൻഷു 9 എന്ന ബഹിരാകാശ പേടകത്തിൽ ലിയു യാങ്ങിന്റെ ആദ്യ യാത്ര. ജിങ് ഹെയ്പെങ്, ലിയു വാങ് എന്നിവർക്കൊപ്പമായിരുന്നു ലിയു യാങ്ങിന്റെ യാത്ര.

ബഹിരാകാശയാത്രയിൽ സ്ത്രീകൾക്കുണ്ടാവുന്ന അനുഭവങ്ങളെക്കുറിച്ച് പ്രത്യേക പഠനങ്ങൾ നടത്തുകയായിരുന്നു യാങിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ ശാരീരീക പ്രത്യേകതകൾക്കനുസരിച്ച് രൂപകൽപന ചെയ്ത സംവിധാനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കാര്യക്ഷമത, ബഹിരാകാശത്ത് സ്ത്രീകൾക്കു നേരിടേണ്ടിവരുന്ന ആരോഗ്യപരമായ പ്രശ്നങ്ങൾ തുടങ്ങിയവ പഠനവിധേയമാക്കിയാണ് യാങ് ഭൂമിയിലേക്ക് മടങ്ങിയത്. പത്ത് ദിവസമാണ് യാങ് ബഹിരാകാശത്ത് തങ്ങിയത്.

∙ ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ മിഷൻ കമാൻഡർ

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടെ ചൈന നടത്തിയ മൂന്നാമത്തെ വിജയകരമായ ചന്ദ്രനിലിറങ്ങൽ ദൗത്യമായിരുന്നു ചാങ്ഇ-5. പേടകം തിരിച്ച് വിജയകരമായി തന്നെ ഭൂമിയിലും ലാൻഡ് ചെയ്തു. ഇതെല്ലാം നിയന്ത്രിച്ചത് ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ മിഷൻ കമാൻഡറും ആദ്യത്തെ വനിതാ ബഹിരാകാശ കമാൻഡറുമായ സൗ ചെങ്‌യു ആയിരുന്നു.

ചൈനീസ് ചാന്ദ്ര ദൗത്യത്തില്‍ റോക്കറ്റ് കണക്ടര്‍ സംവിധാനത്തിന്റെ ചുമതലയായിരുന്നു സൗ ചെങ്‌യുവിന്. ചെറുപ്രായത്തില്‍ത്തന്നെ രാജ്യത്തിന്റെ അഭിമാന ദൗത്യം വിജയിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന പേരിലാണ് ഈ യുവ ശാസ്ത്രജ്ഞ ചൈനയില്‍ താരമായതും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതും.

എന്നാൽ, ചൈനയിലെ ഗുയിസൗ പ്രവിശ്യയില്‍ നിന്നുള്ള സൗ പ്രശസ്തിയില്‍നിന്നു മാറി നടക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. അഭിമുഖങ്ങൾ പോലും നൽകിയിട്ടുമില്ല. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരിട്ട ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ചന്ദ്രനില്‍നിന്നു പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്കെത്തിക്കുക എന്നതായിരുന്നു. ദൗത്യം വജയിച്ചതോടെ ചന്ദ്രനെക്കുറിച്ചുള്ള നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

തങ്ങളുടെ ദൗത്യത്തിനു പിന്നിലെ വനിതാ സാന്നിധ്യം ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് പല കാരണങ്ങള്‍ കൊണ്ടും ചൈനയുടെ തന്നെ ആവശ്യമായിരുന്നുവെന്നാണ് ബിബിസിയുടെ ചൈനീസ് വിശകലന വിദഗ്ധ കെറി അലന്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് മാധ്യമങ്ങളില്‍ 24കാരിയായ സൗ ചെങ്‌യു നിറഞ്ഞത് അതുകൊണ്ടാണ്. ‘ബഹിരാകാശരംഗത്തെ ചൈനീസ് മുന്‍നിര പോരാളി’ ‘മൂത്ത സഹോദരി’ തുടങ്ങി വിശേഷണങ്ങള്‍ നല്‍കിയാണ് പുതു തലമുറയ്ക്കു മുൻപില്‍ സൗ ചെങ്‌യുവിനെ ചൈനീസ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.

china-moon-mission-woman

1996 ൽ ഗുയിസൗ പ്രവിശ്യയിൽ ജനിച്ച സൗ ചെങ് അതിവേഗമാണ് പഠനം പൂർത്തിയാക്കി ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ഭാഗമായത്. 2014 ൽ ചൈനയിലെ തന്നെ സർവകലാശാലയിൽനിന്ന് ഉയർന്ന റാങ്കോടെ എൻജിനീയറിങ് പാസായി. 2018 ൽ ബിരുദവും സ്വന്തമാക്കി. ഇതോടെ ചൈനീസ് എയ്‌റോസ്‌പേസിലേക്ക് അവസരം ലഭിക്കുകയും ചെയ്തു. ചൈനീസ് ബഹിരാകാശ ഏജൻസിയിലെ 80 പേരിൽ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരിയും സൗ ചെങ് തന്നെയാണ്.

china-space

∙ ചൈനയിലും സ്ത്രീമുന്നേറ്റം

കുറച്ചുകാലമായി വനിതാ നേതാക്കളെ പല രംഗങ്ങളിലും ഉയര്‍ത്തിക്കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ചൈനയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാന സ്ഥാനങ്ങളെല്ലാം കയ്യാളുന്നത് പുരുഷന്മാരാണെന്ന ആരോപണം നേരത്തേ തന്നെ ചൈനീസ് ഭരണകൂടത്തിനെതിരെയുണ്ട്. ശ്രദ്ധേയമായ വനിതാ വ്യക്തിത്വങ്ങളെ കണ്ടെത്താന്‍ വേണ്ടി നവംബറില്‍ ചൈനീസ് ദേശീയ മാധ്യമം ഗ്ലോബല്‍ ടൈംസ് വായനക്കാര്‍ക്കിടയില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സൗ ചെങ്‌യുവിന്റെ താരപദവിയെന്നാണ് വിലയിരുത്തല്‍.

English Summary: Chinese women in space

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA