ADVERTISEMENT

കോവിഡ്- 19 വൈറസിന്റെ ഡെൽറ്റ വകഭേദം അരങ്ങുവാഴുന്ന കാലത്തിലൂടെയാണ് പലരാജ്യങ്ങളും കടന്നു പോകുന്നതും പോകാനിരിക്കുന്നതും. അതിവേഗം പടർന്നു പിടിക്കാൻ ശേഷിയുള്ള ഈ വകഭേദം മൂലമുണ്ടാകുന്ന രോഗബാധകളുടെ എണ്ണം യുകെ പോലുള്ള രാജ്യങ്ങളിൽ പ്രതിദിനമെന്നോണം കൂടിവരുമ്പോൾ യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക വൻകരകളിലെ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. വാക്സീൻ ലഭ്യതയിൽ സമൃദ്ധമായ യൂറോപ്പിലെയും വടക്കൻ അമേരിക്കയിലെയും രാജ്യങ്ങൾ വാക്സീനുകളുടെ കഴിവിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ, വാക്സീൻ ദാരിദ്ര്യമുള്ള രാജ്യങ്ങൾ ( പ്രത്യേകിച്ച് ആഫ്രിക്കയിലെ രാജ്യങ്ങൾ ) ഡെൽറ്റ വകഭേദം കൊണ്ടുവന്നേക്കാവുന്ന വിനാശത്തിന്റെ ഭീതിയിലാണ്.

 

covid_covid19

ജൂൺ 21 ന് തങ്ങളുടെ മുഴുവൻ ജനങ്ങളെയും കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാമെന്നായിരുന്നു യുകെ സർക്കാർ തീരുമാനിച്ചത്. മാസങ്ങളോളം നീണ്ട ലോക്ക്ഡൗണിലൂടെയും, ലോകത്തിൽ തന്നെ എറ്റവും ദ്രുതഗതിയിൽ നടന്ന വാക്സീനേഷൻ പ്രോഗ്രാമിലൂടെയുമാണ് ഇത്തരമൊരു ശുഭമുഹൂർത്തത്തിലേക്ക് അവർ ചുവടുവച്ചിരുന്നത്. പൂർണസ്വാതന്ത്ര്യത്തിന്റെ ജൂൺ 21 നു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്ന ഏപ്രിൽ മാസം പകുതിയിലാണ് ഡെൽറ്റാ വകഭേദം യുകെയിൽ ആദ്യമായി കണ്ടെത്തിയത്. കോവിഡ് രോഗബാധയുടെയും ആശുപത്രിപ്രവേശനത്തിന്റെയും മരണത്തിന്റെയും നിരക്കുകൾ കുറഞ്ഞു വന്നിരുന്ന സമയമായിരുന്നു അത്. പിന്നീട് രണ്ടു മാസം കൊണ്ട് യുകെ കണ്ടത് കോവിഡിന്റെ മൂന്നാം തരംഗമായിരുന്നു. അങ്ങനെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദം യുകെയുടെ സ്വപ്നങ്ങൾ അസ്ഥാനത്താക്കുകയും ചെയ്തു.

 

covid_corona-pandemic-world

ഏപ്രിൽ-മെയ് മാസങ്ങളിൽ ഇന്ത്യയിലുണ്ടായ അതിരൗദ്ര കോവിഡ് തരംഗത്തിന്റെ സമയത്തു കണ്ടെത്തിയ വൈറസിന്റെ വംശപാരമ്പര്യമുള്ളതാണ് ഡെൽറ്റ എന്നു വിളിപ്പേരുള്ള B.1.617.2 എന്ന കോവിഡ് വൈറസ് വകഭേദം. ഇന്ത്യയുടെ പല ഭാഗത്തും കണ്ടെത്തിയ വൈറസ് പലപ്പോഴും വാക്സീൻ പ്രതിരോധത്തെ പരാജയപ്പെടുത്താൻ ശേഷിയുള്ളതാണെന്നും തെളിയിച്ചു. രാജ്യത്ത് നടന്ന നിരവധി ആൾക്കൂട്ട ആഘോഷങ്ങളാണോ അതോ വൈറസ് വകഭേദത്തിന്റെ സവിശേഷതയാണോ പ്രതിദിനം 4 ലക്ഷം പുതിയ കോവിഡ് രോഗികളെന്ന നിലയിലേക്ക് ഇന്ത്യയെ ഉയർത്തിയ തരംഗത്തിന് കാരണമെന്ന് തീർപ്പു പറയാനാവില്ലെങ്കിലും വകഭേദം മോശക്കാരനല്ലായെന്നത് തീർച്ചയാക്കാം. നേപ്പാൾ, തെക്കുകിഴക്കേ ഏഷ്യ തുടങ്ങി നിരവധി സ്ഥലങ്ങളിലും ഡെൽറ്റയുടെ രൂപത്തിൽ കോവിഡ് തിരിച്ചുവരവ് നടത്തിയതും നമ്മൾ കണ്ടു. ഡെൽറ്റ വകഭേദത്തിന്റെ വരവിനെ തടയുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നു തന്നെയാണ് വിദഗ്ധർ കരുതുന്നത്. ലോകത്തെമ്പാടും ഇവ എത്തിച്ചേരുമെന്നും ശാസ്ത്രലോകം അനുമാനിക്കുന്നു.

 

2020 അവസാനം യുകെയിൽ കണ്ടെത്തിയ, രോഗബാധയുണ്ടാക്കാൻ ഉയർന്ന ശേഷിയുള്ള ആൽഫാ വകഭേദ ( B.1.1.7 ) ത്തേക്കാൾ 60 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളവയാണ് ഡെൽറ്റാ വകഭേദം. വാക്സീനുകളെ മിതമായ നിരക്കിലാണെങ്കിലും മറികടക്കാൻ ഇവയ്ക്ക് കഴിയുന്നു, പ്രത്യേകിച്ച് ഒറ്റ ഡോസ് മാത്രം സ്വീകരിച്ചവരിൽ ഇവ രോഗബാധയുണ്ടാക്കുന്നതായി കണ്ടിരിക്കുന്നു. ഫൈസർ അല്ലെങ്കിൽ ആസ്ട്രാസെനെക്ക വാക്സീന്റെ ഒരു ഡോസ് സ്വീകരിച്ചവരിൽ ആൽഫാ വകഭേദം മൂലം കോവിഡ് ലക്ഷണങ്ങൾ വരാനുള്ള സാധ്യത പകുതിയോളം കുറഞ്ഞപ്പോൾ ഡെൽറ്റ മൂലമുള്ള സാധ്യത മൂന്നിലൊന്നു മാത്രമാണ് കുറഞ്ഞതെന്ന് 'പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ' പഠനം വെളിപ്പെടുത്തുന്നു. ആസ്ട്രാസെനെക്കയുടെ രണ്ടാമത്തെ ഡോസു കൂടി സ്വീകരിച്ചവർക്ക് ആൽഫയ്ക്കെതിരെ 66 ശതമാനം സംരക്ഷണമാണ് ലഭിച്ചതെങ്കിൽ ഡെൽറ്റയ്ക്കെതിരെ 60 ശതമാനമേ കിട്ടിയുള്ളൂ. ഫൈസറിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിൽ ഇത് യഥാക്രമം 93, 88 ശതമാനം സംരക്ഷണമെന്ന വിധത്തിലായിരുന്നു. മാത്രമല്ല ഡെൽറ്റ രോഗബാധയുണ്ടായവരിൽ ആശുപത്രിവാസത്തിനുള്ള സാധ്യത ആൽഫാ ബാധിച്ചവരേക്കാൾ രണ്ടിരട്ടിയിലധികമാണെന്നും പഠനങ്ങൾ പറയുന്നുണ്ട്. വാക്സീനേഷനിലും, വൈറസുകളുടെ ജനിതക നിരീക്ഷണ പര്യവേക്ഷണത്തിലും രോഗികളുടെ സമ്പർക്കങ്ങളെ പിന്തുടരുന്നതിലും മുൻപിൽ നിൽക്കുന്ന യൂറോപ്പിലെ രാജ്യങ്ങൾ പുതിയ തരംഗത്തിന്റെ ശക്തിയും വ്യാപ്തിയും കുറയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. യുകെയിൽ ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന രോഗബാധകളുടെ എണ്ണം ഓരോ പതിനൊന്നു ദിവസത്തിലും ഇരട്ടിയാകുന്ന അവസ്ഥയാണുള്ളത്. പക്ഷേ മികച്ച വാക്സീൻ സ്റ്റോക്കും മെച്ചപ്പെട്ട വാക്സീനേഷൻ നിരക്കുമുള്ള രാജ്യങ്ങൾക്ക് ആശ്വസിക്കാൻ വക നൽകുന്ന പഠനഫലങ്ങളുണ്ട്.  ആശുപത്രിയിലാകാനുള്ള സാധ്യത ഒരു ഡോസ് വാക്സീനെടുത്തവരിൽ 75 ശതമാനവും പൂർണമായി വാക്സീൻ സ്വീകരിച്ചവരിൽ 94 ശതമാനവും വാക്സീൻ സ്വീകരിക്കാത്തവരേക്കാൾ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസിന്റെ മധ്യപശ്ചിമ, തെക്കുകിഴക്കൻ മേഖലകളിലും ഡെൽറ്റാ രോഗബാധ കൂടി വരുന്നുണ്ട്. ഡെൽറ്റയെ ആശങ്കയുളവാക്കുന്ന കോവിഡ് വൈറസ് വകഭേദമായി  യുഎസ് സെന്റേഴ്സ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ജൂൺ 15-ന് പ്രഖ്യാപിക്കുകയും ചെയ്തു. വാക്സീൻ പ്രതിരോധത്തിൽ തന്നെയാണ് യുഎസിന്റെയും പ്രതീക്ഷയെങ്കിലും, വാക്സിനേഷൻ നിരക്കിലുള്ള അന്തരംമൂലം ചില പ്രദേശങ്ങളെങ്കിലും പ്രശ്നത്തിലാകാമെന്ന സാധ്യത നിലനിൽക്കുന്നു. ഉദാഹരണത്തിന് ന്യൂയോർക്കിലെ 70 ശതമാനത്തോളം ആളുകൾ വാക്സീന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചപ്പോൾ മറ്റു പല സംസ്ഥാനങ്ങളിലും അത് 40 ശതമാനത്തിൽ താഴെയാണെന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക് വംശജർ കൂടുതലുള്ള സമൂഹങ്ങളിൽ വാക്സീനേഷൻ നിരക്ക് കുറവായതിനാൽ ഡെൽറ്റ വ്യാപിച്ചേക്കാമെന്ന് വിദഗ്ധർ കരുതുന്നു. യുഎസിൽ 30 ശതമാനത്തിൽ താഴെ ആളുകൾ മാത്രം വാക്സീനേഷൻ സ്വീകരിച്ച പ്രദേശങ്ങളിലാണ് ഡെൽറ്റ അതിവേഗം പടർന്നു പിടിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങളുമുണ്ട്.

 

കോവിഡ് - 19 വൈറസ് ഡെൽറ്റാ വകഭേദം ഭീഷണിയാകുമ്പോഴും വാക്സീൻ സമ്പന്ന രാജ്യങ്ങൾക്ക് പുതിയ തരംഗത്തെ നേരിടാമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ വാക്സീൻ ലഭ്യത കുറഞ്ഞ രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ആഫ്രിക്കയിലെ പ്രദേശങ്ങൾക്ക് പ്രതീക്ഷയുടെ പച്ചത്തുരുത്തുകളൊന്നും മുൻപിലില്ല. ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രം വാക്സീൻ നൽകാൻ കഴിഞ്ഞിട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങൾ വലിയ ഭീഷണിയാണ് നേരിടുന്നത്. വാക്സീൻ കൃത്യസമയത്ത് ലഭിക്കാത്ത സ്ഥലങ്ങളിൽ പുതിയ വകഭേദം കടുത്ത നാശം വിതച്ചേക്കാം. ജനിതക നിരീക്ഷണ പര്യവേഷണ സംവിധാനങ്ങളിലും ഈ രാജ്യങ്ങൾ പിന്നിലാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ പ്രമുഖ നഗരങ്ങളിലെ ആശുപത്രികിടക്കകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. ഡെൽറ്റാ വകഭേദത്തിന്റെ പല ജനിതകശ്രേണികൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത സാമ്പത്തികബന്ധം പുലർത്ത കിഴക്കനാഫ്രിക്കൻ രാജ്യങ്ങളും കടുത്ത സമ്മർദത്തിലാണ്. സൗത്ത് ആഫ്രിക്കയിലാകട്ടെ വാണിജ്യ തുറമുഖങ്ങളിലെ ചില കപ്പൽ ജോലിക്കാരിൽ മാത്രമേ ഇതുവരെ ഡെൽറ്റാ വകഭേദത്തെ കണ്ടെത്തിയിട്ടുള്ളൂ. യാത്രാവിലക്കുകൾ കാരണവും, B. 1.351 എന്ന ബീറ്റാ വകഭേദം മൂലമുള്ള തരംഗം ഇപ്പോഴും നിലനിൽക്കുന്നതു കൊണ്ടുമാകാം പൊതു സമൂഹത്തിലേക്ക് ഇനിയും ദക്ഷിണാഫ്രിക്കയിൽ ഡെൽറ്റ പടരാതിരിക്കാനുള്ള കാരണം. P. 1 എന്ന ഗാമാ വകഭേദം തരംഗമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ബ്രസീലിലും ഡെൽറ്റ വിരളമാണ്. എന്തായാലും വാക്സീൻ സ്റ്റോക്ക് ധാരാളമുള്ള രാജ്യങ്ങൾ വാക്സീനെ തോൽപ്പിക്കാൻ പ്രാപ്തിയുള്ള പുതിയ വൈറസ് വകഭേദങ്ങളുടെ വരവിനേക്കുറിച്ച് ആകുലപ്പെടുമ്പോൾ, വാക്സീൻ ദാരിദ്ര്യവും അസമത്വവും നേരിടുന്ന രാജ്യങ്ങൾ വലിയ ദുരന്തത്തെയാണ് കാത്തിരിക്കുന്നത്.

 

English Summary: Delta variant threatens new pandemic challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com