sections
MORE

അമ്മയിലൂടെ പ്രകൃതി നൽകുന്ന വരദാനമാണ് നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വാക്സീൻ

breast-feeding
SHARE

ഒരേ സമയം കുഞ്ഞിന്റെ ആദ്യത്തെ ഭക്ഷണവും ആദ്യത്തെ ഔഷധവുമാകുന്ന അദ്ഭുതമാണ് അമ്മയുടെ മുലപ്പാൽ. പ്രകൃതിയുടെ വരദാനമായി അമ്മമാരുടെ ശരീരത്തിൽ സവിശേഷമായ രൂപകൽപ്പന ചെയ്യപ്പെടുന്ന, നമുക്ക് ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന വാക്സീൻ എന്നു വിശേഷിപ്പിക്കാവുന്ന ജീവാമൃതമാണ് മുലപ്പാൽ എന്ന് സംശയമില്ലാതെ പറയാം. ഒരു നവജാതശിശുവിനെ സംബന്ധിച്ചിടത്തോളം ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കളെ ചെറുക്കാൻ ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനം ഉപയോഗിക്കുന്ന ആന്റിബോഡികൾ ഫലപ്രദമായി ഉത്പാദിപ്പിക്കാനുള്ള കഴിവ് ഉണ്ടാവുകയില്ല. ശിശുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനം സുസജ്ജമാകാൻ 3 - 6 മാസം എടുക്കുന്നു. ഇക്കാലയളവിൽ അവരെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്നത് അമ്മയുടെ മുലപ്പാലിൽ കൂടി ലഭിക്കുന്ന ആന്റിബോഡികളാണ്. അങ്ങനെ ജീവിതത്തിലെപ്പോഴും എന്നതുപോലെ ജീവിതത്തിന്റെ തുടക്കത്തിലും അമ്മയുടെ കൺനോട്ടം മുലപ്പാലായി നമുക്ക് രോഗബാധകളുടെ ഭീഷണികളിൽനിന്ന് കാവലാകുന്നു.

mother-and-child

അമ്മയുടെ ശരീരത്തിലെ  ബി- ലിംഫോസൈറ്റുകൾ ( ബി കോശങ്ങൾ ) എന്ന രോഗപ്രതിരോധ കോശങ്ങൾ അഭംഗുരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. പ്രസവശേഷം പാലുത്പാദനം തുടങ്ങുന്നതോടെ അമ്മയുടെ സ്തനഗ്രന്ഥികൾ ഒരു രാസ സന്ദേശം അയക്കുകയും മേൽപറഞ്ഞ ബി കോശങ്ങൾ ധാരാളമായി സ്തനങ്ങളിലെത്തുകയും ചെയ്യുന്നു. സ്തന ഗ്രന്ഥികളിൽ എത്തുന്ന ബി കോശങ്ങൾ ഒരു സെക്കൻഡിൽ ആയിരത്തിനു മുകളിൽ എന്ന വിധത്തിൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ വളരെ ഉയർന്ന അളവിൽ മുലപ്പാലിലെത്താൻ തയാറാകുന്നു. അമ്മമാർ കഴിക്കുന്ന മരുന്നുകൾ, കുടിക്കുന്ന കാപ്പി, ആൽക്കഹോളിക് പാനീയങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന തന്മാത്രകളും മുലപ്പാലിലെത്തുന്നു. ഇത്തരം തന്മാത്രകൾ ചെറുതായതിനാൽ നേർപ്പിച്ച നിലയിൽ അവ സ്വയം മുലപ്പാലിലെത്തുമ്പോൾ, വലുപ്പം കൂടിയ ആന്റിബോഡികൾക്ക് തന്നെത്താൻ മുലപ്പാലിലെത്താൻ കഴിയില്ല. അതിനാൽ സ്തനനാളികളിലുള്ള സ്വീകരണികൾ ആന്റിബോഡി തന്മാത്രകളെ പിടികൂടി ദ്രാവകം നിറഞ്ഞ കുമിളകളിൽ സുരക്ഷിതമായി പൊതിഞ്ഞ് സുരക്ഷിതമായി സ്തനാളങ്ങളിലൂടെ മുലപ്പാലിലെത്തിക്കുകയാണ് ചെയ്യുന്നത്.

മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലെത്തുന്ന ആന്റിബോഡികൾക്ക് എന്താണ് സംഭവിക്കുന്നതെന്നത് ഒരു ദുരൂഹതയാണ്. മുലപ്പാലിലെ ആന്റിബോഡികൾ കുഞ്ഞിന്റെ രക്തത്തിലെത്തുന്നില്ല. പകരം വായ,തൊണ്ട, ഉദരം തുടങ്ങിയവയിൽ പറ്റിപ്പിടിക്കുകയും പിന്നീട് ദഹിക്കുകയും ചെയ്യുന്നു. എന്നിട്ടും ഈ ആന്റിബോഡികൾ രോഗപ്രതിരോധം നൽകുന്നതായി കണ്ടെത്തിയിരിക്കുന്നു. ഒരു പക്ഷേ ഇവർ ശരീരത്തിന്റെ പ്രവേശന കവാടങ്ങളിൽ നിലകൊണ്ട് രോഗാണുക്കളെ തുടക്കത്തിൽ തന്നെ തടയുന്നതു കൊണ്ടാവാം അത്. ആദ്യത്തെ ആറുമാസം പ്രായത്തിൽ മുലപ്പാൽ മാത്രം നൽകി വളർത്തിയ കുഞ്ഞുങ്ങളിൽ അൽപകാലം മുലപ്പാൽ കിട്ടിയവരെയും അമ്മയുടെ പാൽ തീരെ ലഭിക്കാത്തവരെയും അപേക്ഷിച്ച് ശ്വാസകോശ അണുബാധയും ചെവിയിലെ രോഗബാധയും കുറവാണെന്ന് കണ്ടിട്ടുണ്ട്. ഇൻഫ്ളുവൻസ വാക്സീൻ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരുടെ കുട്ടികൾക്ക് കുറച്ചെങ്കിലും സംരക്ഷണം ലഭിക്കാറുണ്ട്. വാക്സീൻ സ്വീകരിക്കാനുള്ള പ്രായമെത്തിയിട്ടില്ലാത്ത കൊച്ചുകുട്ടികളിൽ ഈ പ്രതിരോധം ഏറെ പ്രധാനമാണ്. കോവിഡ് രോഗം വന്നു പോയ അമ്മമാരുടെയും വാക്സീൻ സ്വീകരിച്ചവരുടെയും മുലപ്പാലിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ കണ്ടെത്തിയ സന്തോഷ വാർത്ത നിങ്ങൾ വായിച്ചിരിക്കുമല്ലോ.

mother-with-child

എന്തായാലും വാക്സീനും ആന്റിബോഡികളും രോഗപ്രതിരോധവുമൊക്കെ നിത്യവും വാർത്തകളിൽ നിറയുന്ന ഇക്കാലത്ത് മുലപ്പാൽ വഴി ആന്റിബോഡികൾ അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലെത്തിക്കുന്ന പ്രകൃതിയുടെ മാജിക്കിനെക്കുറിച്ചുള്ള അറിയുന്നത് കൗതുകകരമായിരിക്കുമെന്നത് തീർച്ച.

English Summary: The first vaccine in our lives is a gift from nature through the mother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA