sections
MORE

ബഹിരാകാശത്തേക്ക് മൂന്നാമതും ഇന്ത്യക്കാരി, ജെഫ് ബെസോസിനെ വെല്ലുവിളിച്ച് യാത്ര

Virgin-space-mission-sirisha
SHARE

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ റോക്കറ്റിൽ ജൂലൈ 20നു ബഹിരാകാശ യാത്ര നിശ്ചയിച്ചത് ലോകത്തെങ്ങും ചർച്ചാവിഷയമായിരുന്നു. ബഹിരാകാശം തൊടുന്ന ആദ്യ ശതകോടീശ്വരനാകാനായിരുന്നു ബെസോസിന്റെ ശ്രമം. എന്നാൽ ബെസോസിന്റെ  ആ സ്വപ്‌നത്തിനു കനത്ത തിരിച്ചടി നൽകിക്കൊണ്ട് മറ്റൊരു ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക്കിന്റെ മേധാവിയുമായ റിച്ചഡ് ബ്രാൻസൻ താൻ ജൂലൈ 11നു ബഹിരാകാശത്തു പോകുകയാണെന്ന് അറിയിച്ചു. കുറച്ചുകാലമായി ബഹിരാകാശ ടൂറിസം മേഖലയെന്ന ഭാവിയിലെ പൊന്നുംകട്ടിയിൽ ആധിപത്യം പുലർത്താനുള്ള ബ്ലൂ ഒറിജിന്റെയും വെർജിൻ ഗലാക്റ്റിക്കിന്റെയും ശീതസമരത്തിലെ പുതിയ അധ്യായമാണ് എഴുപതുകാരൻ ബ്രാൻസന്റെ ഈ യാത്ര.  

ബ്രാൻസൻ ഉൾപ്പെടെ 6 പേരാണു യാത്രാസംഘത്തിലുള്ളത്. ഇതിന്റെ കിടിലൻ ട്രെയിലർ വിഡിയോയും പുറത്തിറങ്ങിയിരുന്നു. ഇക്കൂട്ടത്തിൽ ഒരിന്ത്യക്കാരിയുമുണ്ട്. തെലുങ്ക് വേരുകളുള്ള സിരിഷ ബാൻഡ്‌ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള സിരിഷ പിന്നീട് വളർന്നതും പഠിച്ചതുമെല്ലാം യുഎസിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിലാണ്. യാത്ര വിജയമായാൽ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ മാറും. ബഹിരാകാശത്തെത്തുന്ന ഇന്ത്യൻ വേരുകളുള്ള അഞ്ചാമത്തെ വ്യക്തിയും.

space-mission-team

യുഎസിലെ പർഡ്യൂ സർവകലാശാലയിൽ നിന്നു ബിരുദവും ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു മാനേജ്‌മെന്‌റ് ബിരുദാനന്തര ബിരുദവും സിരിഷ നേടിയിട്ടുണ്ട്. തുടർന്ന് ടെക്‌സസിൽ എയ്‌റോസ്‌പേസ് എൻജിനീയറായും പിന്നീട് കമേഴ്‌സ്യൽ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്‌പേസ് പോളിസി വിദഗ്ധയായും ജോലി നോക്കി.

richard-branson

2015 ൽ ആണ് സിരിഷ വെർജിൻ ഗലാക്റ്റിക് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ കമ്പനിയുടെ ഗവൺമെന്‌റ് അഫയേഴ്‌സ് വിഭാഗം വൈസ് പ്രസിഡന്‌റാണ്. പ്രധാനമായും ഗവേഷണമാണ് സിരിഷയുടെ യാത്രയുടെ ലക്ഷ്യം. ബെഥ് മോസസ് എന്ന മറ്റൊരു വനിത കൂടി യാത്രാ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. വെർജിൻ ഗലാക്റ്റിക്കിന്റെ ചീഫ് ആസ്ട്രനോട്ടായ ബെഥ്, കമ്പനിയുടെ ആദ്യ മനുഷ്യവാഹകദൗത്യത്തിന്റെ ഭാഗമായിരുന്നു. 

Virgin-Galactic

വിഎസ്എസ് യൂണിറ്റി എന്ന വെർജിൻ ഗലാറ്റിക്കിന്റെ റോക്കറ്റ് പ്ലെയിനിലാണു സിരിഷയുൾപ്പെടെ സംഘം യുഎസിലെ ന്യൂമെക്‌സിക്കോയിലെ വെർജിൻ ഗലാറ്റിക് സ്റ്റേഷനിൽ നിന്നു യാത്ര തുടങ്ങുന്നത്. ഒരു മണിക്കൂർ മുതൽ 75 മിനിറ്റ് വരെ നീണ്ടു നിൽക്കുന്നതാണു യാത്ര. സിരിഷയുടെ മുത്തശ്ശൻ ഇന്നും ഗുണ്ടൂരിൽ ജീവിക്കുന്നുണ്ട്. മുൻ കൃഷിഗവേഷകനായ ബൻഡ്‌ല രാഗയ്യ ഇന്നു അവിടത്തെ ജനാപ്ഡു ഗ്രാമത്തിൽ വിശ്രമജീവിതം നയിക്കുകയാണ്.

English Summary: Space Race: Virgin's Branson to beat Amazon's Bezos by 9 days in sprint to stars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA