ADVERTISEMENT

പൂര്‍ണമായും മരംകൊണ്ട് നിര്‍മിച്ച സാറ്റലൈറ്റ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ബഹിരാകാശത്തേക്ക് അയക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി തീരുമാനിച്ചു. പ്രത്യേകം തയാറാക്കിയ പ്ലൈവുഡ് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഈ സാറ്റലൈറ്റ് മാതൃകയ്ക്ക് വെറും ഒരു കിലോഗ്രാമില്‍ താഴെയാണ് ഭാരം. ഭാവിയില്‍ സാറ്റലൈറ്റുകള്‍ മരംകൊണ്ട് നിര്‍മിക്കാനാവുമോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. 

WISA വുഡ്‌സാറ്റ് എന്ന് പേരിട്ടിരിക്കുന്ന സാറ്റലൈറ്റ് ആര്‍ടിക് അസ്ട്രനൗട്ടിക്‌സാണ് നിര്‍മിച്ചത്. നാല് ഭാഗവും ഏതാണ്ട് നാല് ഇഞ്ച് വലുപ്പമുള്ള ചതുരാകൃതിയാണ് ഇതിനുള്ളത്. ഈ വര്‍ഷം അവസാനത്തില്‍ തന്നെ പരീക്ഷണ വുഡ് സാറ്റലൈറ്റ് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. മരംകൊണ്ട് നിര്‍മിച്ച സാറ്റലൈറ്റിന് ബഹിരാകാശത്ത് എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വരികയെന്ന് പരീക്ഷിച്ചറിയുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. 

 

വുഡ് സാറ്റലൈറ്റിന്റെ പ്രധാനപ്പെട്ടത് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഇരട്ട ക്യാമറ ഘടിപ്പിച്ച സെല്‍ഫി സ്റ്റിക് പോലുള്ള ഭാഗമാണ്. ഈ ക്യാമറയുടെ സഹായത്തോടെയാണ് വുഡ് സാറ്റലൈറ്റിനെ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക. ക്യാമറക്ക് പുറമേ ചില പ്രഷര്‍ സെന്‍സറുകളും സാറ്റലൈറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 3ഡി പ്രിന്റിങ് കേബിളിന്റെ സാധ്യതകളും വുഡ് സാറ്റലൈറ്റ് പരിശോധിക്കും. ഒൻപത് സോളാര്‍ സെല്ലുകളാണ് സാറ്റലൈറ്റിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഇന്ധനം നല്‍കുക. 

 

ആര്‍ടിക് അസ്‌ട്രോനൗട്ടിക്‌സിന്റെ സഹസ്ഥാപകനായ ജാരി മക്കിനനാണ് വുഡ്‌സാറ്റ് എന്ന ഈ മര സാറ്റലൈറ്റിന്റെ ആശയത്തിനു പിന്നില്‍. ഭൂമിയില്‍ നിന്നും 50 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫയറില്‍ ഒരു മര സാറ്റലൈറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ എത്തിക്കുന്നതില്‍ 2017ല്‍ തന്നെ ജാരി മക്കിനനും കൂട്ടരും വിജയിച്ചിരുന്നു. 

സാധാരണ സാറ്റലൈറ്റുകള്‍ അലൂമിനിയമോ സമാനമായ ലോഹങ്ങളോ ഉപയോഗിച്ചാണ് നിര്‍മ്മിക്കാറ്. ഭാരക്കുറവും കരുത്തുമാണ് അലൂമിനിയത്തിന്റെ അനുകൂല ഘടകങ്ങള്‍. 

 

ബിര്‍ച്ച് മരത്തില്‍ നിന്നാണ് വുഡ്‌സാറ്റ് സാറ്റലൈറ്റിന്റെ മരപാളികള്‍ എടുത്തിരിക്കുന്നത്. സാധാരണഗതിയില്‍ പ്ലൈവുഡില്‍ ബഹിരാകാശത്ത് വെച്ച് ഈര്‍പ്പം വരാനുള്ള സാധ്യത കൂടുതലാണ്. പരമാവധി ജലാംശം കുറച്ചും അലൂമിനിയം ഓക്‌സൈഡിന്റെ ഒരു നേരിയ പാളി പ്ലൈവുഡിന് മുകളില്‍ അടിച്ചുമാണ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ബഹിരാകാശത്ത് അതിജീവിക്കാന്‍ സാധ്യതയുള്ള പലതരത്തിലുള്ള മരത്തിലടിക്കുന്ന പെയിന്റുകളും ഈ സാറ്റലൈറ്റിന്റെ ഭാഗങ്ങളില്‍ പൂശിയിട്ടുണ്ട്. ഇവയുടെയെല്ലാം ബഹിരാകാശത്തെത്തുമ്പോഴുള്ള മാറ്റങ്ങള്‍ വുഡ്‌സാറ്റ് രേഖപ്പെടുത്തും.

 

English Summary: World's first wooden satellite to be launched from New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com