ADVERTISEMENT

സമീപഭാവിയിൽ മനുഷ്യായുസ്സ് ദീർഘമാകുമെന്നു വെളിവാക്കി പുതിയ പഠനം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ പരമാവധി പ്രായം 125 വയസ്സ് മുതൽ 130 വയസ്സ് വരെ ഉയർന്നേക്കാമെന്നാണു പഠനത്തിൽ വെളിപ്പെടുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കൽ പീർസ്, ആഡ്രിയൻ റാഫ്റ്ററി എന്നിവരാണ് ഇതെക്കുറിച്ച് പഠനം നടത്തിയത്. ജർമനിയിലെ പ്രശസ്തമായ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്‌റെ ഡേറ്റ ഉപയോഗിച്ചായിരുന്നു ഇവരുടെ ഗവേഷണം. ഫലങ്ങൾ ഡെമോഗ്രഫിക് റിസർച് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.

 

ചില കൗതുകകരമായ വസ്തുതകൾ പഠനസംഘം ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളിൽ നൂറുവയസ്സിനു മേൽ ജീവിക്കുന്ന മനുഷ്യരുടെ എണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേർ ഇത്തരത്തിൽ ആയുസ്സ് നേടിയിട്ടുണ്ടെന്നാണു രേഖപ്പെടുത്തിയ കണക്കുകൾ പറയുന്നത്. എന്നാൽ അധികം പേരും 100 മുതൽ 110 വയസ്സിനിടയിൽ അന്തരിക്കാറുണ്ടെന്നാണു പൊതുവെ കാണപ്പെടുന്നത്. ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി 118 വയസ്സുള്ള കേൻ ടനാകെയാണ്. രേഖപ്പെടുത്തപ്പെട്ടവയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നെന്ന റിക്കോർഡ് 1997ൽ അന്തരിച്ച ഫ്രഞ്ചുകാരി ജീൻ കാൽമെന്റിനുള്ളതാണ്. രണ്ടു ലോകമഹായുദ്ധങ്ങളും തന്റെ യുവത്വത്തിൽ തന്നെ കണ്ട ജീനിന്റെ മരിക്കുമ്പോഴുള്ള പ്രായം 122 വയസ്സായിരുന്നു.

 

ഇത്തരം അതി ദീർഘായുസ്സിന്റെ തോത് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 125 മുതൽ 130 വയസ്സ് വരെയാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. 2100 ആകുമ്പോഴേക്ക് ഒരു വ്യക്തിയെങ്കിലും 130 വയസ്സ് പിന്നിടും. നിലവിൽ ആരോഗ്യ, ഭക്ഷണമേഖലകളിലുണ്ടായ ശാസ്ത്രീയമായ വികാസവും മെച്ചപ്പെട്ട രീതികളുമാണ് ഈ ദീർഘായുസ്സിനു കാരണമാകുന്നതെന്നാണു ഗവേഷകരുടെ അഭിപ്രായം. വരും നാളുകളിൽ ഇതു കൂടുതൽ മെച്ചപ്പെടുകയും കൂടുതൽ ആയുസ്സ് ഇതിന്റെ ഫലമായി സംഭവിക്കുകയും ചെയ്യും. എന്നാൽ ഇതിനർഥം എല്ലാ മനുഷ്യരും 130 വയസ്സ് വരെ ജീവിക്കുമെന്നല്ലെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

 

അടുത്ത കാലത്ത് ജീറോ എന്ന സിംഗപ്പൂർ ബയോടെക് കമ്പനി നൂറ്റിയൻപതിലധികം ആളുകളിൽ നിന്നുള്ള സ്മാർട് വാച്ച് വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്‌റലിജൻസിന്റെ സഹായത്തോടെ വിലയിരുത്തി വരും കാലത്തെ ആളുകൾ 150 വയസ്സു വരെ ജീവിച്ചേക്കാമെന്നു പ്രവചിച്ചത് വാർത്തയായിരുന്നു.  

 

നിലവിൽ ഏറ്റവും കൂടുതൽ ശരാശരി ആയുസ്സുള്ള സ്ഥലം വേൾഡോമീറ്റേഴ്‌സ് എന്ന ഡേറ്റ അനാലിസിസ് വെബ്‌സൈറ്റിന്റെ വിവരം പ്രകാരം ഹോങ്കോങ്ങാണ്. 85.29 വയസ്സാണു ഹോങ്കോങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്തു ജപ്പാൻ. മക്കാവു, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, ഇറ്റലി, സ്‌പെയിൻ, ഓസ്‌ട്രേലിയ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളെല്ലാം ആദ്യ പത്തിലുണ്ട്.

 

ഇന്ത്യയുടെ ശരാശരി ആയുസ്സ് വേൾഡോമീറ്റേഴ്‌സ് കണക്കു പ്രകാരം 70.42 വർഷമാണ്. ആഫ്രിക്കൻ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി സൂചിക കണക്കാക്കുന്നത്. കാമറൂൺ, ഇക്വിറ്റോറിയൽ ഗിനിയ, ഐവറി കോസ്റ്റ്, തെക്കൻ സുഡാൻ, സൊമാലിയ, സിയറ ലിയോൺ, നൈജീരിയ, ലെസോതോ, ചാഡ് എന്നിവയെല്ലാം ശരാശരി ആയുസ്സ് കുറഞ്ഞ അവസാന 10 രാജ്യങ്ങളുടെ പട്ടികയിലുണ്ട്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് ലോകത്ത് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യം. 54.36 വയസ്സാണ് ഇവിടത്തെ ശരാശരി ആയുസ്സ്.

 

English Summary: Living to Age 130:  New Study Projects It Could Happen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com