ADVERTISEMENT

കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന മണ്ണ്, പൊടി വെച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള വിദ്യയുമായി ശാസ്ത്രജ്ഞര്‍. വിവിധ കേസുകളുടെ അന്വേഷണങ്ങളില്‍ ഏറെ സഹായകരമായേക്കാവുന്ന അതിനിര്‍ണായക വിവരങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് നല്‍കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിത്. ഒരു തുമ്പു പോലും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലെന്ന ചൊല്ല് ശരിവെക്കുന്നതാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. 

 

ഓരോ പ്രദേശങ്ങളിലേയും മണ്ണ് പരിശോധിച്ച് അതിന്റെ പ്രത്യേകതകള്‍ കണ്ടെത്തി തരംതിരിച്ച് സൂക്ഷിക്കുകയും ശേഖരിക്കുന്ന സാംപിളുകള്‍ താരതമ്യം ചെയ്ത് നോക്കുകയുമാണ് രീതി. ഇതിനായി 2017ല്‍ വടക്കന്‍ കാന്‍ബെറയിലെ ഓരോ ചതുരശ്രകിലോമീറ്റര്‍ മേഖലയില്‍ നിന്നും പ്രത്യേകം മണ്ണ് സാംപിളുകള്‍ ശേഖരിച്ചിരുന്നു. പിന്നീട് ഉറവിടം വെളിപ്പെടുത്താത്ത മൂന്ന് മണ്ണ് സാംപിളുകള്‍ ഈ സാംപിളുകളുമായി താരതമ്യം ചെയ്ത് എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. ഫോരിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപി, മാഗ്നെറ്റിക് സസെപ്റ്റബിലിറ്റി തുടങ്ങിയ മാര്‍ഗങ്ങളിലൂടെയായിരുന്നു ഈ താരതമ്യ പഠനം നടത്തിയത്. 

 

ഈ അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കൊപ്പം കുറ്റകൃത്യം നടന്ന സ്ഥലത്തെ തെളിവ് ശേഖരണത്തിന് വേറെയും മാര്‍ഗങ്ങളുണ്ട്. എക്‌സ്‌റേ ഫ്‌ളൂറസെന്‍സ് എന്ന രീതിയാണ് അതിലൊന്ന്. ഇതുവഴി ഏത് ഭാഗത്തുനിന്നുള്ള മണ്ണിന്റെ ഭാഗമല്ലെന്ന് തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് സാധിക്കും. ഇതും അന്വേഷണങ്ങള്‍ക്ക് ഏറെ സഹായകരമാവും. 

ആവശ്യമില്ലാത്തവയെ ഒഴിവാക്കുകയെന്ന രീതിയാണ് ഫോറന്‍സിക് പരിശോധനകളില്‍ പലപ്പോഴും പിന്തുടരുന്നത്. ഏതെങ്കിലും പ്രദേശത്തിന്റെ 60 ശതമാനം ഒഴിവാക്കാന്‍ സാധിക്കുകയെന്നത് ഇത്തരം പരിശോധനകളില്‍ ഏറെ ഉപകാരപ്രദമാണ്. ഇതുവഴി അന്വേഷണ സംഘങ്ങള്‍ക്ക് സമയം വളരെയധികം ലാഭിക്കാന്‍ സാധിക്കുമെന്ന് ജിയോസയന്‍സ് ഓസ്‌ട്രേലിയയിലെ ജിയോകെമിസ്റ്റ് പാട്രൈസ് ഡി കാട്രിറ്റാറ്റ് പറയുന്നു. 

 

അതേസമയം, ഇപ്പോഴത്തെ അത്യാധുനിക പരിശോധനകള്‍ വഴി നിശ്ചിത ഭൂവിഭാഗത്തെ മണ്ണ് സാംപിളുകള്‍ കൈവശമുണ്ടെങ്കില്‍ പരിശോധിക്കേണ്ട ഭൂവിഭാഗം പത്ത് ശതമാനത്തിലേക്ക് കുറക്കാന്‍ സാധിക്കും. ഇത്തരം പരിശോധനകള്‍ക്കുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഓരോ പ്രദേശത്തേയും മണ്ണ് പോയി പരിശോധിക്കേണ്ട ആവശ്യം പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. ഏതാണ്ടെല്ലാ വികസിതരാജ്യങ്ങളിലും ഇത്തരം മണ്ണു സംബന്ധിയായ വിവരങ്ങള്‍ ലഭ്യമാണ്. ജേണല്‍ ഓഫ് ഫോറന്‍സിക് സയന്‍സസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Watch Out, Criminals: Dirt at Crime Scenes Can Give You Away With Surprising Accuracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com