ADVERTISEMENT

കുറ്റവാളികളെ പിടികൂടാൻ 3ഡി സാങ്കേതിക വിദ്യയുടെ സഹായം തേടി പൊലീസ്. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്താൻ പൊലീസ് ത്രിമാന ചിത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങി എന്നാണ് റിപ്പോർട്ട്. നിലവിലെ സംവിധാനത്തേക്കാള്‍ എളുപ്പത്തിലും കൃത്യതയോടെയും കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനമെന്ന് വിലയിരുത്തപ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍മിങ്ങാമിലെ വിദഗ്ധരാണ് പുതിയ സംവിധാനം പരീക്ഷിച്ചത്. സോഫ്റ്റ്‌വെയര്‍ കേന്ദ്രീകൃതമായ പുതിയ രീതിയില്‍, സംശയിക്കപ്പെടുന്ന ആളുകളുടെ ദ്വിമാന ചിത്രങ്ങള്‍ക്കോ, രൂപരേഖയ്‌ക്കൊ പകരം ത്രിമാന ചിത്രങ്ങളാണ് സാക്ഷികളെ കാണിക്കുന്നത്. നിശ്ചല ചിത്രത്തേക്കാള്‍ 18 ശതമാനം വരെ കൃത്യതയോടെ ദൃക്‌സാക്ഷികള്‍ക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. 

സാധാരണഗതിയില്‍ സംശയിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രത്തിനൊപ്പം അയാളെ പോലെയിരിക്കുന്ന, എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കില്ലാത്ത ആളുകളുടെ ചിത്രങ്ങളാണ് കാണിക്കുന്നത്. ദൃക്‌സാക്ഷികള്‍ മറ്റുള്ള ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് കുറ്റവാളിയെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ കാണിക്കുന്ന ചിത്രത്തില്‍ താന്‍ കണ്ട വ്യക്തിയുടെ ചിത്രം ഇല്ലെന്നു പറയിപ്പിക്കുകയാണ് മറ്റൊരു മാര്‍ഗം. ഇങ്ങനെ കുറ്റവാളിയെ കണ്ടെത്തുന്ന മാര്‍ഗത്തിന് വിവേചന കൃത്യത (discrimination accuracy) എന്നു പറയുന്നു. അതേസമയം, വിവിധ വീക്ഷണകോണുകളില്‍ നിന്ന് കുറ്റവാളിയുടെ ചിത്രം കാണിച്ചാല്‍ വിവേചന കൃത്യത വര്‍ധിപ്പിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. പുതിയ രീതി തുടക്കത്തില്‍ അമേരിക്ക, ജര്‍മനി, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ഉപയോഗിക്കുക. ഈ രാജ്യങ്ങളില്‍ നിലവില്‍ നിശ്ചല ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനെ ലൈവ് ഐഡി എന്നു വിളിക്കുന്നു. ബ്രിട്ടനില്‍ ദൃക്‌സാക്ഷികള്‍ക്കു മുന്നില്‍ ലൈവ് ഐഡിക്കു പകരം വിഡിയോ ഐഡന്റിഫിക്കേഷന്‍ പരേഡും നടത്തുന്നുണ്ട്.

 

ബര്‍മ്മിങാം സ്‌കൂള്‍ ഓഫ് സൈക്കോളജി വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ദൃക്‌സാക്ഷികള്‍ക്ക് സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങള്‍ വിവിധ വീക്ഷണകോണുകളിലേക്കു മാറ്റി കാണാനാകും. അവര്‍ക്ക് -90 ഡിഗ്രി മുതല്‍ 90 ഡിഗ്രി വരെ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളുടെ മുഖം മാറി മാറി കാണാനാകും. ഏതു വീക്ഷണകോണിലും നിർത്തി പരിശോധിക്കുകയും ചെയ്യാം. പരീക്ഷണത്തിനായി 3000 പേരെയാണ് ക്ഷണിച്ചത്. ഇവര്‍ക്കു മുന്നില്‍ ഈ സന്ദര്‍ഭത്തിനു വേണ്ടി ഷൂട്ടു ചെയ്‌തെടുത്ത വിഡിയോ പ്രദര്‍ശിപ്പിച്ച ശേഷം കുറ്റവാളിയെ തിരിച്ചറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. 

 

ഒരു സ്ത്രീയുടെ കൈയ്യില്‍ നിന്ന് ഹാന്‍ഡ്ബാഗ് തട്ടിപ്പറിച്ചോടുന്ന വ്യക്തിയേയാണ് വിഡിയോയില്‍ കാണിച്ചത്. ഇയാളുടെ മുഖത്തിനൊപ്പം സമാനമായ മറ്റു മുഖങ്ങളും കാണിച്ചാണ് പരീക്ഷണം നടത്തിയത്. കാഴ്ചക്കാര്‍ക്ക് കുറ്റവാളിയുടെ മുഖം, തങ്ങള്‍ കണ്ട വീക്ഷണകോണിലേക്ക് മാറ്റിതിരിച്ചറിയാനുള്ള സാധ്യതയാണ് ഗവേഷകര്‍ തുറന്നിട്ടത്. നിശ്ചല ചിത്രങ്ങള്‍ക്ക് ഇത് സാധ്യമല്ല. തങ്ങള്‍ അയാളെ എങ്ങനെയാണ് കണ്ടതെന്ന് ഓര്‍ത്തെടുത്ത് മുഖം ആ രീതിയില്‍ വച്ചപ്പോള്‍ തിരിച്ചറിയല്‍ കൂടുതല്‍ എളുപ്പമായി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് തിരിച്ചറിയല്‍ കൃത്യത ഏറെ വര്‍ധിപ്പിക്കുന്നു.

 

∙ അമേരിക്കയില്‍

 

ദൃക്‌സാക്ഷികള്‍ തെറ്റായ വ്യക്തിയെ കുറ്റവാളിയായി തിരിച്ചറിയുന്നതാണ് അമേരിക്കയില്‍ നിരപരാധികൾ ശിക്ഷിക്കപ്പെടാനുള്ള ഏറ്റവും വലിയ കാരണമെന്നു ഇന്നസന്‍സ് പ്രൊജക്ട് സംഘടന പറയുന്നു. രാജ്യത്ത് 1989 നു ശേഷം നിരപരാധികൾ ശിക്ഷിക്കപ്പെട്ട കേസുകളില്‍ ഡിഎന്‍എ ടെസ്റ്റിന്റെ സഹായത്തോടെ 365 പേര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നു പറയുന്നു. ഇവര്‍ ശിക്ഷിക്കപ്പെട്ടത് ദൃക്‌സാക്ഷികള്‍ തെറ്റായ വ്യക്തികളെ തിരിച്ചറിഞ്ഞതു മൂലമാണ്. ഇപ്പോള്‍ ബ്രിട്ടനില്‍ തയാറാക്കി വരുന്ന പുതിയ ത്രിമാന തിരിച്ചറിയല്‍ രീതി കുറ്റവാളികളല്ലാത്തവര്‍ ശിക്ഷിക്കപ്പെടുന്നത് കുറയ്ക്കാന്‍ ഏറെ സഹായിക്കുമെന്നു കരുതുന്നു. 

 

∙ ഇനി കവര്‍ച്ചക്കാര്‍ക്ക് കൂടുതല്‍ കുരുക്ക്

 

അതേസമയം, ഒരു മുറിയിലെ വായുവില്‍ നിന്ന് മൃഗങ്ങളുടെയും മനുഷ്യരുടെയും ഡിഎന്‍എ ശേഖരിക്കാമെന്ന് പിയര്‍ജെ ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മുറിയില്‍ നിന്നു വലിച്ചെടുത്ത വായു നന്നേ നേര്‍ത്ത ഫില്‍റ്ററിലൂടെ കടത്തിവിടുക വഴി ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്നുള്ള ഡിഎന്‍എ ശേഖരിക്കാമെന്നാണ് കണ്ടെത്തല്‍. ഇതിനെ പാരിസ്ഥിതിക ഡിഎന്‍എ അഥവാ ഇഡിഎന്‍എ (eDNA) എന്നാണ് വിളിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തു കൂടെ  കടന്നുപോയിട്ടുണ്ടെങ്കില്‍ അവിടെ നിന്നു ശേഖരിക്കുന്ന ഡിഎന്‍എ വഴി കുറ്റവാളിയെ തിരിച്ചറിയാമെന്നാണ് പറയുന്നത്. 

നേരത്തെ ഇഡിഎന്‍എ വെള്ളത്തിലും, മണ്ണിലും, മഞ്ഞിലും നിന്ന് ശേഖരിച്ചിരുന്നു. ഇതുവഴി മത്സ്യങ്ങളെക്കുറിച്ചും, മൃഗങ്ങളെക്കുറിച്ചും, അതിക്രമിച്ചു കയറുന്ന ജന്തു വര്‍ഗങ്ങളെക്കുറിച്ചും മറ്റും പഠിക്കാൻ ഉപയോഗിച്ചിരുന്നു. വായുവില്‍ നിന്നുള്ള ഇഡിഎന്‍എ ശേഖരണ പഠനത്തിന് നേൃതൃത്വം നല്‍കിയത് ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലക്ചറര്‍ ഡോ. എലിസബത്ത് ക്ലെയര്‍ ആണ്. വായുവില്‍ നിന്നും ഇഡിഎന്‍എ ശേഖരിക്കാമെന്ന ആദ്യ പഠനമാണ് അവര്‍ സമര്‍പ്പിച്ചത്. ഇതില്‍ നിന്ന് മൃഗങ്ങളെ കുറിച്ചുള്ള പഠനങ്ങൾ വിപുലപ്പെടുത്താമെന്നും ഡോ. എലിസബത്ത് പറയുന്നു.

 

കടപ്പാട്: ഡെയ്‌ലിമെയില്‍

 

English Summary: 3D imaging: Is This the key to improving eyewitness identification?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com