ADVERTISEMENT

ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം 1961ല്‍ ഗംഭീരമായി തന്നെ പൂര്‍ത്തിയാക്കിയതാണ് വാലി ഫങ്ക്. എന്നാല്‍ വനിതകളുടെ ബഹിരാകാശ പദ്ധതിയായ മെര്‍ക്കുറി 13 നാസ ഉപേക്ഷിച്ചതോടെ വാലി ഫങ്കിന്റെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ നിന്നു. ഇപ്പോഴിതാ നീണ്ട 60 വര്‍ഷങ്ങള്‍ക്ക് ശേഷം വാലി ഫങ്കിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. ശതകോടീശ്വരനായ ജെഫ് ബെസോസാണ് തന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ കന്നിയാത്രയില്‍ 82കാരി വാലി ഫങ്കിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 

∙ ആറ് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ്

 

'ഇത്രയുംകാലം ആരും കാത്തിരുന്നിട്ടുണ്ടാവില്ല' എന്നാണ് ജെഫ് ബെസോസ് വാലി ഫങ്കിനേയും ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. ജൂലൈ 20നുള്ള യാത്രയില്‍ ജെഫ് ബെസോസിനെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍ക് ബെസോസും 28 ദശലക്ഷം ഡോളര്‍ മുടക്കി ലേലത്തില്‍ ബഹിരാകാശ ടിക്കറ്റെടുത്ത അജ്ഞാത സഞ്ചാരിയും വാലി ഫങ്കുമാണുള്ളത്. ലേലത്തിലൂടെ ഏതാണ്ട് 208 കോടി രൂപ മുടക്കി ബഹിരാകാശ യാത്രക്ക് ടിക്കറ്റെടുത്തയാളുടെ പേരുവിവരങ്ങള്‍ ഇപ്പോഴും ജെഫ് ബെസോസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ അദ്ദേഹം യാത്രയിൽ നിന്ന് പിൻമാറിയെന്നും പകരം മറ്റൊരാൾ പോകുമെന്നും റിപ്പോർട്ടുകളുണ്ട്. 

 

ഈ ജന്മത്തിൽ ബഹിരാകാശത്തേക്ക് പോകാനാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല എന്നായിരുന്നു വാലി ഫങ്കിന്റെ പ്രതികരണം. ക്ഷണിക്കപ്പെട്ട അതിഥിയെന്ന നിലയിലാണ് വാലി ഫങ്ക് ബെസോസിന്റെ സംഘത്തില്‍ ചേരുക. ജെഫ് ബെസോസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വാലി ഫങ്കിനോട് ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പറയുന്നതിന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. 

 

ഭൂമിയില്‍ നിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ജെഫ് ബെസോസിനേയും സംഘത്തേയും എത്തിക്കുക. ബഹിരാകാശത്തെ ഭാരമില്ലായ്മ ഏതാനും മിനിറ്റുകള്‍ അനുഭവിച്ച ശേഷം ഇവര്‍ തിരിച്ച് ഭൂമിയിലേക്കിറങ്ങും.  

 

∙ ബഹിരാകാശ സ്വപ്നം

 

1939ല്‍ ന്യൂമെക്‌സിക്കോയിലാണ് വാലി ഫങ്ക് ജനിച്ചത്. പൈലറ്റായിരുന്ന വാലി ഫങ്ക് ഏതാണ്ട് 19,600 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്. ഏതാണ്ട് 3000ത്തിലേറെ പേരെ വിമാനം പറത്താൻ ഇവര്‍ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാസയുടെ വനിതകളെ ബഹിരാകാശത്തേക്ക് കൊണ്ടുപോവാനുള്ള മെര്‍ക്കുറി 13 ദൗത്യത്തില്‍ വാലി ഫങ്കും അംഗമായിരുന്നു. 

നാസയുടെ ആദ്യകാല ബഹിരാകാശ പദ്ധതികളിലൊന്നായിരുന്നു ബഹിരാകാശത്തേക്ക് സ്ത്രീകളെ എത്തിക്കാനുള്ള മെര്‍ക്കുറി 13. ബഹിരാകാശ യാത്രികര്‍ക്ക് വേണ്ട എല്ലാ വിധ പരിശീലനങ്ങളും ഈ സംഘത്തിലെ 13 സ്ത്രീകളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഈ പദ്ധതി നാസ റദ്ദാക്കിയതോടെ ഈ 13 വനിതകളുടേയും ബഹിരാകാശ യാത്ര സ്വപ്‌നങ്ങള്‍ തടസപ്പെട്ടു. 

 

അന്ന് ഈ പദ്ധതിയുമായി നാസ മുന്നോട്ടുപോയിരുന്നെങ്കില്‍ ഒരു പക്ഷേ ബഹിരാകാശത്തെത്തുന്ന ആദ്യ വനിതകളെന്ന പേര് ഈ സംഘത്തിലെ ആര്‍ക്കെങ്കിലും ലഭിക്കാന്‍ പോലും സാധ്യതയുണ്ടായിരുന്നു. 1963 ജൂണ്‍ 16നാണ് ആദ്യ വനിതാ സഞ്ചാരിയായ വാലന്റീന തെരഷ്‌കോവ ബഹിരാകാശത്തേക്കെത്തുന്നത്. 

 

∙ അപ്രതീക്ഷിത അവസരം

 

ഒരു ബഹിരാകാശ യാത്രികക്ക് വേണ്ട യോഗ്യതകളും പരിശീലനങ്ങളുമെല്ലാം വാലി ഫങ്കിനുണ്ടെങ്കിലും ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡില്‍ ബഹിരാകാശത്തേക്ക് പോകാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ഏതൊരാളേയും ബഹിരാകാശത്തേക്ക് കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും കഴിയും വിധമാണ് ന്യൂ ഷെപ്പേഡ് പേടകം നിര്‍മിച്ചിരിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ട സുരക്ഷാ ക്ലാസുകള്‍ക്കും പരിശീലനത്തിനും ശേഷം ആര്‍ക്കും ബഹിരാകാശത്തേക്ക് പോകാമെന്നാണ് ബ്ലൂ ഒറിജിന്റെ വാഗ്ദാനം. 

 

ഏതാണ്ട് മണിക്കൂറില്‍ 2300 മൈല്‍ വേഗത്തിലാണ് ന്യൂ ഷെപ്പേഡ് പേടകം ജെഫ് ബെസോസിനേയും സംഘത്തേയും വഹിച്ചുകൊണ്ട് പറക്കുക. റോക്കറ്റിന് ഏറ്റവും മുകളിലായുള്ള ക്യാപ്‌സ്യൂളില്‍ ആറ് പേരെയാണ് പരമാവധി വഹിക്കാനാവുക. ക്യാപ്‌സ്യൂള്‍ ബഹിരാകാശത്തേക്ക് എത്തിക്കുന്നതോടെ റോക്കറ്റ് തിരികെ ഭൂമിയിലേക്ക് നിയന്ത്രിതമായ വേഗത്തില്‍ സുരക്ഷിതമായി തിരിച്ചിറങ്ങും. വൈകാതെ സഞ്ചാരികളുമായി ക്യാപ്‌സ്യൂളും ഭൂമിയിലേക്ക് തിരികെയെത്തും. ഇതിനിടെ പാരച്യൂട്ടുകളുടെ സഹായത്തില്‍ വേഗം മണിക്കൂറില്‍ 36 കിലോമീറ്റര്‍ വരെയാക്കിയിട്ടായിരിക്കും സഞ്ചാരികളേയും കൊണ്ട് ക്യാപ്‌സ്യൂള്‍ ഭൂമിയിലേക്കിറങ്ങുക. 

 

∙ ബ്ലൂ ഒറിജിന്‍ V/S വെർജിൻ ഗലാക്റ്റിക്

 

സ്വകാര്യ ബഹിരാകാശ വിനോദ സഞ്ചാര മേഖലയില്‍ ജെഫ് ബെസോസിന്റെ പ്രധാന എതിരാളിയാണ് റിച്ചഡ് ബ്രാസണ്‍. റിച്ചഡ് ബ്രാസന്റെ വെർജിൻ ഗലാക്റ്റിക്കിന് മുൻപ് ബഹിരാകാശത്തേക്ക് പോവുകയെന്നത് ജെഫ് ബെസോസിന്റേയും ബ്ലൂ ഒറിജിന്റേയും ലക്ഷ്യമായിരുന്നു. ജൂലൈ 20നാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് പോകുന്നത്. എന്നാൽ ജൂലൈ 11ന് തന്നെ റിച്ചഡ് ബ്രാസന്റെ വെർജിൻ ഗലാക്റ്റിക് സഞ്ചാരികളുമായി ബഹിരാകാശത്തെത്തി.

 

ബെസോസ് ബഹിരാകാശ യാത്രയ്ക്കുള്ള സൗജന്യ ടിക്കറ്റ് നല്‍കിയ വാലി ഫങ്ക് 2019ല്‍ ഏതാണ്ട് രണ്ട് ലക്ഷം ഡോളര്‍ (1.49 കോടി രൂപ) നല്‍കി വെർജിൻ ഗലാക്റ്റിക്കില്‍ നിന്നും ടിക്കറ്റെടുത്തിരുന്നു. 2022 മുതല്‍ ബഹിരാകാശ ടൂറിസം ആരംഭിക്കുമെന്നാണ് വെർജിൻ ഗലാക്റ്റിക് പ്രഖ്യാപിച്ചിരിക്കുന്നത്. വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന 600 പേരില്‍ ഒരാളായിരുന്നു വാലി ഫങ്ക്. ഭാവിയില്‍ വെർജിൻ ഗലാക്റ്റിക്കില്‍ യാത്രക്ക് അവസരം ലഭിച്ചാല്‍ ഫങ്ക് എന്തു ചെയ്യുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ഏതാണ്ട് 2.50 ലക്ഷം ഡോളര്‍ വരെയാണ് വെർജിൻ ഗലാക്റ്റിക്കില്‍ ബഹിരാകാശ യാത്ര സ്വപ്‌നം കാണുന്ന ഓരോരുത്തരും ടിക്കറ്റ് ബുക്കു ചെയ്യാന്‍ മാത്രം മുടക്കിയത്.

 

English Summary: 82-yr-old Woman, Set To Fly To Space With Jeff Bezos Bought Virgin Galactic Ticket In 2010

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com