ADVERTISEMENT

കലണ്ടർ പ്രകാരമുള്ള പ്രായം കേവലമൊരു നമ്പർ മാത്രമാണെന്ന് പൊതുവേ നമ്മൾ പറയാറുണ്ട്. വയസ്സ് കൂടുന്നതിന്റെ സൂചന നമുക്ക് നൽകേണ്ടത് പ്രായം സൂചിപ്പിക്കുന്ന അക്കങ്ങളല്ല, പകരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന്റെ സൂചകങ്ങളാണെന്നും നമുക്കറിയാം. മനുഷ്യരുടെ ജൈവശാസ്ത്രപരമായ പ്രായം ( biological age ) അളക്കുന്നതിനായി പുതിയ ഒരു മാനദണ്ഡമുപയോഗിക്കുന്ന ജൈവക്ലോക്ക് ശവേഷകർ ഉപയോഗിച്ചു തുടങ്ങുന്നു.  ആരോഗ്യമാണ് ജൈവപ്രായത്തിന്റെ മുഖ്യ പരിഗണനയെന്നതിനാൽ ഈ ക്ലോക്കുപയോഗിച്ച് കണക്കാക്കപ്പെടുന്ന പ്രായം നമ്മുടെ കലണ്ടർ പ്രായത്തേക്കാൾ കൂടുതലോ കുറവോ ആയിരിക്കാം.

 

∙ ഐ എയ്ജിന്റെ ( iAge) കാലം

 

2021 ജൂലൈ 12-ലെ ' നേച്ചർ എയ്ജിങ്ങ് ' ജേണലിലാണ് ദ ഇൻഫ്ളമേറ്ററി എയ്ജിങ്ങ് ക്ലോക്ക് ( iAge ) സംബന്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യന്റെ ജൈവപ്രായം കണക്കാക്കുന്നതിനായി കോശങ്ങളിലെ പാരമ്പര്യവസ്തുക്കളായ  എപ്പിജനറ്റിക് രാസ അടയാളങ്ങളും മറ്റുമാണ് ഗവേഷകർ ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇതാദ്യമായി കോശജ്വലനത്തെ ( inflam mation) ആധാരമാക്കി ശരീരത്തിന്റെ ജൈവപ്രായം കണക്കാക്കുന്ന രീതിയെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു തുടങ്ങുന്നു. പുതിയ പ്രായ നിർണയ ക്ലോക്കിന്റെ സഹായത്തോടെ ശരീരത്തിലെവിടെയങ്കിലും ദീർഘകാലമായുള്ള കോശജ്വലനത്തിന്റെ സ്വഭാവം തിട്ടപ്പെടുത്തുന്നതിലൂടെ ഒരു വ്യക്തിക്ക്  ഹൃദയധമനി, നാഡീവ്യവസ്ഥ പ്രശ്നങ്ങൾ പോലെ പ്രായവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന രോഗാവസ്ഥകൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോശജ്വലനത്തിന് ചികിൽസയുള്ളതിനാൽ മികച്ച ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന ആയുസ്സ് എത്രമാത്രം ചികിൽസിച്ച് നീട്ടിക്കൊടുക്കാൻ സാധിക്കുമെന്ന് തീരുമാനിക്കാനും ഡോക്ടർക്ക് കഴിയും. ആരോഗ്യകരമായ ദീർഘായുസ്സിന് മനുഷ്യനെ സഹായിക്കാൻ മെഷീൻ ലേണിങ്ങ് ഉപയോഗിച്ചുള്ള പുതിയ രീതി സഹായിക്കും. ആരോഗ്യമുണ്ടെങ്കിൽ നിങ്ങളുടെ ജൈവപ്രായം കലണ്ടർ പ്രായത്തേക്കാൾ ചെറുപ്പമായിരിക്കുമെന്ന് ചുരുക്കം.

 

∙ കോശജ്വലനമെന്നാൽ എന്ത്?

cxcl9

 

കോശജ്വലനം ( inflammation) എന്നാൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ മുഖ്യ പ്രതികരണ പ്രവർത്തനമാണ്. അണുക്കൾ, കേടുപാടു സംഭവിച്ച കോശങ്ങൾ, മുറിവുകൾ തുടങ്ങിയവയുണ്ടാകുമ്പോൾ രക്തത്തിൽ നിന്നുണ്ടാകുന്ന സങ്കീർണമായ ജൈവ പ്രതികരണമാണിത്. ശരീരത്തിനു ഹാനികരമായ വസ്തുക്കളെ നീക്കം ചെയ്യാനും രോഗാണുക്കളെ തുരത്താനും കോശങ്ങളിലെ കേടുപാടുകൾ നീക്കാനും മുറിവുകളെ ഉണക്കാനുമൊക്കെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണിത്. നിരവധി ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രക്രിയയാണിത്. കോശജ്വലനം ഏറെ ആവശ്യമാണെന്നതു പോലെ അധികമായാൽ പ്രശ്നവുമാണ്. കാലദൈർഘ്യം അടിസ്ഥാനമാക്കി കോശജ്വലനം ദീർഘമോ ഹ്രസ്വമോ ആകാം. ഈ കോശജ്വലന പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് പുതിയ ജൈവപ്രായ നിർണയ രീതി ഗവേഷകർ രൂപപ്പെടുത്തുന്നത്.

 

∙ ഐ എയ്ജിന്റെ തത്വമെന്ത്?

 

പ്രായം കൂടുന്നതനുസരിച്ച് ഒരു വ്യക്തിയുടെ കോശങ്ങൾ സാവധാനം നശിക്കപ്പെടുകയും അവയിൽ നിന്ന് കോശജ്വലനത്തെ ഉദ്ദീപിക്കുന്ന തന്മാത്രകൾ പുറത്തുവരികയും ചെയ്യുന്നു. തൽഫലമായി പ്രസ്തുത വ്യക്തിയിൽ ദീർഘകാലവും ശരീരമാസകലവും നിലനിൽക്കുന്ന കോശജ്വലന പ്രവർത്തനവും അനുഭവവേദ്യമാകുന്നു. ഇത് ആത്യന്തികമായി ശരീര കലകളുടെയും അവയവങ്ങളുടെയും തേയ്മാനത്തിന് കാരണമാകുന്നു. സുസ്ഥിതിയിലുള്ള വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം ഇത്തരം കോശജ്വലനത്തെ നിർവീര്യമാക്കുമ്പോൾ ദുർബലമായ രോഗ പ്രതിരോധമുള്ളവരിൽ സമാനമായ പ്രവർത്തനം നടക്കാതിരിക്കുകയും അവർക്ക് ജീവശാസ്ത്രപരമായി പ്രായമേറുകയും ചെയ്യുന്നു. ഐ എയ്ജ് രീതി വികസിപ്പിക്കുന്നതിനായി കലിഫോർണിയയിലെ സ്റ്റാൻഫർഡ് സർവകലാശാലയിലെ ഗവേഷകരായ ഡേവിഡ് ഫർമാനും നാസിഷ് സെയ്ദും നേതൃത്വം നൽകിയ സംഘം 8നും 96 നും ഇടയിൽ പ്രായമുള്ള ആയിരത്തിയൊന്ന് വ്യക്തികളിൽ നിന്നാണ് രക്തസാമ്പിളുകൾ ശേഖരിച്ചത്. പ്രായം കൂടുന്നതനുസരിച്ച് സുദീർഘവും ശരീരമാകെ ബാധിക്കുന്നതുമായ കോശജ്വലനം എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് പഠിക്കുന്ന ‘1000 ഇമ്യൂണോം’ പ്രോജക്ടിന്റെ ഭാഗമായിരുന്നു ഇവർ. ട്രയലിൽ പങ്കെടുത്തവരുടെ പ്രായവും ആരോഗ്യ വിവരങ്ങൾക്കുമൊപ്പം മെഷീൻ ലേണിങ് അൽഗോരിതത്തിന്റെ സഹായത്തോടെ രക്തത്തിലെ കോശജ്വലനത്തിന്റെ അടയാളങ്ങളും അവർ ഉപയോഗിച്ചു. കോശജ്വലനത്തിന്റെ അടയാളമായി CXCL9 എന്ന സൈറ്റോകൈൻ പ്രോട്ടീനാണ് ഉപയോഗിക്കപ്പെട്ടത്. രക്തധമനികളുടെ ആന്തരിക പ്രതലത്തിൽ നിന്നും ഉത്പാദിക്കപ്പെടുന്ന മേൽപ്പറഞ്ഞ സൈറ്റോകൈൻ തന്മാത്ര ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധമുള്ളവയാണ്. ഐ എയ്ജിങ്ങിന്റെ സുപ്രധാന ഘടകമായി CXCL9 സൈറ്റോകൈൻ മാറുമ്പോൾ മറ്റൊരു സുപ്രധാന അറിവു കൂടി സ്ഥിരീകരിക്കപ്പെടുന്നു. അതായത് പ്രായമെന്നത് നിങ്ങളുടെ രക്തധമനികളുടെ പ്രായമാണ്. ഐ എയ്ജ് രീതി വികസിപ്പിച്ചെടുത്തതിനു ശേഷം ചുരുങ്ങിയത് 99 വയസ്സുള്ള 19 പേരുടെ രക്തം കൂടി ശേഖരിച്ച് അവരുടെ ജൈവപ്രായം കാണാൻ ഗവേഷകസംഘം ശ്രമിച്ചു. ഇവരുടെ ശരാശരി ഐ എയ്ജ് അവരുടെ യഥാർഥ പ്രായത്തേക്കാൾ 40 വർഷത്തോളം കുറവായിരുന്നു. അതായത് ആരോഗ്യമുള്ള രോഗപ്രതിരോധ സംവിധാനം മനുഷ്യരുടെ ആയുസ്സ് വർധിപ്പിക്കുന്നു. 

 

എപ്പിജനറ്റിക് മാർക്കറുകൾ ഉപയോഗിച്ച് ജൈവപ്രായം കണക്കാക്കുന്നതിനേക്കാൾ ലളിതമാണ് ഐ എയ്ജ് പോലെയുള്ള കോശജ്വലന അടയാളങ്ങൾ അടിസ്ഥാനമാക്കിയുള്ള ജൈവ പ്രായ നിർണയ രീതികളെന്നതും ഓർക്കുക. മാത്രമല്ല ഓരോ വ്യക്തിയുടെയും സവിശേഷ സ്ഥിതിയനുസരിച്ചുള്ള ചികിത്സാരീതികൾ ( Personalised treatments) പിന്തുടരാനും ജൈവപ്രായം സഹായിക്കും. CXCL9 സൈറ്റോ കൈൻ ധമനികളുടെ എൻഡോത്തീലിയൽ ആവരണത്തിന് വരുത്തുന്ന ക്ഷതങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നതും പ്രതീക്ഷ നൽകുന്നു. നേരത്തെ കണ്ടു പിടിച്ചാൽ കോശജ്വലനം എളുപ്പത്തിൽ ചികിൽസിക്കാൻ എളുപ്പം സാധിക്കുമെന്നതും പ്രധാനം. ഓരോ വ്യക്തിയുടെയും കോശജ്വലന അടയാളങ്ങളുടെ സ്ഥിതിയറിഞ്ഞ് പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാലേകൂട്ടി തിരിച്ചറിയാൻ ഭാവിയിൽ സാധിക്കുമെന്നാണ് ഐ എയ്ജ് പഠനം നൽകുന്ന പ്രതീക്ഷ.

 

English Summary: Research identifies key role of CXCL9 cytokine in age-related chronic inflammation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com