ADVERTISEMENT

1960 ന്റെ തുടക്കത്തിലാണ് യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡി നാസയിലെ ശാസ്ത്രജ്ഞരോട് ഒരു സ്വപ്നം പങ്കുവച്ചത്: മനുഷ്യൻ ചന്ദ്രനെ കീഴടക്കണം, 10 വർഷത്തിനുള്ളിൽ. അന്നു മുതൽ അതിനുള്ള ശ്രമം തുടങ്ങി. 10 വർഷം തികയുന്നതിനു മുൻപ്, 1969ൽ നീൽ ആംസ്ട്രോങ്ങിലൂടെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ലോകജനതയെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ആ യാത്രയുടെ കഥയിങ്ങനെ...

1969 ജൂലൈ 16 സമയം 9.32 പ്രഭാതം, എല്ലാ കണ്ണുകളും യുഎസിലെ ഫ്ലോറിഡയിൽ. കേപ് കാനവറിലെ കെന്നഡി സ്പേസ് സെന്ററിൽ. അപ്പോളോ 11ന്റെ കൗണ്ട്ഡൗൺ തുടങ്ങി... ആദ്യമായി മനുഷ്യൻ ചന്ദ്രനിലേക്ക് പോകുന്നു. കൗണ്ട് ഡൗൺ പൂജ്യം. അപ്പോളോ വഹിച്ച് നാസയുടെ സാറ്റേൺ ഫൈവ് റോക്കറ്റ് കുതിച്ചുയർന്നു. എഡ്വിൻ ബസ് ആൽഡ്രിൻ, നീൽ ആംസ്ട്രോങ്, മൈക്കിൾ കോളിൻസ് എന്നിവരാണ് യാത്രികർ.

സാറ്റേൺ ഫൈവ് എന്ന നാസയുടെ പടുകൂറ്റൻ റോക്കറ്റിലായിരുന്നു ആ യാത്ര. റോക്കറ്റിന്റെ ഉയരം: 110.6 മീറ്റർ. ഭാരം: 2.966 ദശലക്ഷം കിലോ. മൂന്ന് ഘട്ടമുള്ള റോക്കറ്റിന്റെ മുകളിലെ ഘട്ടത്തിൽ അപ്പോളോ 11, അതിനുള്ളിൽ യാത്രക്കാർ.

യാത്രയുടെ ആദ്യഘട്ടം – ഭൂമിയെ ചുറ്റുന്നതിലെ കുറഞ്ഞ ദൂരവും കൂടിയ ദൂരവും തമ്മിലുള്ള ശരാശരി കണക്കാക്കിയാൽ ഏകദേശം 3,84,400 കിലോമീറ്റർ ദൂരമുണ്ട് ഭൂമിയും ചന്ദ്രനും തമ്മിൽ. യാത്രയുടെ ആദ്യലക്ഷ്യം ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് പുറത്തിറങ്ങുക എന്നതായിരുന്നു.

∙ സമയം രാവിലെ 9.35 – വാഹനം മണിക്കൂറിൽ 10,203 കിലോമീറ്റർ വേഗത്തിൽ.

∙ സമയം 9.44 – സാറ്റേണിന്റെ ആദ്യ രണ്ട്ഘട്ടങ്ങൾ കത്തി തീർന്നു. അപ്പോളോ 190 കിലോമീറ്റർ ഉയരത്തിൽ. ദൗത്യനിയന്ത്രണം ഹൂസ്റ്റണിലെ മിഷൻ കൺട്രോളിന്.

ചന്ദ്രനിലേക്ക് കുതിപ്പ്

∙ ഉച്ചയ്ക്ക് 12.22 –വാഹനം ഭൂമിയുടെ ആകർഷണത്തിന് പുറത്തു കടത്താൻ ട്രാന്സ് ലൂണാർ ഇൻജക്‌ഷൻ‌ ഘട്ടം തുടങ്ങി. സാറ്റേണിന്റെ അവസാന സ്റ്റേജ് പ്രവർത്തിക്കുന്നു. വേഗം മണിക്കൂറിൽ 38,946 കിലോമീറ്റർ. അപ്പോളോ 11നെ നീൽ ആംസ്ട്രോങ് കമാൻഡ് ചെയ്യുന്നു.

∙ സമയം 12.49 – അടുത്ത ഘട്ടത്തിൽ കവചം പിളർന്ന് ദൗത്യം പുറത്തേക്ക്. ഈഗിൾ (ലൂണാർ), കമാൻഡ് എന്നീ മൊഡ്യൂളുകൾ ചേർന്നതാണ് അപ്പോളോ 11 ദൗത്യം.

ബഹിരാകാശ സർക്കസ്

വാഹനത്തിൽ നിന്ന് വേർപെട്ട് കമാൻഡ് മൊഡ്യൂൾ മുന്നോട്ട്. 180 ഡിഗ്രി തിരിഞ്ഞ് വീണ്ടും ലൂണാർ മൊഡ്യൂളിലേക്ക് ഇതു തിരിച്ചുപിടിപ്പിക്കുന്നു.

∙ രണ്ടാംദിനം ജൂലൈ 17 – അപ്പോളോയുടെ ദിശ കൃത്യമാക്കുന്ന ജോലിയിൽ ഹൂസ്റ്റൻ മിഷൻ കൺട്രോൾ വ്യാപൃതർ. വൈകിട്ട് 7.31ന് യാത്രികർ ലോകമെമ്പാടും ടെലിവിഷൻ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടു. ആദ്യ ബഹിരാകാശ ലൈവ്

∙ ജൂലൈ 18 – യാത്ര തുടരുന്നു. ഉച്ചയ്ക്ക് 96 മിനിറ്റ് നീളുന്ന ലൈവ്. വാഹനത്തിന്റെ ദിശ, മിഷൻ കൺട്രോൾ പലതവണ തിരുത്തി. രാത്രി പത്തോടെ യാത്രക്കാർ ഉറങ്ങി.

∙ ജൂലൈ 19 – വാഹനം അതിവേഗം ചന്ദ്രനിലേക്ക്.

∙ ഉച്ചയ്ക്ക് 12.58 – ചന്ദ്രന്റെ ആകർഷണവലയത്തിൽ പ്രവേശിക്കാൻ മിഷൻ കൺട്രോളിന്റെ നിർദ്ദേശം. തുടർന്ന് ദൗത്യം ചന്ദ്രനെ ഭ്രമണം ചെയ്യാൻ തുടങ്ങി. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങാൻ ലൂണാർ മൊഡ്യൂൾ തയാറെടുക്കുന്നു.

∙ ജൂലൈ 20 –യാത്രികർ ആകാംക്ഷാഭരിതർ. ചരിത്രനിമിഷം മണിക്കൂറുകൾക്ക് മാത്രം അകലെ

∙ രാവിലെ 9.27 – ലൂണാർ മൊഡ്യൂളിലേക്ക് ആൽഡ്രിൻ പ്രവേശിച്ചു, ഒരു മണിക്കൂറിനു ശേഷം ആംസ്ട്രോങ്ങും

∙ ഉച്ചതിരിഞ്ഞ് 2.12 – കോളിൻസ് കമാൻഡ് മൊഡ്യൂൾ വേർപെടുത്തി. ലൂണാർ മൊഡ്യൂളിനെ നിലത്തിറക്കാനുള്ള ശ്രമം തുടരുന്നു.

∙ വൈകിട്ട് 4.05 – ലൂണാർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിന് അരികെ. ആംസ്ട്രോങ് നിയന്ത്രിക്കുന്നു.

‘ഈഗിൾ പറന്നിറങ്ങി’

∙ വൈകിട്ട് 4.18. ഹൂസ്റ്റനിലെ റേഡിയോയിൽ ആംസ്ട്രോങ്ങിന്റെ ശബ്ദം.... ‘ഈഗിൾ പറന്നിറങ്ങി’

∙ രാത്രി 10.56 – ഗോവണി വഴി ആംസ്ട്രോങ് ചന്ദ്രോപരിതലത്തിലേക്ക്. ചന്ദ്രനിലേക്ക് കാൽവച്ച് അദ്ദേഹം പറഞ്ഞു. “മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം”

∙ ചന്ദ്രനിലെ മണ്ണ് – പ്രശാന്തതയുടെ സമുദ്രം (Sea of tranquility) എന്നാണ് ചന്ദ്രനിൽ അപ്പോളോ 11 ഇറങ്ങിയ സ്ഥലത്തിന്റെ പേര്. ആംസ്ട്രോങ്ങ് ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു. 20 മിനിറ്റ് കഴിഞ്ഞപ്പോൾ ആൽഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങി.

∙ ദൗത്യങ്ങൾ: യാത്രികർ ചന്ദ്രനിൽ അമേരിക്കൻ പതാക ഉയർത്തി. തുടർന്ന് 2 മണിക്കൂർ വിവിധ പരീക്ഷണങ്ങൾ. ഒരു സ്മാരകശിലയും ലോകനേതാക്കൾ ഒപ്പിട്ട സ്മരണികയും സ്ഥാപിച്ച ശേഷം മടക്കം.

∙ ജൂലൈ 21 പുലർച്ചെ 12.54. ദൗത്യം പൂർണം. ആൽഡ്രിനും ആംസ്ട്രോങ്ങും തിരിച്ച് മൊഡ്യൂളിൽ. മിഷൻ കൺട്രോൾ യാത്രക്കാരോട് ഉറങ്ങാൻ ആവശ്യപ്പെടുന്നു.

∙ ഉച്ചയ്ക്ക് 1.54– കമാൻഡ് മൊഡ്യൂളിനെ ലക്ഷ്യമാക്കി ലൂണാർ മൊഡ്യൂൾ. കമാൻഡ് മൊഡ്യൂളിൽ സഹയാത്രികരെ കാത്ത് കോളിൻസ്. അടുത്തഘട്ടം കമാൻഡ് മൊഡ്യൂൾ ചന്ദ്രന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിലാണ്. ലൂണാർ മൊഡ്യൂളും കമാൻഡ് മൊഡ്യൂളും യോജിപ്പിക്കുന്നു.

moon-walk-

മടക്കയാത്ര

വിഷമകരമായ ഈ ഘട്ടം വിജയകരമായി പൂർത്തീകരിക്കുന്നു. ചന്ദ്രനിൽ നിന്നു ശേഖരിച്ച വസ്തുക്കൾ കമാൻഡ് മൊഡ്യൂളിലേക്ക് മാറ്റുന്നു.

∙ ജൂലൈ 22 – അപ്പോളോ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നു. ട്രാൻസ് എർത്ത് ഇൻജക്‌ഷന് ഘട്ടം പുലർച്ചെ 12.56നു തുടങ്ങി. അപ്പോളോ അതിവേഗത്തിൽ ഭൂമിയിലേക്ക്.

∙ ജൂലൈ 23 – അത്യന്തം അപകടം പിടിച്ച തിരിച്ചിറക്കം. ഭൂമിയുടെ ആകർഷണവലയത്തിൽ പ്രവേശിച്ചാൽ ഗുരുത്വാകർഷണം മൂലം വാഹനത്തിന്റെ വേഗം കൂടും.

വല്ലാതെ ചൂടാകും.

∙ ജൂലൈ 24 – പസിഫിക് സമുദ്രത്തിൽ തിരിച്ചിറക്കത്തിന്റെ അവസാനഘട്ടം. കമാൻഡ് മൊഡ്യൂളിന്റെ പാരഷൂട്ടുകൾ വിടർന്നു. വാഹനം സമുദ്രത്തിൽ ഇറങ്ങുന്നു. ഒടുവിൽ പുറത്തിറങ്ങും മുൻപ് യാത്രികരെ പ്രത്യേക സുരക്ഷാകവചം ധരിപ്പിക്കുന്നു. സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൻ ഉൾപ്പെടെയുള്ളവർ.

നാം ഇന്നുപയോഗിക്കുന്ന പല സാങ്കേതികവിദ്യകളും ചന്ദ്രയാത്രയ്ക്കായി വികസിപ്പിച്ചെടുത്തതാണ്. മനുഷ്യന്റെ ഇച്ഛാശക്തിയുടെയും സാങ്കേതിക മുന്നേറ്റത്തിന്റെയും ഉജ്ജ്വലമായ പ്രതീകമായി ഈ യാത്ര എല്ലാക്കാലത്തും ചരിത്രപുസ്തകങ്ങളിൽ ഉണ്ടാകും

(സമയം, നാസ വെബ്സൈറ്റിൽ ഉള്ളത് അനുസരിച്ച് ഈസ്റ്റേൺ ഡേ ലൈറ്റ് ടൈമിലാണുള്ളത്. യൂണിവേഴ്സൽ സമയ പ്രകാരം ചന്ദ്രനിലിറങ്ങിയത് 21 ജൂലൈ 02:56:15 ന്)

∙ ചങ്കുറപ്പിന്റെ ചാന്ദ്രയാത്ര

1969 ജൂലൈ 20ന്(ഇന്ത്യൻ സമയമനുസരിച്ച് ജൂലൈ 21ന്) അപ്പോളോ 11 എന്ന ബഹിരാകാശ പേടകത്തിലെ ഈഗിള്‍ എന്ന വാഹനത്തിൽനിന്ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാൽ വയ്ക്കുമ്പോൾ, അതു മനുഷ്യരാശിയുടെ കുതിച്ചുചാട്ടത്തിന്റെ കാൽവയ്പു കൂടിയായിരുന്നു. അതിനും ഏഴുകൊല്ലം മുൻപാണ് ആംസ്ട്രോങ് നാസയുടെ ചാന്ദ്രയാത്രാ ദൗത്യത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ സഹയാത്രികരായ എഡ്വിൻ ആൽഡ്രിനും മൈക്കിൾ കോളിൻസും അപ്പോളോ മിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, ആറേഴു വർഷത്തെ തുടർച്ചയായ കഠിന പരിശീലനത്തിനൊടുവിലായിരുന്നു ചരിത്രപ്രധാനമായ ആ കാൽവയ്പ്.

∙ ഭൂമിയൊട്ടാകെ പരിശീലനക്കളരി

ചന്ദ്രന്റെ പ്രതലത്തിൽ കാലുറപ്പിക്കുന്നതിനു മുൻപു വർഷങ്ങളോളം ഭൂമിയിൽ പലയിടങ്ങളിൽ, പല സാഹചര്യങ്ങളിൽ ആ മൂവർസംഘം നടത്തിയ ‘പിച്ചവച്ചു പഠിക്കൽ’ അറിഞ്ഞാലേ ചാന്ദ്രയാത്രികരുടെ ആത്മധൈര്യത്തിന്റെ ആഴം മനസ്സിലാകൂ. ബഹിരാകാശ പേടകം എങ്ങനെ ലോഞ്ച് ചെയ്യണം, എങ്ങനെ അതിനെ നിയന്ത്രിക്കണം, പേടകത്തിനുള്ളിലെ സങ്കീർണതകളേറെയുള്ള യന്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി ചന്ദ്രനിലെത്തിയാൽ ചെയ്യേണ്ട പരീക്ഷണങ്ങൾ വരെ പഠിച്ചെടുക്കണം. ചന്ദ്രോപരിതലത്തെക്കുറിച്ചുൾപ്പെടെ പരിമിത ധാരണ മാത്രമുള്ള കാലത്ത് മനുഷ്യന്റെ ആദ്യ യാത്രയല്ലേ, പേടകം ചന്ദ്രനിൽ എവിടെയാണു ചെന്നിറങ്ങുക എന്ന് ഒരു ഉറപ്പുമില്ല. ഒരുപക്ഷേ വലിയ ഗർത്തത്തിലാകാം. അല്ലെങ്കിൽ പാറക്കൂട്ടങ്ങൾക്കിടയിൽ. എവിട ഇറക്കേണ്ടി വന്നാലും ആ സാഹചര്യം അതിജീവിക്കണം. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകർഷണത്തിൽ നടക്കാൻ ശീലിക്കണം. ഒരു ചെരിവുപ്രതലത്തിൽ കെട്ടിത്തൂങ്ങി നടന്നായിരുന്നു ഇതിനുള്ള പരിശീലനം!

എങ്ങനെ ആദ്യത്തെ കാൽ വയ്ക്കണം, എങ്ങനെ അമേരിക്കൻ പതാക നാട്ടണം, എങ്ങനെ അവിടുത്തെ ദൃശ്യങ്ങൾ പകർത്തണം തുടങ്ങി ഓരോ നിമിഷവും ചെയ്യേണ്ട കാര്യങ്ങൾ ഒട്ടേറെത്തവണ അവർ ചെയ്തു പഠിച്ചു. ഇനി, ചന്ദ്രനിൽ ഇറങ്ങിയിട്ടോ ഇറങ്ങാൻ പറ്റാതെയോ ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ഇറങ്ങേണ്ടതു കടലിലാണ്. അപ്പോൾ കടലിൽ പരിശീലിക്കണം. അഥവാ കടലിൽ ഇറങ്ങാൻ പറ്റിയില്ലെങ്കിലോ? കാട്ടിലോ മരുഭൂമിയിലോ ചെന്നുപെട്ടാലോ? നാസ അവരെ കണ്ടെത്തുന്നതു വരെ ദുർഘട കാലാവസ്ഥയും സാഹചര്യങ്ങളും അതിജീവിച്ചു കഴിയണം. കൊടുങ്കാട്ടിലും മരുഭൂമിയിലും കടലിലുമൊക്കെ ഇതിനെല്ലാമുള്ള തീവ്ര പരിശീലനങ്ങളായിരുന്നു ആദ്യം പറഞ്ഞ ‘പിച്ചവയ്പ്പ്’.

∙ തയാറെടുപ്പ് ‘അന്ത്യയാത്ര’യ്ക്കും

ഇത്രയൊക്കെ പരിശീലനങ്ങളും ഒരുക്കങ്ങളുമൊക്കെ നടത്തിയിട്ടും അപ്പോളോ–1 എന്ന ആദ്യ മനുഷ്യ–ബഹിരാകാശപേടകത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന മൂന്നു പേർ അതിലുണ്ടായ ചെറിയൊരു തീപ്പൊരി മൂലം കൊല്ലപ്പെട്ടു. തുടർന്നുള്ള അപ്പോളോ മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധയോടെ പരിശീലിക്കാനും തെറ്റുകൾ തിരുത്തി മുന്നോട്ടുനീങ്ങാനും ഇത് ഇടയാക്കി. എത്ര പരിശീലിച്ചാലും അപകടം സംഭവിച്ചേക്കാം എന്ന് നാസയിലെ ഉന്നതോദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. അങ്ങനെ അത്യന്തം ഖേദകരമായതെന്തെങ്കിലും അപ്പോളോ–11ന് സംഭവിച്ചാൽ പറയാനുള്ള പ്രസംഗം വരെ യുഎസ് പ്രസിഡന്റ് നിക്സൻ തയാറാക്കിവച്ചിരുന്നു.

∙ പേടകം സ്റ്റാർട്ട് ചെയ്യാൻ പേന

അങ്ങനെ ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിലിറങ്ങി, പതാക നാട്ടി, സാംപിളുകൾ ശേഖരിച്ചു, ദൃശ്യങ്ങൾ പകർത്തി. കൂടെക്കരുതിയിരുന്ന ഒരു സ്മാരക ഫലകം, ഒലീവ് ശിഖരം, ചാന്ദ്രബൂട്ട്, ക്യാമറ, പിന്നെ കുറച്ച് ചവറും ചന്ദ്രനിൽ നിക്ഷേപിച്ചു. ദൗത്യം പൂർത്തിയാക്കി മടങ്ങാൻ പേടകത്തിൽ കയറുമ്പോഴാണു തിരിച്ചറിഞ്ഞത്, ഒരു പ്രധാന സർക്യൂട്ട് ബ്രേക്കറിന്റെ സ്വിച്ച് പൊട്ടിപ്പോയിരിക്കുന്നു. അതില്ലാതെ പേടകം സ്റ്റാർട്ട് ചെയ്യാനാകില്ല. പ്രശ്നം പരിഹരിക്കുന്നതു വരെ ഉറങ്ങാനായിരുന്നു ഇരുവർക്കും നാസ നൽകിയ നിർദേശം. പക്ഷേ, ആൽഡ്രിൻ ഒരു പരീക്ഷണം നടത്തിനോക്കി. കയ്യിലിരുന്ന ബഹിരാകാശ പേന പൊട്ടിയ സ്വിച്ചിന്റെ സ്ഥലത്തുവച്ചു പേടകം ഓൺ ചെയ്തു. അത് ഏറ്റു; പേടകം സ്റ്റാർട്ട് ആയി.! നാലു ദിവസത്തിനു ശേഷം ജൂലൈ 24ന്, തിരികെ കടലിൽ ഇറങ്ങി.

∙ ചില്ലുകൂട്ടിലെ പരീക്ഷണദിനങ്ങൾ

യാത്ര വിജയകരമായി പൂർത്തിയാക്കിയതുകൊണ്ടായില്ല. തിരികെയെത്തി 21 ദിവസങ്ങൾക്കു ശേഷമാണ് അവർക്കു പുറംലോകത്തെത്താനായത്. ചന്ദ്രനിൽ ആദ്യമായി പോയി വന്നിരിക്കുകയാണല്ലോ. അവിടെ എന്തൊക്കെ വികിരണങ്ങൾ ഉണ്ട്, എന്തൊക്കെ അന്യജീവികളുണ്ട്, എന്തൊക്കെ വിഷാംശങ്ങളുണ്ട് എന്നൊന്നും അറിയില്ല. അതുകൊണ്ട്, 21 ദിവസത്തേക്ക് ഒറ്റയ്ക്കാക്കി (Quarantine) സഞ്ചരിക്കുന്ന ഒരു കവചിത വാഹനത്തിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു അവരെ. അതിന്റെ ചില്ലു ജനലിലൂടെയാണ് തങ്ങളുടെ വേണ്ടപ്പെട്ടവരെ ഭൂമിയിൽ തിരിച്ചെത്തിയ ശേഷമുള്ള മൂന്നാഴ്ച അവർ കണ്ടത്.

∙ കയ്യൊപ്പിലെ കരുതൽ

25 മില്യൺ ഡോളറായിരുന്നു അപ്പോളോ മിഷന്റെ ചെലവ്. പക്ഷേ, ഇത്രയൊക്കെ വെല്ലുവിളികൾ നേരിട്ട്, മരണത്തെപ്പോലും ഭയക്കാതെ അപ്പോളോ പര്യടനത്തിന്റെ ഭാഗമായി ചരിത്രമെഴുതാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ നീൽ ആംസ്ട്രോങ്ങിനും എഡ്വിൻ ആൽഡ്രിനും ആവശ്യമായ ഇൻഷുറൻസ് എടുക്കുന്നതിനുള്ള പണം കൈവശമുണ്ടായിരുന്നില്ല. അവർ എന്തു ചെയ്തെന്നോ? ബഹിരാകാശ യാത്രയ്ക്കു പുറപ്പെടും മുൻപ് തങ്ങളുടെ നൂറുകണക്കിന് ഓട്ടോഗ്രാഫുകൾ ഒപ്പിട്ട് ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. എന്തെങ്കിലും ദുരന്തം നേരിട്ട് ഇവർ മരിച്ചു പോയാൽ ആ ഓട്ടോഗ്രാഫുകൾ കുടുംബാംഗങ്ങളെ ഏൽപ്പിക്കാൻ ഏർപ്പാടാക്കി. അവർക്ക് അതു വിറ്റു കാശാക്കാമല്ലോ.

∙ വായിച്ച് ഉറപ്പിച്ചാലും തെറ്റുപറ്റാം

മറ്റൊരു ലോകത്ത് കാലുകുത്തുന്ന ആദ്യത്തെ മനുഷ്യനായ നീൽ ആം സ്ട്രോങ്ങിന് 1969 ജൂലൈ 21നു സംഭവിച്ചത് അതാണ്. ചന്ദ്രനിൽ കാൽ തൊടുമ്പോൾ അദ്ദേഹം പറയേണ്ടിയിരുന്ന വാചകം ഇതാണ്. one small step for a man, one giant leap for mankind ( ഒരു മനുഷ്യനെ സംബന്ധിച്ച് ചെറിയൊരു കാൽവെയ്പ്; മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം)

പക്ഷേ, ചന്ദ്രനിൽ കാലുകുത്തിയ ശേഷം പറഞ്ഞപ്പോൾ ചരിത്ര പ്രഖ്യാപിതമാകേണ്ട ആ പ്രസ്താവനയിലെ ‘a’(ആദ്യ വാചകത്തിലെ ‘ഒരു’ ആംസ്ട്രോങ് വിട്ടുപോയി). അടുത്ത ഏതാനും മണിക്കൂറുകളിൽ എന്താണ് സംഭവിക്കുക എന്ന ഉത്കണ്ഠ റോക്കറ്റ് വേഗത്തിൽ തലയ്ക്കകത്തുകൂടി പാഞ്ഞുകൊണ്ടിരിക്കേ ആംസ്ട്രോങ്ങിന് പറ്റിയ ഈ വീഴ്ച മനസ്സിലാക്കാവുന്നതേയുള്ളു. മാതൃപേടകത്തിൽ നിന്നു ചെറുപേടകത്തിൽ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോൾത്തന്നെ നെഞ്ചിടിപ്പുണ്ടായതാണ്. പേടകത്തിന്റെ മാസ്റ്റർ അലാം അടിച്ചു തുടങ്ങി. അങ്ങനെ ഇന്ധനം ഇല്ലാതായി കഥകഴിഞ്ഞതു തന്നെ എന്നു വിചാരിച്ചതാണ്. ഒടുവില്‍ അലാം നിന്നു.

പക്ഷേ, ചെറുപേടകത്തിന്റെ കോവണി മുഴുവനായി നിവർന്നില്ല. ഒടുവിൽ കോവണിയുടെ അവസാന പടിയില്‍ നിന്ന് ഏതാനും അടി താഴേക്ക് ചാടിയാണ് ചന്ദ്രോപരിതലത്തില്‍ ഇരുവരും എത്തിയത്. മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം എന്ന പ്രയോഗം ശരിയായത് അപ്പോഴാണ് ! നീൽ ആംസ്ട്രോങ്ങിനേക്കാൾ മറവി പറ്റിയത് അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസാ അധികൃതർക്കാണ്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ വിഡിയോ അന്നു ലോകമെങ്ങും ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

വർഷങ്ങൾ കഴിഞ്ഞ് നോക്കിയപ്പോൾ വിഡിയോ ടേപ്പിൽ നിന്ന് ആ െഎതിഹാസിക യാത്ര മായിച്ചുകളഞ്ഞിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളിലും എൺപതുകളിലും നാസയിൽ വിഡിയോ ടേപ്പുകൾക്ക് ക്ഷാമമുണ്ടായപ്പോൾ രണ്ടുലക്ഷം ടേപ്പുകളിലെ ചിത്രങ്ങൾ മായ്ച്ചശേഷം ആ ടേപ്പ് വീണ്ടും ഉപയോഗിച്ചതിൽ ഈ ടേപ്പും പെടുകയായിരുന്നു.

നാസ പിന്നീട് ലോകത്തിന്റെ പല ഭാഗത്തു നിന്നും മങ്ങിയ നാലു ടേപ്പുകൾ സംഘടിപ്പിച്ചു. ഹോളിവുഡ് അവരുടെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ ടേപ്പുകളിൽ നിന്ന് മെച്ചപ്പെടുത്തിയെടുത്ത ദൃശ്യങ്ങളാണ് ഇന്നു നാം കാണുന്നത്. അവ കാണാൻ പറ്റത്തക്കവണ്ണം ആക്കിയെടുത്തതിന് രണ്ടരലക്ഷം ഡോളർ ചെലവായാലെന്താ!

farewell--earth-s-mini-moon

∙ ചന്ദ്രേട്ടൻ എവിടെയാ

നിങ്ങൾക്കറിയുമോ... ചന്ദ്രനിൽ ഗോൾഫ് കളിച്ചയാളുണ്ട്. അവിടെ ഒരു ക്യാമറ കിടപ്പുണ്ട്. ആദ്യം ഇറങ്ങിയവരുടെ കാൽപ്പാടുകൾ വരെ മായാതെ കിടപ്പുണ്ട്. ചന്ദ്രനിൽ പോയി ക്രിക്കറ്റ് കളിച്ചാൽ എല്ലാ ബോളിലും സിക്സറടിക്കാം. ചന്ദ്രനിൽ ഗുരുത്വാകർഷണം ഭൂമിയുടെ 16.6% മാത്രമാണ്. ഭൂമിയിൽ ക്രിക്കറ്റ് കളിച്ചാൽ ക്യാച്ച് ആകുന്ന ഷോട്ടുകളൊക്കെ ചന്ദ്രനിൽ പറപറന്നു സിക്സർ ആകുമല്ലോ!

ഭ്രാന്തൻ ആശയമല്ല. ചന്ദ്രനിൽ ഇതേവരെ കാലുകുത്തിയ 12 മനുഷ്യരിൽ ഒരാളായ യുഎസ് ബഹിരാകാശ യാത്രികൻ അലൻ ഷെപ്പേർഡ് ഇതുപോലൊരു ആശയവുമായാണ് 1971ൽ ‘അപ്പോളോ 14’ ദൗത്യത്തിൽ ചന്ദ്രനിലേക്കു പോയത് – ചന്ദ്രനിൽ ഗോൾഫ് കളിക്കണം. ഗോൾഫ് കളിക്കാനുള്ള സാധനങ്ങൾ അലൻ കരുതിയിരുന്നു. 1971 ഫെബ്രുവരി ആറിനാണ് അലൻ ചന്ദ്രനിൽ ഗോൾഫ് കളിച്ചത്. ഒറ്റ അടി – 2400 അടി അകലേക്ക് ഗോൾഫ് ബോൾ പറപറന്നു. ഏകദേശം 731.5 മീറ്റർ ദൂരം. (1974ൽ മൈക്ക് ഓസ്റ്റിൻ എന്ന ഗോൾഫ് കളിക്കാരന്റെ 472 മീറ്റർ ദൂരത്തേക്കുള്ള അടിയാണു ഗിന്നസ് ബുക്ക് അംഗീകരിച്ച ലോക റെക്കോർഡ്).

അലൻ ഷെപ്പേർഡിന്റെ ഗോൾഫ് കളി കണ്ട ഗോൾഫ് വിദഗ്ധർ പിന്നീടു പറഞ്ഞു – ‘അങ്ങേർക്കു കളിക്കാൻ അറിയാഞ്ഞിട്ടാണ്. ചന്ദ്രനിലെ ഗുരുത്വാകർഷണത്തിന്റെ കുറവു കണക്കിലെടുത്താൽ ഇത്രയൊന്നും ദൂരത്തേക്ക് അടിച്ചാൽ പോരാ. നാലു കിലോമീറ്റ‍ർ വരെ ദൂരത്തേക്കു പന്തടിക്കാൻ പറ്റിയേക്കും.’

ഇത്തരം കൗതുകങ്ങളുടെ വിളനിലമാണു ചന്ദ്രൻ. അന്തരീക്ഷമോ കാറ്റോ ഒന്നും ചന്ദ്രനിലില്ല. ചന്ദ്രനിൽ കാലുകുത്തിയവരുടെ കാൽപ്പാടുകൾ എത്രകാലം കഴിഞ്ഞാലും അവിടെത്തന്നെ കാണും. കാറ്റില്ലാത്തതുകൊണ്ടാണിത്. 1972ൽ ചന്ദ്രനിൽ പോയ യുഎസ് ബഹിരാകാശ യാത്രികൻ യൂജീൻ കെർണൻ തന്റെ ക്യാമറ ചന്ദ്രനിൽ വച്ചിട്ടുപോന്നു. ഇനി ആരെങ്കിലും എത്തിയാൽ അതെടുത്തു പരിശോധിക്കാമല്ലോ എന്ന ഉദ്ദേശ്യത്തോടെ. എന്നാൽ പിന്നീട് ആരും ചന്ദ്രനിലേക്കു പോയിട്ടില്ല. ആ ക്യാമറ ഇപ്പോഴും ചന്ദ്രനിലുണ്ട്. വച്ച അതേ സ്ഥലത്ത് ഒരു മാറ്റവുമില്ലാതെ.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് 1969ൽ യുഎസിന്റെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ്. ഈ ദൗത്യം പരാജയപ്പെടുകയാണെങ്കിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു ദുഃഖം പങ്കുവയ്ക്കാനായി അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചർഡ് നിക്സൻ ഒരു പ്രസംഗം തയാറാക്കിവച്ചിരുന്നു. നിക്സനു പ്രസംഗം എഴുതിക്കൊടുത്തിരുന്ന വില്യം സഫയർ ആണു ദുഃഖം നിറഞ്ഞ വാക്കുകൾ നിറച്ചു പ്രസംഗം എഴുതിക്കൊടുത്തത്. വിജയിച്ചാൽ വായിക്കാനുള്ള പ്രസംഗവും എഴുതിക്കൊടുത്തു. ദൗത്യം വിജയിച്ചതോടെ കണ്ണുനീർപ്രസംഗം ഓർമയായി.

ചന്ദ്രനിൽ പോകാൻ ഏറെ കൊതിച്ചിട്ടും അതിനു സാധിക്കാതെ വന്ന യുഎസ് ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.യൂജീൻ ഷൂമേക്കർ ഒരു ആഗ്രഹം എഴുതിവച്ചു. മരണശേഷം ഭൗതികാവശിഷ്ടങ്ങളുടെ കുറച്ചുഭാഗം ചന്ദ്രനിൽ കൊണ്ടുപോയി വയ്ക്കണം. 1997 ജൂലൈ 18നു ഡോ.യൂജീൻ ഷൂമേക്കർ അന്തരിച്ചു. 1999 ജൂലൈ 31ന് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളുടെ ഒരുഭാഗം നാസയുടെ ലൂണാർ പ്രോസ്പെക്ടർ എന്ന ബഹിരാകാശ വാഹനത്തിൽ ചന്ദ്രനിലെത്തിച്ചു. ചന്ദ്രനിൽ അന്ത്യവിശ്രമം കൊള്ളുന്ന ഒരേയൊരാളായി ഡോ. യൂജീൻ ഷൂമേക്കർ.

ചാന്ദ്രവിശേഷങ്ങൾ

∙ മനുഷ്യനു കാലുകുത്താൻ സാധിച്ച ഏക ആകാശഗോളമാണു ചന്ദ്രൻ. 1969 ജൂലൈ 21ന് അപ്പോളോ–11 പേടകത്തിലെ യാത്രികരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. മൈക്കൽ കോളിൻസ് പേടകം നിയന്ത്രിച്ചുകൊണ്ട് ചന്ദ്രനു ചുറ്റും കറങ്ങി.

∙ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്‌ഥലത്തിന്റെ പേര്– പ്രശാന്തസമുദ്രം(Sea of tranquility)

∙ 1969–72 കാലത്തു 12 അമേരിക്കക്കാരാണു ചന്ദ്രനിലിറങ്ങിയത്. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ, ചാൾസ് കോൺറാഡ്, അലൻ ബീൻ, അലൻ ഷെപ്പേഡ്, എഡ്ഗാർ മിച്ചൽ, ഡേവിഡ് സ്‌കോട്ട്, ജയിംസ് ഇർവിൻ, ജോൺ യങ്, ചാൾസ് ഡ്യൂക്ക്, ഹാരിസൺ ഷ്‌മിറ്റ്, യൂജിൻ സർനാൻ എന്നിവരാണ് ചന്ദ്രനിലിറങ്ങിയവർ.

∙ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതു കെട്ടുകഥ ആയിരുന്നുവെന്നും ചന്ദ്രനിലെ ചിത്രങ്ങളെന്നു പറഞ്ഞു പുറത്തുവിട്ടത് നെവാദ മരുഭൂമിയിൽവച്ച് എടുത്തവയെന്നും സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. ആരോപണങ്ങളെല്ലാം തള്ളി, കൃത്യമായ ഉത്തരങ്ങളും ചന്ദ്രശിലകൾ അടക്കമുള്ള തെളിവുകളും നാസ പുറത്തുവിട്ടു.

∙ഭൂമിയുടെ കാൽഭാഗം വ്യാസമേയുള്ളൂ ചന്ദ്രന്. വ്യാപ്തം ഭൂമിയുടേതിന്റെ രണ്ടു ശതമാനം മാത്രം. അതായത് ഭൂമിക്കുള്ളിൽ 50 ചന്ദ്രൻമാർ കൊള്ളും.

∙ചന്ദ്രന്റെ മാസ് 7.342 X (10)22 കിലോഗ്രാം. ഭൂമിയുടെ മാസിന്റെ 1.2 %. ത്രാസിന്റെ ഒരു തട്ടിൽ ഭൂമി വച്ചാൽ അതിനു തുല്യമാകാൻ അപ്പുറത്ത് 81 ചന്ദ്രൻമാരെ വയ്ക്കണം.

∙ഭൂമിയിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന ഭാരത്തിന്റെ ആറിൽ ഒന്നു മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടൂ.

∙ചന്ദ്രനിലെ മൂലകങ്ങൾ: He, Ar, Ne, Na, K, H, Rn

∙ചന്ദ്രന്റെ ആരം(radius): 1737.1 കിലോമീറ്റർ.

∙ ചുറ്റളവ് (circumference): 10921 കിലോമീറ്റർ.

∙ഏഷ്യയുടെ വിസ്തീർണത്തെക്കാൾ കുറവാണ് ചന്ദ്രന്റെ മൊത്തം വിസ്തീർണം

∙ ചന്ദ്രനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് സെലനോളജി.

∙ ചന്ദ്രോപരിതലത്തിലെ മണ്ണ് റിഗോലിത്ത് എന്നാണറിയപ്പെടുന്നത്.

∙ കറുപ്പു നിറമാണു ചന്ദ്രനിലെ ആകാശത്തിന്. പകൽപോലും നക്ഷത്രങ്ങളെ കാണാം.

∙ ചന്ദ്രന്റെ ഗുരുത്വാകർഷണബലം കുറവായതിനാൽ അന്തരീക്ഷത്തെ പിടിച്ചുനിർത്താനുള്ള കഴിവില്ല. അന്തരീക്ഷമില്ലാത്തതുകൊണ്ടു പ്രകാശം വിസരണം ചെയ്യപ്പെടുന്നില്ല. അതിനാൽ ചന്ദ്രന്റെ ആകാശം കറുപ്പുനിറത്തിൽ കാണപ്പെടുന്നു.

∙ വായു മണ്ഡലം ഇല്ലാത്തതുകൊണ്ടു ഭൂമിയിലേതുപോലെ സംസാരിക്കുന്നതു കേൾക്കാൻ സാധിക്കില്ല. ഭൂമിയിൽ ഒരുവസ്തുവിന് അനുഭവപ്പെടുന്ന ഭാരത്തിന്റെ ആറിലൊന്നു മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടൂ.

∙ ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോൾ ചന്ദ്രൻ സാധാരണ ദൃശ്യമാവുന്നതിനെക്കാളും വലുപ്പത്തിലും തിളക്കത്തിലും കാണപ്പെടും. ഈ പൂർണചന്ദ്രനാണു സൂപ്പർ മൂൺ.

∙ ഒരുമാസത്തിനിടെ രണ്ടു പൂർണചന്ദ്രൻമാർ ഉണ്ടാകുന്നുവെങ്കിൽ അതിൽ രണ്ടാമത്തെ പൂർണചന്ദ്രനെ വിളിക്കുന്ന പേരാണു ബ്ലൂ മൂൺ.

∙ ‘വലുത്, തിളങ്ങുന്നത്, സുന്ദരം’– ആംസ്ട്രോങ് ചന്ദ്രനിൽ നിന്നു ഭൂമിയെ നോക്കി പറഞ്ഞത്.

∙ ലാറ്റിൻ ഭാഷയിൽ ചന്ദ്രൻ ലൂണ എന്നറിയപ്പെടുന്നു. അപ്പോളോ–11ൽ നിന്ന് ആംസ്ട്രോങ് ഈഗിൾ എന്ന വാഹനത്തിലാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്.

എഴുത്തിലെ ചന്ദ്രൻ

1835 ഓഗസ്റ്റിൽ ന്യൂയോർക്ക് സൺ പത്രത്തിൽ വന്ന പരമ്പര വായിച്ചവർ അമ്പരന്നു. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷലിന്റെ മകൻ ജോൺ ഹെർഷൽ ചന്ദ്രനിൽ ജീവികളെ കണ്ടെത്തിയെന്നായിരുന്നു അതിന്റെ ഉള്ളടക്കം. പത്രത്തിന്റെ പ്രചാരം അതോടെ കുതിച്ചുയർന്നു. ഹെർഷൽ ഇക്കാര്യം നിഷേധിച്ചതോടെ കള്ളക്കഥ പൊളിഞ്ഞു. 1950കളിൽ വിഖ്യാത സയൻസ് ഫിക്ഷൻ രചയിതാവായ ആർതർ സി.ക്ലാർക്കും ചാന്ദ്രകോളനികളെക്കുറിച്ചു പ്രവചിച്ചിരുന്നു.

ഭൗമേതര ജീവനും ഗോളാന്തര യാത്രകളുമൊക്കെ പ്രമേയമാക്കുന്ന ശാസ്ത്രകൽപിത കഥകളിൽ പലതിലും ചന്ദ്രൻ കടന്നുവരുന്നുണ്ട്. പ്രശസ്ത ജർമൻ ജ്യോതിശാസ്ത്രജ്ഞനായ കെപ്ലർ രചിച്ച ‘സോംനിയം’ എന്ന സയൻസ് ഫിക്‌ഷൻ നോവലിൽ ചന്ദ്രനിലെ സാങ്കൽപിക ജീവികൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ജോൺ വിൽകിൻസ് എഴുതിയ ‘എ ഡിസ്കോഴ്സ് കൺസേണിങ് എ ന്യൂ വേൾഡ് ആൻഡ് അനദർ പ്ലാനറ്റ്’ എന്ന പുസ്തകത്തിലും ചാന്ദ്രഗ്രാമങ്ങളെക്കുറിച്ചു പറയുന്നുണ്ട്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നതിനും ഏതാണ്ട് ഒരുനൂറ്റാണ്ടു മുൻപേ ജൂൾസ് വേൺ രചിച്ച ‘ഫ്രം എർത്ത് ടു ദ് മൂൺ’ എന്ന ശാസ്ത്രനോവലിൽ മനുഷ്യന്റെ ചന്ദ്രയാത്രയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു.

*ചന്ദ്രനെ കീഴടക്കിയവർ

∙യുഎസ്

∙റഷ്യ

∙ചൈന

∙ജപ്പാൻ

∙ഇന്ത്യ

∙ഇസ്രയേൽ

∙ദക്ഷിണ കൊറിയ

∙യൂറോപ്യൻ സ്പേസ് ഏജൻസി

(*ചന്ദ്രനിൽ ഇറങ്ങുകയോ ചന്ദ്രനെ ചുറ്റിക്കറങ്ങുകയോ ചെയ്ത ദൗത്യങ്ങൾ നടത്തിയ രാജ്യങ്ങളോ ബഹിരാകാശ ഏജൻസികളോ)

ചന്ദ്രനിൽ ഇറങ്ങിയവർ

1. നീൽ ആംസ്ട്രോങ്

2. എഡ്വിൻ ആൽഡ്രിൻ

3. ചാൾസ് കോൺറാഡ്

4. അലൻ ബീൻ

5. അലൻ ഷെപ്പേഡ്

6. എഡ്ഗാർ മിച്ചൽ

7. ഡേവിഡ് സ്കോട്ട്

8. ജയിംസ് ഇർവിൻ

9. ജോൺ യങ്

10. ചാൾസ് ഡ്യൂക്ക്

11. ഹാരിസൺ ഷ്മിറ്റ്

12. യൂജിൻ സർനാൻ

ചന്ദ്രനിൽ ‘അവസാനം നടന്നയാൾ’

1972 ഡിസംബർ 14: അപ്പോളോ 17 ദൗത്യസംഘത്തിലൊരുവനായി യുജീൻ സെർനൻ ചന്ദ്രനിൽ കാലുകുത്തി. ആവേശം അലതല്ലുന്ന ഹൃദയവുമായി അദ്ദേഹം ചന്ദ്രനിലെ പൂഴിമണ്ണിൽ എഴുതിയത് മകളുടെ പേര്. 1972ലെ അപ്പോളോ 17 ദൗത്യത്തി‍ന്റെ കമാൻഡറായി ചന്ദ്രനിലേക്കു യാത്ര തിരിക്കുമ്പോൾ 38 വയസ്സായിരുന്നു സെർനനു പ്രായം. സഹയാത്രികൻ ഹാരിസൺ ഷ്മിറ്റിനൊപ്പം മൂന്നുദിവസം ചന്ദ്രനിൽ കഴിഞ്ഞു പഠനഗവേഷണങ്ങളിൽ മുഴുകി. യുജീൻ സെർനൻ എന്ന പേര് പിന്നെ വാർത്തകളിൽ ഇടം നേടിയത് ചന്ദ്രനിൽ ഇറങ്ങിയ അവസാനത്തെ മനുഷ്യൻ എന്ന പേരിലാണ്. ഇനിയൊരാൾ കൂടി ചന്ദ്രനിൽ കാലുകുത്തുന്നതു കണ്ടിട്ടു മരിക്കണമെന്ന അദ്ദേഹത്തിന്റെ മോഹം പക്ഷെ നടന്നില്ല. അവസാനത്തെ ചാന്ദ്രയാത്രികനെന്ന പദവിയിലിരുന്നു മടുത്തെന്ന് ബഹിരാകാശ ഗവേഷണത്തിലെ പുതുതലമുറയോട് അദ്ദേഹം മനസ്സു തുറക്കുമായിരുന്നു. ചന്ദ്രനിലേക്കു ദൗത്യപദ്ധതികൾക്കായി യുഎസ് ഭരണകൂടത്തിനോടും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ബഹിരാകാശ യാത്രികരെ അയയ്ക്കാനുള്ള കോൺസ്റ്റലേഷൻ പദ്ധതി നിർത്തലാക്കിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നടപടിയെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. 2017 ജനുവരി 16 ന് യൂജിൻ നിര്യാതനായി. ചന്ദ്രനിൽ മറ്റൊരു മനുഷ്യന്റെ കാൽപ്പാട് പതിയുന്നത് കാണാതെ.

English Summary: 52 Years Of Moon Landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com