ADVERTISEMENT

1972-ാം ആണ്ടിൽ അടച്ചുവച്ച ചന്ദ്രയാത്ര എന്ന പുസ്തകം വീണ്ടും പൊടിതട്ടി തുറക്കാനൊരുങ്ങുകയാണ് നാസ. കോവിഡ് അതിരൂക്ഷമായി പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ 2024 സെപ്റ്റംബർ 24ന് വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്ക്കാനാണു നാസയുടെ പദ്ധതിയായ ആർട്ടിമിസ് ലക്ഷ്യമിടുന്നത്. ഇത്തവണ നമുക്കും അഭിമാനിക്കാനേറെയുണ്ട്. കാരണം, പോകുന്നവരിൽ ഒരാൾ ഇന്ത്യൻ വംശജനാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.  

യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഈ വ്യക്തി. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്.

 

മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു ഏയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാജ യുഎസ് വ്യോമസേനയുടെ 461–ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്‌മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ മുൻനിര സൈനികനാണു ചാരി.

 

ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. മനുഷ്യരെ വഹിക്കാത്ത ആദ്യഘട്ടം വരുന്ന നവംബറിൽ നടത്താനാണ് നാസയുടെ ഉദ്ദേശ്യം.

1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലാണ് നീൽ ആംസ്‌ട്രോങ് ചന്ദ്രന്റെ മധ്യമേഖലയിലെ കുന്നും കുഴിയും നിറഞ്ഞ 'പ്രശാന്തിയുടെ കടൽ' എന്ന പ്രദേശത്തെത്തിയത്. തുടർന്ന് എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി. പിന്നീട് 20 പേർ കൂടി വിവിധ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു. ബജറ്റ് അപര്യാപ്തതകൾ മൂലം തുടർന്ന് ചന്ദ്രയാത്രകൾ നടന്നിരുന്നില്ല. 

 

nasa-sls-rocket

ചന്ദ്രനിലെ മനുഷ്യസ്പർശം വീണ്ടും തുടങ്ങാനായാണ് ആർട്ടിമിസ് എത്തുന്നത്. ഒരു ചാന്ദ്രയാത്രാ പദ്ധതി എന്നതിനപ്പുറം മറ്റുള്ള ഗ്രഹങ്ങളിലേക്കുള്ള യാത്രകളും ദൗത്യത്തിന്റെ ഭാവി അജണ്ടയിലുണ്ട്. ഗ്രീക്ക് ഇതിഹാസപ്രകാരം അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയാണ് ആർട്ടിമിസ്. ഇതുകൊണ്ടു തന്നെയാണു ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന് നാസ പേരിട്ടതും. ചന്ദ്രനിലെത്തുന്ന ആദ്യത്തെ സ്ത്രീയും ഈ ദൗത്യത്തിലുണ്ടാകുമെന്നതാണു പ്രധാന സവിശേഷത. ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം... 'വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്' ഇങ്ങനെയാണ്. ചന്ദ്രൻ കഴിഞ്ഞു ചൊവ്വയാണു നാസ ലക്ഷ്യമിടുന്നതെന്നു വ്യക്തം.

 

ആദ്യം പോയ പ്രശാന്തിയുടെ കടലിലല്ല, മറിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്റെ പദ്ധതി. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ 'ചന്ദ്രയാൻ- 2' ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. 

 

ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. തുടർന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികർ എത്തുന്നത്. ഇവർ വരുന്ന ഓറിയോൺ എന്ന പേടകം ഈ ഗേറ്റ് വേയിൽ ഡോക്ക് ചെയ്യും. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഇതിനു പറ്റും. കൂടുതൽ സുരക്ഷിതമായ യാത്ര ഇതു വാഗ്ദാനം ചെയ്യുന്നു.

 

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ ഫൈവ് ആണെങ്കിൽ ആർട്ടിമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നത് ഇതിന്‌റെ പിൻഗാമിയായ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റാണ്. ഏകദേശം 50000 കോടി രൂപയിൽ നിർമിച്ച ഈ റോക്കറ്റിന്റെ നീളം 365 അടിയും ഭാരം ഒരു ലക്ഷം കിലോയുമാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ഇതിന് ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുള്ള എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ കഴിയും. 2018 സെപ്റ്റംബർ അവസാനം എസ്എൽഎസ് മെഗാറോക്കറ്റ് വിക്ഷേപണത്തറയിൽ ഒരുങ്ങിനിൽക്കുന്നതിന്റെ പ്രദർശനം നാസ നടത്തിയിരുന്നു. ആർട്ടിമിസ് ദൗത്യം വളരെ ഗൗരവപൂർണമായാണു തങ്ങൾ കാണുന്നതെന്നുള്ള സന്ദേശമാണ് ഇതു നൽകിയത്. ഏതായാലും നമുക്ക് മൂന്നു വർഷം കാത്തിരിക്കാം. ചന്ദ്രനിൽ മനുഷ്യർ വീണ്ടുമെത്തുന്നതിനു സാക്ഷിയാകാൻ.

 

English Summary: Who is Raja Chari? The Only Indian-American Among 11 Chosen For NASA’s Mission to Moon and Beyond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com