ADVERTISEMENT

ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീയെ ചന്ദ്രനിൽ ഇറക്കാനുളള അമേരിക്കയുടെ ദൗത്യത്തിനു വേണ്ട പേടകം നിർമിച്ചു നൽകാൻ കരാർ നൽകിയിരിക്കുന്നത് ഇലോൺ മസ്കിന്റെ സ്പേസ്എക്സിനാണ്. ഈ കരാർ ബ്ലൂ ഒറിജിന് നൽകുകയാണെങ്കിൽ 200 കോടി ഡോളർ (ഏകദേശം 14,888 കോടി രൂപ) ഇളവ് നൽകാമെന്നാണ് കമ്പനി മേധാവി ജെഫ് ബെസോസ് നാസയെ അറിയിച്ചിരിക്കുന്നത്. പേടകം നിര്‍മിക്കാനുള്ള കരാര്‍ 290 കോടി ഡോളറിനാണ് നാസയിൽ നിന്ന് സ്പേസ്എക്സ് സ്വന്തമാക്കിയത്.

 

വീണ്ടും മനുഷ്യരെ ചന്ദ്രനില്‍ ഇറക്കാനുള്ള പദ്ധതി 2024ല്‍ നടപ്പാക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പേടകം നിര്‍മിച്ചു നല്‍കുന്ന കാര്യത്തില്‍ ലോകത്തെ ഒന്നും രണ്ടും കോടീശ്വരൻമാരായ മസ്‌കും ആമസോണ്‍ മേധാവി ജെഫ് ബെസോസുമായി കടുത്ത മത്സരത്തിലായിരുന്നു. ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിനിനെയും പ്രതിരോധ കോണ്‍ട്രാക്ടറായ ഡൈനറ്റിക്‌സിനെയും മറികടന്നാണ് പേടകം നിർമിക്കാനുള്ള കരാർ സ്‌പേസ്എക്സ് സ്വന്തമാക്കിയത്.

 

സ്‌പേസ്എക്‌സ് തനിച്ചാണ് ഈ ഉദ്യമത്തില്‍ പങ്കാളിയാകാന്‍ ശ്രമിച്ചതെങ്കില്‍ ബെസോസിന്റെ ബ്ലൂ ഒറിജിൻ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍, നോര്‍ത്രോപ് ഗ്രുമന്‍ കോര്‍, ഡ്രേപ്പര്‍ തുടങ്ങിയവരുമായി ഒന്നിച്ചാണ് നാസയ്‌ക്കൊപ്പം ചേരാന്‍ ശ്രമിച്ചത്. ലെയ്‌ഡോസ് ഹോള്‍ഡിങ്‌സിന്റെ ഒരു ഭാഗമാണ് ഡൈനറ്റിക്‌സ്. തന്റെ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള നാസയുടെ തീരുമാനം വന്നശേഷം ‘നാസയാണ് അധിപന്‍’ എന്നാണ് മസ്ക് ട്വിറ്ററിൽ കുറിച്ചിരുന്നത്.

 

എന്നാൽ, സ്പേസ്എക്സിന് കരാർ നൽകിയതിൽ ഒത്തുകളി നടന്നതായി ജെഫ് ബെസോസ് അന്നുതന്നെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാസയ്ക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് ബെസോസ് രംഗത്തെത്തിയിരിക്കുന്നത്. ബെസോസിന്റെ പരാതിയിൻമേൽ ഓഗസ്റ്റിൽ സർക്കാർ അക്കൗണ്ടബിലിറ്റി ഓഫിസ് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

 

ചന്ദ്രനിലേക്ക് മനുഷ്യരെയും വഹിച്ചു പോകുന്ന ആദ്യ വാണിജ്യ പേടകമാണിത്. നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരിക്കും രണ്ട് അമേരിക്കക്കാരെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക. അടുത്ത ലാന്‍ഡിങ് എത്രയും വേഗം നടത്തണമെന്നാണ് നാസയുടെ ആക്ടിങ് അഡ്മിനിസ്‌ട്രേറ്ററായ സ്റ്റീവ് ജെ പറഞ്ഞത്. നാസയക്കായി സ്‌പേസ്എക്‌സ് നിര്‍മിക്കാന്‍ പോകുന്ന സ്റ്റാര്‍ഷിപ്പില്‍ ഒരു വലിയ ക്യാബിനും മൂണ്‍വാക്കിനായി രണ്ട് എയര്‍ലോക്‌സുമായിരിക്കും ഉണ്ടായിരിക്കുക. പൂര്‍ണമായും വീണ്ടും ഉപയോഗിക്കാവുന്ന ലാന്‍ഡര്‍ ആയിരിക്കും ഇത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അടക്കം മറ്റ് ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഇത് ഉപയോഗിക്കും.

 

English Summary: Bezos offers Nasa $2bn in exchange for moon mission contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com