ADVERTISEMENT

ശാസ്ത്രത്തിലെ അത്യപൂർവ അവസ്ഥകളിലൊന്ന് ഇസ്രയേലിലെ അഷ്ദോദ് നഗരത്തിലെ അസ്യൂറ്റ മെഡിക്കൽ സെന്റർ ആശുപത്രിയിൽ സംഭവിച്ചു. ഉദരത്തിൽ ഭ്രൂണവുമായി ഒരു പെൺകുട്ടി ഇവിടെ ജനിച്ചു. ലോകത്തിൽ അഞ്ച് ലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന ഫീറ്റസ് ഇൻ ഫീറ്റു എന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ അറിയിച്ചു.

ഗർഭധാരണത്തിനിടെ അമ്മയിൽ നടത്തിയ സ്കാനിങ്ങിൽ ശിശുവിന്റെ വയർ ക്രമാതീതമായി വലുതായിരിക്കുന്നത് നേരത്തെ തന്നെ ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ എന്താണു കാര്യമെന്നു മനസ്സിലാക്കാൻ അന്നു കഴിഞ്ഞിരുന്നില്ല. പ്രസവശേഷം ഡോക്ടർമാർ ശിശുവിൽ വിശദമായ പരിശോധനയും അൾട്ര സൗണ്ട് സ്കാനിങ്ങും നടത്തിയപ്പോഴാണ് വയറ്റിൽ ഭ്രൂണമുണ്ടെന്നു മനസ്സിലാക്കിയത്.

തുടർന്ന് അടിയന്തിരമായി ശിശുവിനെ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിക്കുകയും മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷംഭ്രൂണം പുറത്തെടുക്കുകയും ചെയ്തു. ഭ്രൂണം അർധ വികസിത അവസ്ഥയിലായിരുന്നെന്നു ഡോക്ടർമാർ പറയുന്നു. ചില എല്ലുകളും ഹൃദയവും ഭാഗികമായി ഭ്രൂണത്തിൽ ഉടലെടുത്തിരുന്നു.ശസ്ത്രക്രിയയ്ക്കു ശേഷം ശിശുവിനെയും അമ്മയെയും ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.

എന്തു കൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നതിനെക്കുറിച്ച് നിരവധി വാദങ്ങളും സിദ്ധാന്തങ്ങളും വൈദ്യശാസ്ത്രത്തിലുണ്ട്. ഇരട്ടക്കുട്ടികളായി ഉടലെടുക്കുന്ന ഭ്രൂണങ്ങളിൽ ഒന്നിനെ മറ്റൊന്ന് ആഗിരണം ചെയ്യുന്നതാണ് ഇതിനു കാരണമെന്ന സിദ്ധാന്തമാണ് ഇതിൽ ഏറ്റവും പ്രബലം. ആഗിരണം ചെയ്യുന്ന ഭ്രൂണത്തിൽ ദ്വാരങ്ങളുണ്ടാകും. ഇതിലൂടെയാണ് മറ്റേ ഭ്രൂണം പ്രവേശിക്കുക. തുടർന്ന് ഇതു ഇതിനുള്ളിൽ ഭാഗികമായി വികസിക്കുമെങ്കിലും പൂർണ വളർച്ച പ്രാപിക്കില്ല. തലച്ചോർ വികസിക്കുകയുമില്ല. പ്രസവത്തിനു മുൻപായി ആഗിരണം ചെയ്യപ്പെട്ട ഭ്രൂണം മരിക്കുകയും ചെയ്യും.

2018ൽ സമാനമായ ഒരു സംഭവം ഇന്ത്യയിലുണ്ടായിരുന്നു. അഹമ്മദാബാദിലെ അസർവ സിവിൽ ഹോസ്പിറ്റലിൽ ജനിച്ച പ്രിൻസ എന്ന കുട്ടിയിലും ഇതുപോലെ ഭ്രൂണം കണ്ടെത്തി. എന്നാൽ ഇസ്രയേലിലേതിനെ അപേക്ഷിച്ച് സങ്കീർണമായിരുന്നു ഇത്. എങ്കിലും ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഭ്രൂണത്തെ പുറത്തെടുക്കുകയും കുട്ടി സുഖം പ്രാപിക്കുകയും ചെയ്തു.

 

English Summary: One in half a million: Girl born in Israel with twin inside her stomach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com